കേന്ദ്ര സര്‍വ്വകലാശാലക്കു ശ്രീനാരായണ ഗുരുവിന്റെ പേരിടില്ല: ആവശ്യം തള്ളി മോദി സര്‍ക്കാര്‍

കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചു ബിഡിജെഎസ് രൂപീകരിച്ചു ബിജെപി മുന്നണിയില്‍ ചേക്കേറിയ വെള്ളാപ്പള്ളി നടേശന്റെ പ്രധാന ആവശ്യങ്ങളില്‍ ഒന്നായിരുന്നു പെരിയയിലെ കേരള കേന്ദ്രസര്‍വകലാശാലയ്ക്ക് ശ്രീ നാരായണ ഗുരുവിന്റെ പേര് നല്‍കണമെന്നുള്ളത്...

കേന്ദ്ര സര്‍വ്വകലാശാലക്കു ശ്രീനാരായണ ഗുരുവിന്റെ പേരിടില്ല: ആവശ്യം തള്ളി മോദി സര്‍ക്കാര്‍

കേരള സന്ദര്‍ശനത്തിനെത്തിയ ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷാ ശിവഗിരി മഠത്തിലെ സന്യാസിമാരുള്‍പ്പെടെയുള്ളവരെ പ്രത്യേകമായി ക്ഷണിച്ചു ചര്‍ച്ച നടത്തിയെങ്കിലും കേന്ദ്രസര്‍ക്കരിന് ശ്രീനാരായണഗുരു ഇപ്പോഴും പടിക്കുപുറത്തുതന്നെ. കാസര്‍ഗോഡ് പെരിയ കേന്ദ്ര സര്‍വകലാശാലയ്ക്ക് ശ്രീനാരായാണ ഗുരുവിന്റെ പേര് നല്‍കണമെന്ന ആവശ്യം കേന്ദ്രസര്‍ക്കാര്‍ നിരസിച്ചു. പ്രസ്തുത ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്നു കൊടിക്കുന്നില്‍ സുരേഷ് എംപിയെ കേന്ദ്ര മാനവശേഷി വികസന മന്ത്രി പ്രകാശ് ജാവഡേക്കര്‍ കത്തിലൂടെ അറിയിക്കുകയായിരുന്നു.

പുതുതായി തുടങ്ങുന്ന എല്ലാ കേന്ദ്ര വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും അതത് സംസ്ഥാനങ്ങളുടെയോ സ്ഥലങ്ങളുടെയോ പേരിടുക എന്ന നയമാണ് നടപ്പാക്കുന്നതെന്നു പ്രകാശ് ജാവഡേക്കര്‍ കൊടിക്കുന്നില്‍ സുരേഷ് എംപിയെ അറിയിച്ചിട്ടുണ്ട്. 12 കേന്ദ്ര സര്‍വകലാശാലകള്‍ക്കു മഹാന്മാരുടെ പേരുകള്‍ നല്‍കിയിട്ടുണ്ടെന്നും സര്‍ക്കാരിനു മുന്നില്‍ ഇക്കാര്യത്തില്‍ സാങ്കേതിക തടസ്സങ്ങള്‍ നിലവിലില്ലെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഏതെങ്കിലും ഒരു സ്ഥാപനത്തിന് മഹദ് വ്യക്തിയുടെ പേരുനല്‍കാന്‍ കഴലയില്ലെന്നും അങ്ങനെയുണ്ടായാല്‍ മറ്റിടങ്ങളില്‍ നിന്നും അതുപോലുള്ള ആവശ്യങ്ങളുയരുമെന്നും മന്ത്രി വ്യക്തമാക്കുകയായിരുന്നു.

കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചു ബിഡിജെഎസ് രൂപീകരിച്ചു ബിജെപി മുന്നണിയില്‍ ചേക്കേറിയ വെള്ളാപ്പള്ളി നടേശന്റെ പ്രധാന ആവശ്യങ്ങളില്‍ ഒന്നായിരുന്നു പെരിയയിലെ കേരള കേന്ദ്രസര്‍വകലാശാലയ്ക്ക് ശ്രീ നാരായണ ഗുരുവിന്റെ പേര് നല്‍കണമെന്നുള്ളത്. എന്നാല്‍ അമിത് ഷായുടെ കേരള സന്ദര്‍ശനത്തിനു പിന്നാലെ ഈ ആവശ്യം നടപ്പിലാക്കാനാകില്ലെന്നു കേന്ദ്രസര്‍ക്കാര്‍ കൊടിക്കുന്നില്‍ സുരേഷ് എംപിയെ അറിയിക്കുകയായിരുന്നു. അമിത് ഷാ സന്ദര്‍ശനം നടത്തി മടങ്ങിയതിനു പിന്നാലെയുള്ള ഈ നീക്കം രാഷ്ട്രീയപരമായ നിരവധി ചോദ്യങ്ങളാണ് ഉയര്‍ത്തുന്നത്.

