ആരോപണവിധേയരായ ദിലീപിനെയും അലൻസിയറെയും അവാർഡ് പട്ടികയിൽ നിന്നും പുറത്താക്കി; സിനിമയുടെ രാഷ്ട്രീയം വ്യക്തമാക്കി സിപിസി

ചൂഷകർക്കും പീഡകർക്കുമെതിരെ ഉയർന്നുവന്നിട്ടുള്ള മീ ടു ക്യാമ്പയിനുകളാണ് മലയാളത്തിലെ ഏറ്റവും വലിയ ഓൺലെെൻ സിനിമ കൂട്ടായ്മയിലും ഇപ്പോൾ പ്രതിഫലിച്ചിരിക്കുന്നത്.

ആരോപണവിധേയരായ ദിലീപിനെയും അലൻസിയറെയും അവാർഡ് പട്ടികയിൽ നിന്നും പുറത്താക്കി; സിനിമയുടെ രാഷ്ട്രീയം വ്യക്തമാക്കി സിപിസി

ലെെം​ഗിക അതിക്രമ കുറ്റാരോപണം നേരിടുന്ന നടൻ ദിലീപിനേയും അലൻസിയറിനേയും ഇത്തവണത്തെ സിനിമ അവാർഡ് പട്ടികയിൽ നിന്നും പുറത്താക്കി ഓൺലെെൻ സിനിമ കൂട്ടായ്മയായ സിനിമ പാരഡിസൊ ക്ലബ് (സീപിസി). മലയാളസിനിമയിൽ സമീപകാലത്ത് സംഭവിച്ച ചൂഷണങ്ങളെക്കുറിച്ചും അതിക്രമങ്ങളെക്കുറിച്ചും സീപിസിയുടെ ഫേസ്ബുക്ക് ഗ്രൂപ്പിൽ വന്ന ചർച്ചകളാണ് സിനിമ കൂട്ടായ്മയെ ഇത്തരമൊരു നീക്കത്തിന് പ്രേരിപ്പിച്ചത്. മൂന്നാമത് സീ പി സി സിനിമ അവാർഡിനുള്ള ഓൺലെെൻ വോട്ടിംഗ് തുടങ്ങിയതിന് പിന്നാലെയാണ് കുറ്റാരോപിതരായ ദിലീപ് ,അലൻസിയർ എന്നിവരെ അവാർഡ്‌സിന്റെ അന്തിമ പോൾലിസ്റ്റിൽനിന്നും നീക്കം ചെയ്യുന്നതായി ​ഗ്രൂപ്പ് പ്രഖ്യാപിച്ചത്. സിനിമയടക്കമുള്ള തൊഴിൽമേഖലകളിലെ ചൂഷകർക്കും പീഡകർക്കുമെതിരെ ഉയർന്നുവന്നിട്ടുള്ള മീ ടു ക്യാമ്പയിനുകളാണ് മലയാളത്തിലെ ഏറ്റവും വലിയ ഓൺലെെൻ സിനിമ കൂട്ടായ്മയിലും ഇപ്പോൾ പ്രതിഫലിച്ചിരിക്കുന്നത്.


സിനിമ അടക്കമുള്ള തൊഴിൽമേഖലകളിലെ ചൂഷകരും പീഡകരും പലപ്പോഴും പൊതു സമൂഹത്തിനു മുന്നിൽ കുറ്റക്കാരല്ലാതാവുന്നതും അവരുടെ കുറ്റങ്ങൾ നിസാരവൽക്കരിക്കപ്പെടുന്നതും അവർ പ്രതിനിധീകരിക്കുന്ന കലയുടെ മികവിലൂടെയും അതിലൂടെ അവർ നേടിയെടുത്ത ജനപ്രിയതയിലൂടെയുമാണെന്ന് സീ പി സി ചൂണ്ടിക്കാട്ടുന്നു.

ചൂഷണം ചെയ്യപ്പെട്ട വ്യക്തി അനുഭവിക്കുന്ന വേദന അവിടെ "സിനിമയെ സിനിമയായി മാത്രം കാണുക "എന്ന നിലനില്പില്ലാത്ത വാദത്തിൽ തട്ടി അവസാനിക്കുകയാണ്. ചൂഷകരിൽനിന്നും തിരിച്ചെടുക്കപ്പെട്ട പുരസ്‌കാരങ്ങളുടെ രൂപത്തിൽ ,ഒഴിവാക്കലുകളുടെ രൂപത്തിൽ എല്ലാക്കാലവും ചൂഷകർക്കൊപ്പമായിരിക്കില്ല എന്നതിൻെറ നിരവധി ഉദാഹരങ്ങൾ നമ്മൾ കണ്ട് കഴിഞ്ഞെന്നും സിനിമ കൂട്ടായ്മ പറയുന്നു.
ഇത് ദിലീപിന്റെ പേഴ്സണൽ ഇഷ്യു അല്ലെന്നും തൊഴിൽ രംഗത്ത് നടന്ന പ്രശ്നം ആണെന്നും സിപിസിയുടെ അഡ്മിനുകളിൽ ഒരാളായ ബെൻ മാത്യു ചൂണ്ടിക്കാട്ടുന്നു. ദിലീപ് കുറ്റക്കാരനാണോ അല്ലയോ എന്ന വിഷയം കോടതിയുടെ മേൽനോട്ടത്തിലാണ്. അതിന്റെ കാര്യത്തിൽ ഒരു അന്തിമ തീരുമാനം ആകുന്നത് വരെ ഇരയോടൊപ്പം നിൽക്കുക എന്ന ധാർമികതയിൽ വിശ്വസിക്കുന്നതായും ബെൻ പറയുന്നു.


