കേരളത്തിലും ജാതിമതില്‍: അംബേദ്‌കർ ദിനത്തില്‍ ദളിതര്‍ പൊളിച്ചെറിഞ്ഞു

ദളിതര്‍ കയറി അശുദ്ധമാകാതിരിക്കാന്‍ കോലഞ്ചേരി ചൂണ്ടിയിലാണ് ഹൈന്ദവ ക്ഷേത്രക്കമ്മറ്റി മതില്‍ നിര്‍മ്മിച്ചതെന്ന് ദളിതര്‍ പറയുന്നു. അംബേദ്‌കര്‍ ദിനത്തില്‍ മതില്‍ പൊളിച്ചെറിഞ്ഞ് ദളിതര്‍ സ്വാതന്ത്ര്യപ്രഖ്യാപനം നടത്തി. സി.എസ് മുരളിയുടെ പ്രസംഗത്തിലെ ആഹ്വാനമാണ് മതില്‍ പൊളിക്കലിലെത്തിയത്.

കേരളത്തിലും ജാതിമതില്‍: അംബേദ്‌കർ ദിനത്തില്‍ ദളിതര്‍ പൊളിച്ചെറിഞ്ഞു

കോലഞ്ചേരി ചൂണ്ടി ഭജനമഠത്തിനു സമീപത്തെ എല്ലാ ജനവിഭാഗങ്ങളും ഉപയോഗിച്ചിരുന്ന മൈതാനം ദളിതര്‍ കയറി അശുദ്ധമാക്കാതിരിക്കാന്‍ നിര്‍മ്മിച്ച ജാതി മതില്‍ ദളിത് സമരമുന്നണി പൊളിച്ചു നീക്കി. കേരളത്തില്‍ ജാതിമതില്‍ പണിതതു ഹൈന്ദവക്ഷേത്രക്കമ്മറ്റിയാണെന്നു സമരമുന്നണിയിലെ ഐ. ശശിധരന്‍ നാരദയോട് പറഞ്ഞു. എസ്എന്‍ഡിപിയടക്കം മതിലിനെതിരെ ദളിതര്‍ക്കൊപ്പം സമരത്തിലുണ്ട്.

റവന്യു പുറമ്പോക്കിലാണ് ക്ഷേത്ര ഭാരവാഹികള്‍ മതില്‍ കെട്ടിയത്. മതില്‍ വന്നതോടെ സമീപത്തെ കോളനികളിലെ ജനങ്ങളുടെ സഞ്ചാരം നിഷേധിക്കപ്പെട്ടു. മാര്‍ച്ച് 9 നായിരുന്നു ഒരേക്കറോളം വരുന്ന ഭൂമി ചുറ്റുമതിലുകള്‍ പണിതുയര്‍ത്തിയത്. തുടര്‍ന്ന് ഇതിനെതിരെ ശക്തമായ പ്രതിഷേധം അറിയിച്ചെങ്കിലും സര്‍ക്കാര്‍ അധികൃതര്‍ ഭരണസമിതിക്കൊപ്പമായിരുന്നു. തുടര്‍ന്നാണ് ദളിതര്‍ ശക്തമായ സമരത്തിലേക്കു നീങ്ങിയത്. അംബേദ്‌കര്‍ ദിനത്തോട് അനുബന്ധിച്ചു നടത്തിയ ചടങ്ങില്‍ കേരള ദളിത് മഹാസഭയുടെ സി. എസ് മുരളി മതില്‍ പൊളിച്ചു നീക്കാന്‍ ആഹ്വാനം ചെയ്തതോടെ 37 ദിവസത്തെ സമരത്തിത്തിന്റെ വിജയമാണ് നേടിയത്.

ദളിതരടക്കമുള്ള ജനവിഭാഗങ്ങള്‍ക്കും ക്ഷേത്ര നടത്തിപ്പില്‍ പങ്കാളിത്തമുണ്ടായിരുന്നു. എന്നാല്‍ 2013ല്‍ ദളിതരെ പുറത്താക്കുകയും ഉത്സവാഘോഷങ്ങളില്‍ നിന്നും വിലക്കേര്‍പ്പെടുത്തുകയും ചെയ്തതായി ശശിധരന്‍ പറഞ്ഞു. കാലങ്ങളായി കോളനിവാസികള്‍ ഉപയോഗിച്ചിരുന്ന മൈതാനമായിരുന്നു ഇത്.

കഴിഞ്ഞ നവംബര്‍ പതിമൂന്നാംതിയതി മണ്ഡലകാലത്തോട് അനുബന്ധിച്ചു ദേശവിളക്കു നടത്താന്‍ തീരുമാനമിച്ചു. അമ്പലപ്പറമ്പ് ആയതിനാല്‍ ഭരണ സമിതിയോട് അനുവാദം ചോദിച്ചിരുന്നു. ഏതു തരത്തിലുള്ള പരിപാടികള്‍ നടത്തിയാലും ഭരണസമിതിയോട് അനുവാദം ചോദിക്കണമായിരുന്നു. ക്ഷേത്ര സെക്രട്ടറി ദേശവിളക്കു നടത്താന്‍ അനുവാദം നല്‍കി. അവസാന സമയത്തു സെക്രട്ടറി പരിപാടി നടത്താന്‍ പറ്റില്ലെന്നു പറഞ്ഞു മുടക്കി.

