ലിം​ഗച്ഛേദം; സ്വാമിക്കെതിരെ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു

പെൺകുട്ടിയുടെ മാനസിക സമ്മർദ്ദം അതീജീവിക്കാൻ കഴിയുംവിധമുള്ള ആശ്വാസനടപടികൾ കൈക്കൊള്ളുമെന്നും ആവശ്യമെങ്കിൽ നിയമസഹായം ലഭ്യമാക്കുമെന്നും വനിതാ കമ്മീഷൻ വാർത്താക്കുറിപ്പിൽ അറിയിച്ചു.

ലിം​ഗച്ഛേദം; സ്വാമിക്കെതിരെ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു

തിരുവനന്തപുരത്ത് പീ‍ഡിപ്പിക്കാൻ ശ്രമിച്ച സ്വാമിയുടെ ജനനേന്ദ്രിയം യുവതി മുറിച്ച സംഭവത്തിൽ സ്വാമിക്കെതിരെ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. പെൺകുട്ടിയുടെ മാനസിക സമ്മർദ്ദം അതീജീവിക്കാൻ കഴിയുംവിധമുള്ള ആശ്വാസനടപടികൾ കൈക്കൊള്ളുമെന്നും ആവശ്യമെങ്കിൽ നിയമസഹായം ലഭ്യമാക്കുമെന്നും വനിതാ കമ്മീഷൻ വാർത്താക്കുറിപ്പിൽ അറിയിച്ചു.

പൊലീസിന്റെ ഭാഗത്തുനിന്ന് ഏതെങ്കിലും തരത്തിലുള്ള വീഴ്ചയും സംഭവത്തിൽ ഉണ്ടായിട്ടില്ല എങ്കിലും പ്രധാനപ്പെട്ട വിഷയം എന്ന നിലയിലാണ് വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തിരിക്കുന്നത്.

കൊല്ലം പന്മന ആശ്രമത്തിലെ ഹരിസ്വാമി എന്ന ഗംഗേശാനന്ദ തീര്‍ത്ഥപാദത്തിന്റെ ജനനേന്ദ്രീയമാണ് 23കാരിയും നിയമവിദ്യാർഥിനിയുമായ തിരുവനന്തപുരം പേട്ട സ്വദേശിനി മുറിച്ചുമാറ്റിയത്. താൻ പ്ലസ് ടുവിനു പഠിക്കുമ്പോള്‍ മുതല്‍ ഇയാള്‍ തന്നെ ഉപദ്രവിക്കുന്നുണ്ടെന്ന് യുവതി പൊലീസിനു മൊഴി നല്‍കിയിരുന്നു.

ഇന്നലെ രാത്രിയാണ് സംഭവം. രാത്രി ഇയാൾ വീട്ടിലെത്തുമെന്നറിഞ്ഞ യുവതി തന്നെ ഉപദ്രവിച്ചാല്‍ നേരിടാന്‍ കത്തി കൈയില്‍ കരുതിയിരുന്നതായും പിന്നീട് ഇയാള്‍ ഉപദ്രവിക്കാനെത്തിയപ്പോള്‍ കത്തി ഉപയോഗിച്ച് ജനനേന്ദ്രിയം ഛേദിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ‌തുടർന്ന് യുവതി പേട്ട പൊലീസ് സ്റ്റേഷനിലെത്തി കാര്യങ്ങൾ ധരിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ യുവതിയുടെ വീട്ടുകാര്‍ തന്നെയാണ് മെഡിക്കൽ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്.

ഹരിസ്വാമിയെന്നറിയപ്പെടുന്ന ശ്രീഹരിക്കെതിരെ പോക്സോ നിയമപ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്. ഇയാൾ പൊലീസ് നിരീക്ഷണത്തിലാണ് ആശുപത്രിയില്‍ കഴിയുന്നത്.