ജാതീയത ആരാധനകളിലൂടെയും ഊട്ടിയുറപ്പിച്ചു: പിണറായി

ജാതിക്കെതിരെ കേരളത്തിലുയർന്ന പോരാട്ടങ്ങളേയും നേതാക്കളെയും പേരെടുത്തു പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍

ജാതീയത ആരാധനകളിലൂടെയും ഊട്ടിയുറപ്പിച്ചു: പിണറായി

കീഴാള രാഷ്ട്രീയ മുന്നേറ്റമാണ് ക്ഷേത്ര പ്രവേശനത്തിലേയ്ക്ക് നയിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ 82-ാം വാര്‍ഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. കേരളത്തിലെ എല്ലാ വിഭാഗം ജനതയുടേയും ജീവിതത്തെ ജനാധഇപത്യവല്‍ക്കരിച്ച മുന്നേറ്റമാണ് നവോത്ഥാനം. പിന്നീടത് തൊഴിലാളി വര്‍ഗ്ഗ പ്രസ്ഥാനങ്ങളിലൂടെ ജന്മിത്വത്തിനും നാടുവാഴിത്തത്തിനും എതിരായ പോരാട്ടമായി.

ജന്മിത്തത്തെ തകര്‍ത്ത് ജനാധിപത്യപരമായി ഇന്നത്തെ കേരളം രൂപപ്പെട്ടു. അപ്പോള്‍ വലിയ തോതില്‍ മാഞ്ഞു പോയത് ജാതീയമായ ചിന്തകളും വേര്‍തിരിവുകളുമാണ്. ജാതി അസമത്തങ്ങളെ ഇല്ലാതാക്കിയ പുരോഗമനപരമായ മുന്നേറ്റമാണ് ഇന്ന് ഇല്ലാതാക്കാന്‍ നോക്കുന്നത്. നവോത്ഥാന മുന്നേറ്റങ്ങള്‍ക്കെതിരെ യാഥാസ്ഥിതികർ എക്കാലവും കലാപക്കൊടി ഉയര്‍ത്തി.

ക്ഷേത്രങ്ങളില്‍ ബ്രാഹ്മണര്‍ക്കും പരികര്‍മ്മികള്‍ക്കും നാടുവാഴികള്‍ക്കും മാത്രമായിരുന്നു പ്രവേശനം. മറ്റുള്ളവര്‍ കാവുകളിലാണ് പൂജിച്ചിരുന്നത്. ഇങ്ങനെ ജാതീയത ആരാധനകളിലൂടെയും ഊട്ടിയുറപ്പിക്കുകയായിരുന്നു. കീഴാള ജനവിഭാഗങ്ങളില്‍ നിന്ന് സാമൂഹ്യ പരിഷ്‌ക്കരണത്തിന്റേതായ സമര്‍ദ്ദങ്ങള്‍ പലരീതിയില്‍ ഉയര്‍ന്നു വരാന്‍ തുടങ്ങി.

സാമൂഹ്യ പരിഷക്കരണ പ്രസ്ഥാനങ്ങള്‍ ജാതീയതയ്ക്ക് എതിരായ പോരാട്ടം നടത്തി. സാമൂഹ്യ മുന്നേറ്റങ്ങളെ എതിര്‍ക്കാന്‍ ശ്രമിക്കുന്നവരുടെ സ്ഥാനം ചവറ്റുകുട്ടയിലാണ്. ഭാവി തലമുറ കുറ്റക്കാരല്ലെന്ന് നമ്മെ വിധക്കണമെങ്കില്‍ സാമൂഹിക മുന്നേറ്റത്തിനൊപ്പം നില്‍ക്കണം- മുഖ്യമന്ത്രി പറഞ്ഞു.മന്ത്രിമാരായ മാത്യു ടി. തോമസ്, എ.കെ ശശീന്ദ്രന്‍, എ.കെ ബാലന്‍, ഇ. ചന്ദ്രശേഖരന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, കടകംപള്ളി രാമചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


Read More >>