അതിനെ കുറിച്ചു ചോദിച്ചപ്പോള്‍, ഇതു ദേവീക്ഷേത്രമാണ്, ഇവിടെ അയ്യപ്പസാന്നിദ്ധ്യം പാടില്ലാ എന്നായിരുന്നു വിശദീകരണം. കണ്ട കാടനും മറ്റുള്ളവരും ഇവിടെ കേറിയിറങ്ങിയാല്‍ ദേവിക്ക് തീണ്ടല്‍ ഉണ്ടാകും. ഇത്തരത്തില്‍ പരിപാടികള്‍ നടത്തിയാല്‍ ഇനി നിങ്ങള്‍ക്കെതിരെ കേസുകള്‍ കൊടുക്കും എന്നു പറഞ്ഞതായും ശശിധരൻ തുടർന്നു.

ഞങ്ങള്‍ കെപിഎംഎസ് ന്റെ മുറ്റത്ത് ദേശവിളക്ക് നടത്തി. അങ്ങനെ ആധികാരികമായി പറയാന്‍ ഉണ്ടായ സാഹചര്യം എന്താണെന്നു പിന്നീടു ഞങ്ങള്‍ ആലോചിച്ചു. അത് ഞങ്ങള്‍ അന്വേഷിച്ചു. വിവരാവകാശ നിയമ പ്രകാരം പല തലങ്ങളില്‍ അന്വേഷണം വന്നപ്പോഴാണ് ഇവര്‍ കരം അടയ്ക്കുന്ന ഭൂമിയാണെന്നു മനസ്സിലായത്. 1981ല്‍ കുന്നത്തുനാട് താലൂക്ക് ഓഫിസില്‍ നിന്നും ഇവര്‍ക്കു പട്ടയം ലഭിച്ചുണ്ടെന്ന് അറിയാന്‍ സാധിച്ചത്. വെറുമൊരു പട്ടയം ആയിരുന്നില്ല. അത് കണ്ടീഷണൽ പട്ടയം ആയിരുന്നു. -

ശശിധരന്‍ പറയുന്നു.

"സമരം യഥാര്‍ത്ഥത്തില്‍ ആരംഭിക്കുന്നത് നവംബര്‍ 13-ാം തിയതിയാണ്. ഈ കോളനികളിലെ ജനങ്ങളുടെ ആവശ്യത്തിനും അവരുടെ കുട്ടികളുടെ കായികാവശ്യത്തിനും ഉപയോഗിച്ചിരുന്ന ഭൂമി 1981ല്‍ അന്നത്തെ സര്‍ക്കാരിനെയും സര്‍ക്കാര്‍ ഇതര സംവിധാനങ്ങളെയും കബളിപ്പിച്ച് സ്വന്തമാക്കി. കഴിഞ്ഞ 38 ദിവസം മുമ്പാണ് അവര്‍ മതില്‍കെട്ടാന്‍ തീരുമാനിച്ചത്. മതില്‍ കെട്ടാന്‍ വന്നപ്പോള്‍ ഞങ്ങള്‍ തടഞ്ഞു. തുടര്‍ന്ന് ഇതില്‍ ആര്‍ഡിഒ ഇടപെടുകയും 12 മീറ്റര്‍ പടിഞ്ഞാറോട്ടും ഒന്നര മീറ്റര്‍ തെക്കോട്ടും 1.7 മീറ്റര്‍ ഉയരത്തിൽ ക്ഷേത്രത്തിനു ചുറ്റും മതില്‍ പണിയാന്‍ താത്ക്കാലികമായി ഉത്തരവിടുകയും ചെയ്തു. ഇതിനെ മറ്റൊരു തരത്തിലും മറ്റുള്ളവര്‍ക്ക് ഇടപെടാന്‍ പാടില്ലെന്നും അങ്ങനെ വന്നാല്‍ പൊലീസ് അടക്കമുള്ള സംവിധാനങ്ങളെ ഉപയോഗിക്കണം എന്നും ആര്‍ഡിഒ ഉത്തരവിട്ടു. ഹൈക്കോടിയെ തെറ്റിധരിപ്പിച്ചുകൊണ്ട് മതില്‍ കെട്ടാനുള്ള വേറെ അനുമതി മേടിക്കുകയും ചെയ്തു. പിന്നെ ഞങ്ങള്‍ സമരത്തിന്റെ പാതയിലേക്ക് നീങ്ങി. അവര്‍ ഒരാഴ്ച്ച കൊണ്ട് 60 ഓളം വരുന്ന തൊഴിലാളികളെകൊണ്ട് ഒരേക്കര്‍ വരുന്ന സ്ഥലം കെട്ടാന്‍ തുടങ്ങി"

