കുമ്മനം പോസ്റ്റ് ചെയ്ത വീഡിയോ വ്യാജമെന്ന് കണ്ണൂര്‍ എസ് പിയും; പൊലീസ് അന്വേഷണം നടത്തും

പയ്യന്നൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതിന്റെ ഭാഗമായി സിപിഐഎം പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനം നടത്തുന്നുവെന്ന് പറഞ്ഞ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നവമാദ്ധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വീഡിയോ വ്യാജമെന്ന് പൊലീസും. വീഡിയോ ദൃശ്യങ്ങള്‍ നിയമവിരുദ്ധമാണെന്നും ആവശ്യമെങ്കില്‍ കേസെടുക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

കുമ്മനം പോസ്റ്റ് ചെയ്ത വീഡിയോ വ്യാജമെന്ന് കണ്ണൂര്‍ എസ് പിയും; പൊലീസ് അന്വേഷണം നടത്തും

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ സമൂഹമാദ്ധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വീഡിയോ ആര്‍എസ്എസ് നേതാവ് ബിജു കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് സിപിഐഎം നടത്തിയ ആഹ്ലാദപ്രകടനത്തിന്റെയല്ലെന്ന് കണ്ണൂര്‍ എസ് പി ശിവ വിക്രം. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പ്രചരിപ്പിച്ച ആഹ്ലാദപ്രകടനം കണ്ണൂര്‍ ജില്ലയില്‍ നടന്നതായി അറിവില്ലെന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞു. ദൃശ്യം പ്രചരിപ്പിച്ച സാഹചര്യത്തില്‍ കൂടുതല്‍ അന്വേഷിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ആര്‍എസ്എസ് നേതാവ് ബിജുവിന്റെ കൊലപാതകത്തില്‍ സിപിഐഎം പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനം നടത്തുന്നുവെന്ന പേരിലാണ് നവമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. പാപ്പിനിശ്ശേരി പ്രദേശത്ത് ഇതുപോലുള്ള പ്രകടനങ്ങള്‍ നടന്നിട്ടില്ലെന്ന് ഡിവൈഎസ്പി സദാനന്ദനും പറഞ്ഞു.

കുമ്മനം രാജശേഖരന്‍ പോസ്റ്റ് ചെയ്ത കുറിപ്പും വീഡിയോയും നിയമവിരുദ്ധമാണെന്നും ആവശ്യമെങ്കില്‍ കേസെടുക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. നേരത്തെ സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനും കുമ്മനത്തിന്റെ പോസ്റ്റിനെതിരെ രംഗത്തെത്തിയിരുന്നു.

Read More >>