കണ്ണൂരിൽ പരസ്യമദ്യപാനം ചോദ്യംചെയ്ത വീട്ടമ്മയെ ആർഎസ്എസുകാർ വീട്ടിൽക്കയറി ആക്രമിച്ചു

പരസ്യ മദ്യപാനം ചോദ്യം ചെയ്ത പട്ടികജാതി വിഭാഗത്തിൽ പെട്ട വീട്ടമ്മക്ക് നേരെ ആർഎസ്എസ് പ്രവർത്തകർ സംഘടിച്ചെത്തി ജാതിപ്പേര് വിളിച്ച് ആക്രമണം നടത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ടു പത്തോളം സജീവ ആർഎസ്എസ് പ്രവർത്തകർക്കെതിരെ ചൊക്ലി പൊലീസ് കേസെടുത്തിട്ടുണ്ട്.

കണ്ണൂരിൽ പരസ്യമദ്യപാനം ചോദ്യംചെയ്ത വീട്ടമ്മയെ ആർഎസ്എസുകാർ വീട്ടിൽക്കയറി ആക്രമിച്ചു

കണ്ണൂർ ചൊക്ലിയിൽ പരസ്യ മദ്യപാനം ചോദ്യം ചെയ്ത പട്ടികജാതി വിഭാഗത്തിൽ പെട്ട വീട്ടമ്മക്ക് നേരെ ആർഎസ്എസ് ആക്രമണം. ചൊക്ലി പല്ലക്കിക്കുനി സേട്ടുമുക്കിൽ റോസയെയാണ് ആർഎസ്എസ് സംഘം വീട്ടിൽ കയറി ആക്രമിച്ചത്. ഞായറാഴ്ച വൈകീട്ട് പരസ്യ മദ്യപാനത്തിലേർപ്പെട്ട ആർഎസ്എസ് പ്രവർത്തകൻ വിജേഷിനെ റോസ ചോദ്യം ചെയ്തിരുന്നു. ഇതിനെത്തുടർന്ന് സംഘടിച്ചെത്തിയ ആർഎസ്എസ് പ്രവർത്തകർ പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഇവരെ വീട്ടിൽ കയറി ആക്രമിക്കുകയായിരുന്നു.

ജാതിപ്പേര് വിളിച്ച് അവഹേളിച്ചുകൊണ്ടാണ് സംഘം അക്രമം നടത്തിയത്. അക്രമം തടയാനെത്തിയ റോസയുടെ ബന്ധുക്കളായ ഷാജു, സജിത്ത് എന്നിവർക്കും പരിക്കേറ്റു. പാറയുള്ളതില്‍ വിജേഷ്, സഹോദരന്‍ പാനൂര്‍ ടൌണ്‍ ബിഎംഎസ് പ്രവര്‍ത്തകനായ ബിനീഷ്, അച്ഛന്‍ പാറയുള്ളതില്‍ ശങ്കരന്‍ എന്നിവരടക്കം സജീവ ആർഎസ്എസ് പ്രവർത്തകരായ പത്തോളം പേർക്കെതിരെ ചൊക്ലി പൊലീസ് കേസെടുത്തിട്ടുണ്ട്.പട്ടികജാതി ക്ഷേമ സമിതി പാനൂർ ഏരിയാ കമ്മിറ്റിയും സിപിഐഎം കരിയാട് ലോക്കൽ കമ്മിറ്റിയും സംഭവത്തിൽ പ്രതിഷേധിച്ചു.