സര്‍ക്കാരിനെതിരെ പ്രതിഷേധിക്കാനെത്തിയ യൂത്ത് കോണ്‍ഗ്രസും യുവമോര്‍ച്ചയും തമ്മിലടിച്ചു; സെക്രട്ടറിയേറ്റിനു മുന്നില്‍ സംഘര്‍ഷം

സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തില്‍ സമരം ചെയ്യാനെത്തിയ യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ തമ്മില്‍ പൊരിഞ്ഞ അടി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കൂക്കി വിളിച്ചതോടെയാണ് സംഘര്‍ഷങ്ങള്‍ക്ക് തുടക്കം.

സര്‍ക്കാരിനെതിരെ പ്രതിഷേധിക്കാനെത്തിയ യൂത്ത് കോണ്‍ഗ്രസും യുവമോര്‍ച്ചയും തമ്മിലടിച്ചു; സെക്രട്ടറിയേറ്റിനു മുന്നില്‍ സംഘര്‍ഷം

ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്ന ഇടതു സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തില്‍ സമരം ചെയ്യാനെത്തിയ യുമോര്‍ച്ച,യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ സംഘര്‍ഷം. ഇന്നു രാവിലെയെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിക്കുകയും കൂക്കി വിളിക്കുകയുമായിരുന്നു. ഇതെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്.

സെക്രട്ടറിയേറ്റിലെ സമരഗേറ്റ് കേന്ദ്രീകരിച്ച് സമരം നടത്താന്‍ ഇരു സംഘടനകളും ഇന്നലെ രാത്രിയോടെ സെക്രട്ടറിയേറ്റിനു മുന്നില്‍ എത്തിതുടങ്ങിയിരുന്നു. സംഘര്‍ഷം ഉണ്ടാകാതിരിക്കാന്‍ പൊലീസ് ഇവരെ രണ്ട് ഭാഗത്തേയ്ക്ക് ബാരിക്കേഡ് വെച്ച് തിരിച്ചിരുന്നു.

പ്രവര്‍ത്തകര്‍ തമ്മില്‍ പരസ്പരം കുപ്പിയും വടികളും വലിച്ചെറിഞ്ഞു. ഇരു വിഭാഗങ്ങളും പരസ്പരം കല്ലെറിഞ്ഞു. നേതാക്കള്‍ ഇടപെട്ട് ഇരു വിഭാഗം പ്രവര്‍ത്തകരേയും സമാധാനിപ്പിച്ചിരുന്നെങ്കിലും ഇരുവരും വീണ്ടും സംഘര്‍ഷത്തിലേക്ക് പോകുകയായിരുന്നു. സംഘടനകളുടെ ഫ്‌ളക്‌സുകളും പരസ്പരം നശിപ്പിച്ചിട്ടുണ്ട്.

സംഘര്‍ഷത്തെതുടര്‍ന്ന് സെക്രട്ടറിയേറ്റിനു മുന്നിലെ ഗതാഗതം തടസ്സപ്പെട്ടിരുന്നു. രണ്ട് സംഘടനകളുടേയും റാലികളും മാര്‍ച്ചും ഇവിടെ നടക്കുന്നതിനാല്‍ കനത്ത ജാഗ്രതയിലാണ് പൊലീസ്.ഇന്നലെ വൈകിട്ട് ആറു മുതലാണ് യൂത്ത് കോണ്‍ഗ്രസിന്റേയും യുവമോര്‍ച്ചയുടേയും സെക്രട്ടറിയേറ്റ് വളഞ്ഞുള്ള രാപ്പകല്‍ സമരം ആരംഭിച്ചത്.