"ഇതു തടയാന്‍ ചെന്നപ്പോള്‍ ക്ഷേത്ര എക്‌സിക്യുട്ടിവില്‍ പോലും ഇല്ലാത്ത ഒരു അദ്ധ്യാപകന്‍ ഞങ്ങളോടു പറഞ്ഞു - അമ്പലത്തില്‍ കേറേണ്ട. പള്ളിയില്‍ പോയി തിരികത്തിച്ചോളു എന്ന്. ധാര്‍ഷ്ഠ്യത്തോടെ ജാതിപ്പേരു വിളിച്ച് അധിക്ഷേപിക്കുകയായിരുന്നു. പിന്നെ ഞങ്ങള്‍ സമരവുമായി മുന്നോട്ട് നീങ്ങി. അബേദ്‌കര്‍ ദിനം ആചരിക്കുന്നതിന്റെ ഭാഗമായി പ്രസംഗിച്ച പ്രാസംഗികന്‍ ഞങ്ങള്‍ മതിലിനെ കണ്ട അതേ വികാരത്തില്‍ ഏറ്റെടുത്തു പറഞ്ഞു, ഈ മതില്‍ ഇവിടെ വേണ്ട, ജാതി ധര്‍മ്മങ്ങള്‍ക്കായി പൊരുതിയ അംബേദ്‌കര്‍ ജന്മദിനത്തില്‍ തന്നെ മതില്‍ തകര്‍ക്കപ്പെടണം എന്ന്. അദ്ദേഹം ആഹ്വാനം ചെയ്തുകൊണ്ട് മുന്നോട്ട് ഇറങ്ങുകയും ചെയ്തു. ഇവിടെ ഉണ്ടായിരുന്ന മുന്നൂറോളം വരുന്ന ജനങ്ങള്‍ ഇരച്ചു കയറുകയും മതില്‍ പൊളിക്കുകയായിരുന്നു. മുന്‍കൂട്ടി തീരുമാനിച്ച പ്രകാരം ആയിരുന്നില്ല മതില്‍ പൊളിക്കല്‍, എന്നാല്‍ ഈ മതില്‍ പൊളിക്കല്‍ ഞങ്ങള്‍ക്കൊരു ഐതിസാഹസിക വിജയമാണ്. ഇത് ഞങ്ങളുടെ വിജയമാണ്,"

ശശിധരന്‍ നാരദാ ന്യൂസിനോടു വ്യക്തമാക്കി.

"ഇത്രയും നാള്‍ മതില്‍ പൊളിക്കുന്നതിനു വേണ്ടിയുള്ള സമരമായിരുന്നു, ഇനി മുതല്‍ ഞങ്ങള്‍ പുറമ്പോക്കു ഭൂമിയിലെ പട്ടയം റദ്ദാക്കുക എന്ന ആവശ്യമാണ് ഉയർത്തുന്നത്. ഇത് പൊതുജനങ്ങള്‍ക്കായി വിട്ടുകൊടുക്കുക. ഇവിടെയുള്ള ആളുകള്‍ക്കു ഭൂമിയില്ല. എന്നാല്‍ ഞങ്ങള്‍ക്കg ഭൂമി വേണമെന്നോ വീട് വെയ്ക്കാൻ സഹായം വേണമെന്നോ ഒന്നും ആവശ്യപ്പെടുന്നില്ല. 150ല്‍ പരം വരുന്ന ദളിത് കുടുംബങ്ങളുടെ പ്രധാന ആവശ്യം ഈ സ്ഥലം പൊതുജനങ്ങള്‍ക്കു തുറന്നുകൊടുക്കുക എന്നതാണ്. എല്ലാവര്‍ക്കും ഉപയോഗിക്കാവുന്ന രീതിയില്‍ മാറ്റണം എന്നാണ്. കൂടാതെ ഇത്തരം നടപടികള്‍ എടുക്കാന്‍ തയ്യാറായ മൂവാറ്റുപുഴ ആര്‍ഡിഒ രാമചന്ദ്രനെ പ്രോസിക്യുട്ട് ചെയ്യുക തുടങ്ങിയവയാണ് ആവശ്യങ്ങള്‍.

ക്ഷേത്രത്തില്‍ കയറുവാന്‍ താത്പര്യമില്ല, കേറിയാല്‍ തന്നെ ജാതിപ്പേരു വിളിച്ച് കളിയാക്കുക, കാര്‍ക്കിച്ചു തുപ്പുക തുടങ്ങിയതൊക്കെയുണ്ട്. സര്‍ക്കാര്‍ ഭൂമി കൈവശപ്പെടുത്തിയ പട്ടയം റദ്ദാക്കി അതു പൊതുജനങ്ങള്‍ക്കു തുറുന്നു കൊടുക്കുക. പഞ്ചായത്തില്‍ ഇതിനെ സംബന്ധിച്ച് പ്രമേയം പാസാക്കി ഇത് നടപ്പിലാക്കുക - സമരത്തിന്റെ അടുത്ത ഘട്ടം ശശിധരന്‍ വ്യക്തമാക്കുന്നു.

Read More >>