"അലൻസിയർക്ക് മുൻപ് സീ പി സി പുരസ്ക്കാരം കൊടുക്കുമ്പോൾ അദ്ദേഹം ഒരു പ്രശ്നത്തിലും അകപ്പെട്ടിട്ടില്ല, നമ്മുടെ അവാർഡ് വാങ്ങിച്ച് മാസങ്ങൾക്ക് ശേഷമാണ് അലൻസിയുടെ ഇഷ്യൂ പുറത്ത് വരുന്നത്. അദ്ദേഹത്തിന്റെ കാര്യത്തിൽ നമുക്ക് ചെയ്യാൻ പറ്റുന്നത് അദേഹത്തെ പോളിൽ നിന്ന് ഒഴിവാക്കുക എന്നതാണ്" - ബെൻ മാത്യു സിനിമാ പാരഡിസൊ ക്ലബിൻെറ നിലപാട് വ്യക്തമാക്കുന്നു കുറ്റാരോപിതര്‍ക്കൊപ്പം നില്‍ക്കുന്ന മലയാള സിനിമ മേഖലയിലെ സം​​ഘടനകൾക്കെതിരെയും സിനിമയിലെ സ്ത്രീവിരുദ്ധതയ്ക്കെതിരെയും സീപിസി മുൻപും ശക്തമായ നിലപാട് എടുത്തിട്ടുണ്ട് ബെൻ മാത്യു സിപിസിയുടെ നിലപാട് വ്യക്തമാക്കുന്നു.

"നിങ്ങളുടെ തെറ്റുകൾ ,നിങ്ങളിനി എത്ര വലിയവനായാലും തിരിഞ്ഞുകൊത്തിയിരിക്കുമെന്ന് ചൂഷണത്തിന് സ്വന്തം അധികാരത്തെ സ്ഥാനത്തെ ,ജനപ്രിയതയെ ഒക്കെ മുതലെടുക്കുന്നവർക്കുള്ള ഓർമപ്പെടുത്തലാണ്. മലയാളസിനിമയിൽ സമീപകാലത്ത് സംഭവിച്ച ചൂഷണങ്ങളെക്കുറിച്ചും അതിക്രമങ്ങളെക്കുറിച്ചും സംബന്ധിച്ച് ഗ്രൂപ്പിൽ വന്ന ചർച്ചകളും ഇത്തരമൊരു നീക്കത്തിന്റെ അനിവാര്യതയാണ് പ്രസ്താവിക്കുന്നത് . ആയതിനാൽ കുറ്റാരോപിതരായ ദിലീപ് ,അലൻസിയർ എന്നിവരെ സീപിസി സിനി അവാർഡ്‌സിന്റെ അന്തിമ പോൾലിസ്റ്റിൽനിന്നും നീക്കംചെയ്യാൻ തീരുമാനിച്ചിരിക്കുന്നു"- സിപിസി പറഞ്ഞു.

ഇവരുൾപ്പെട്ട സിനിമകൾ തിരഞ്ഞെടുപ്പുകളിൽനിന്നും ഒഴിവാക്കിയിട്ടില്ലെന്നും, സാമൂഹിക-പാരിസ്ഥിതിക-രാഷ്ട്രീയ നിലപാടുകൾ ഉള്ള സിനിമാ സ്നേഹികളുടെ ഒരു കൂട്ടായ്മയായാണ് തങ്ങൾ നിലനിന്നു പോന്നിട്ടുള്ളതെന്നും സിപിസി പറയുന്നു. ആ നിലനിൽപ്പിന് ഇത്തരമൊരു തീരുമാനം കൂടുതൽ ബലമേവുമെന്നും സീപിസി യുടെ വളർച്ചയിലും പുരോഗതിയിലും പ്രധാന മാർഗദർശികളായ മാന്യമെമ്പർമാരുടെ പൂർണപിന്തുണയുണ്ടാവുമെന്നാണ് വിശ്വസിക്കുന്നെന്നും സിനിമാ പാരഡിസൊ ക്ലബ് ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.