അട്ടപ്പാടിയിലെ ഈ വര്‍ഷത്തെ ഏഴാം ശിശുമരണം; ജീവന്‍ നഷ്ടപ്പെട്ടത് വള്ളി-ശിവദാസ് ദമ്പതികളുടെ കുഞ്ഞിന്

ഇതോടെ ഈ വര്‍ഷം അട്ടപ്പാടിയിലെ ശിശുമരണങ്ങളുടെ എണ്ണം ഏഴായി. കഴിഞ്ഞ മാസം നാലു കുഞ്ഞുങ്ങള്‍ അട്ടപ്പാടിയില്‍ മരിച്ചിരുന്നു...

അട്ടപ്പാടിയിലെ ഈ വര്‍ഷത്തെ ഏഴാം ശിശുമരണം; ജീവന്‍ നഷ്ടപ്പെട്ടത് വള്ളി-ശിവദാസ് ദമ്പതികളുടെ കുഞ്ഞിന്

അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം. പാലൂര്‍ കോളപ്പാടി ഊരിലെ വള്ളി-ശിവദാസ് ദമ്പതികളുടെ പെണ്‍കുഞ്ഞാണ് മരിച്ചത്. ജൂണ്‍ ആറിനു ജനിച്ച കുഞ്ഞ് പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ വൈകീട്ട് എട്ടരയോടെയാണ് മരിച്ചത്. 1.300 മാത്രം തൂക്കമുണ്ടായിരുന്ന കുഞ്ഞിന് ഹൃദയസംബന്ധമായ അസുഖമാണ് മരണകാരണം.

വള്ളിയുടെ മൂന്നാമത്തെ പ്രസവത്തിലെ കുഞ്ഞാണ് മരിച്ചത്. മുമ്പ് ഒരു പ്രാവശ്യം വള്ളിയുടെ ഗര്‍ഭം അലസുകയും മറ്റൊരുതവണ ഒരു കുഞ്ഞിനെ മരിച്ച അവസ്ഥയില്‍ പ്രസവിക്കുകയും ചെയ്തിരുന്നു. ഈ ദമ്പതികള്‍ക്കു നിലവില്‍ ഒരു കുഞ്ഞുണ്ട്.

എപ്പോഴെങ്കിലും കുഞ്ഞ് മരിക്കുകയോ അബോര്‍ഷനാവുകയോ ചെയ്യുന്നവര്‍ക്ക് സാധാരണ ഗര്‍ഭിണികളില്‍ നിന്ന് വ്യത്യസ്തമായി പ്രത്യേക പരിഗണന നല്‍കണമെന്നുണ്ട്. എന്നാല്‍ ഇവര്‍ക്ക് ഇത്തരത്തിലുള്ള ഒരു പരിഗണനയും ലഭിച്ചിരുന്നില്ല.

ഇതോടെ ഈ വര്‍ഷം അട്ടപ്പാടിയിലെ ശിശുമരണങ്ങളുടെ എണ്ണം ഏഴായി. കഴിഞ്ഞ മാസം നാലു കുഞ്ഞുങ്ങള്‍ അട്ടപ്പാടിയില്‍ മരിച്ചിരുന്നു. കഴിഞ്ഞ മാസങ്ങളിലെല്ലാം തുടര്‍ച്ചയായി ശിശുമരണങ്ങള്‍ അട്ടപ്പാടിയില്‍ നടന്നിരുന്നു.

മരിച്ച ഭൂരിഭാഗം കുഞ്ഞുങ്ങളുടേയും തൂക്കം രണ്ട് കിലോവില്‍ താഴെയാണ്. തൂക്കകുറവ് മൂലമുള്ള ആന്തരിക വൈകല്യങ്ങളാണ് മരണത്തിന് കാരണമാകുന്നത്. എന്നാല്‍ മരണത്തിന് കാരണമാകുന്നത് പാല്‍ തൊണ്ടയില്‍ കുടുങ്ങിയെന്നത് ഉള്‍പ്പടെ മറ്റു കാരണങ്ങളാണ് ആരോഗ്യവകുപ്പ് കണ്ടെത്തുന്നത്.