എന്‍ഡിഎ മുന്നണിയില്‍ ചേക്കേറിയതിനു ശേഷം ചെറിയൊരാവശ്യം പോലും കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കുന്നില്ല എന്നുള്ളത് വെള്ളാപ്പള്ളിയുടെ രാഷ്ട്രീയ നീക്കങ്ങളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. കേരളത്തിലെത്തി നിരാശനായി മടങ്ങിയതിനു പിന്നാലെയുള്ള ഈ നീക്കം ബിഡിജെഎസിനും സംസ്ഥാന ബിജെപി നേതൃത്വത്തിനും വ്യക്തമായ സൂചനകളാണു നല്‍കുന്നതെന്നും രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു. വന്‍ പ്രതീക്ഷയോടെ കേരളത്തിലെത്തുകയും പരാജിതനായി മടങ്ങേണ്ടി വരികയും ചെയ്തതിന്റെ പ്രതിഫലനമാണ് പെട്ടെന്നുള്ള ഈ തീരുമാനത്തിനു പിന്നിലെന്നും വിലയിരുത്തപ്പെടുന്നുണ്ട്.

കാസര്‍ഗോട്ടും കേരളത്തോടു ചേര്‍ന്നുള്ള കര്‍ണ്ണാടകയുടെ അതിര്‍ത്തി പ്രദേശങ്ങളിലും ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങള്‍ക്കും മറ്റും വന്‍ പ്രചാരമാണുള്ളത്. കര്‍ണ്ണാടകയില്‍ സിദ്ധരാമയ്യ സര്‍ക്കാര്‍ സവന്നതിനു ശേഷം ശ്രീനാരായണ ജയന്തിദിവസം വലിയ രീതിയിലാണ് ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത്. ഈ യാഥാര്‍ത്ഥ്യങ്ങള്‍ കൂടി നിലനില്‍ക്കേത്തന്നെയാണ് കേന്ദ്രസര്‍ക്കാര്‍ കേരളത്തിന്റെ ആവശ്യം തള്ളി രംഗത്തെത്തിയിരി്കുന്നത്.

അടുത്ത തെരഞ്ഞെടുപ്പോടെ സംസ്ഥാനത്ത് വന്‍ മുന്നേറ്റം പ്രതീക്ഷിക്കുന്ന ബിജെപി യഥാര്‍ത്ഥത്തില്‍ ലക്ഷ്യം വയ്ക്കുന്നത് ന്യൂനപക്ഷ സമുദായങ്ങളുടെ വോട്ടിലാണ്. അതിന്റെ ഭാഗമായാണ് തിരുവനന്തപുരത്തു അമിത് ഷാ ബിജെപിയിലെ ദളത് പ്രവര്‍ത്തകന്റെ വീട് സന്ദര്‍ശിച്ചതും ഭക്ഷണം കഴിക്കുകയും ചെയ്തത്. ന്യൂനപക്ഷ വോട്ടുകള്‍ ലക്ഷ്യം വച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്കു മുന്‍തൂക്കം നല്‍കുന്ന ബിജെപി ദേശീയ നേതൃത്വം അതുകൊണ്ടുകൂടിയാണ് വെള്ളാപ്പള്ളിയുടെ ആവശ്യങ്ങള്‍ക്കു ചെവി നല്‍കാത്തതും.

ഗുരുവിന്റെ പ്രതിമ പാര്‍ലമെന്റ് മന്ദിരത്തിനുള്ളില്‍ സ്ഥാപിക്കുന്ന കാര്യം സജീവമായി പരിഗണിക്കുമെന്ന ഉറപ്പ് മന്ത്രി നല്‍കി. പാര്‍ലമെന്ററി കാര്യവകുപ്പ് കെ വി തോമസ് എംപി നല്‍കിയ കത്തിനു മറുപടിയായാണ് പാര്‍ലമെന്ററി കാര്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. നിവേദനം പരിഗണിച്ചു നടപടിയെടുക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫിസ് ലോക്‌സഭാ സെക്രട്ടേറിയറ്റിനു നിര്‍ദ്ദേശം നല്‍കുകയായിരുന്നു.