സന്യാസിയെ പൂര്‍വ്വാശ്രമത്തിലെ പേര് വിളിച്ച് അപമാനിക്കാമോ? മനോരമ ന്യൂസ് വാര്‍ത്തയ്‌ക്കെതിരെ എം സ്വരാജ്

യുവതി സന്യാസിയുടെ ജനനേന്ദ്രിയം മുറിച്ച വാര്‍ത്ത കൊല്ലം സ്വദേശിയായ യുവാവെന്നും ഹരിയെന്നും ആണ് മനോരമന്യൂസ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് സഹിതമാണ് എം സ്വരാജ് എം എല്‍ എ മനോരമന്യൂസിനെ വിമര്‍ശിക്കുന്നത്. സ്വാമി ഗംഗേശാനന്ദ തീര്‍ത്ഥപാദര്‍ എന്നു പറഞ്ഞാല്‍ ചിലര്‍ക്ക് നാക്കു പൊള്ളുമോ എന്നു സ്വരാജ് ചോദിക്കുന്നു.

സന്യാസിയെ പൂര്‍വ്വാശ്രമത്തിലെ പേര് വിളിച്ച് അപമാനിക്കാമോ? മനോരമ ന്യൂസ് വാര്‍ത്തയ്‌ക്കെതിരെ എം സ്വരാജ്

യുവതി ലിംഗം ഛേദിച്ച സന്ന്യാസിയെ യുവാവ് എന്നും കൊല്ലം സ്വദേശിയായ ഹരി എന്നും വിശേഷിപ്പിച്ച് മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തതിനെതിരെ എം സ്വരാജ് എം എല്‍ എ. സ്വാമി ഗംഗേശാനന്ദ തീര്‍ത്ഥപാദര്‍ എന്ന് പറഞ്ഞാല്‍ ചിലര്‍ക്ക് നാവ് പൊള്ളുമോ എന്ന് സ്വരാജ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നു. ഹിന്ദു ഐക്യവേദിയുടെ ജിഹ്വയായി പാറിപ്പറക്കുമ്പോഴും കൊല്ലം സ്വദേശിയായ ഹരി ആയിരുന്നോ അയാളെന്നുമാണ് സ്വരാജിന്റെ വിമര്‍ശനം.

ഹരി എന്ന യുവാവിന്റെ കദനകഥ എന്ന തല്ലക്കെട്ടിലുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് മനോരമയ്‌ക്കെതിരായ സ്വരാജിന്റെ വിമര്‍ശനം. ഏതോ ഒരു കൊല്ലംകാരന്‍ ഹരി എന്ന യുവാവിന് എന്തോ പറ്റിയത്രെ. 54 വയസ്സുള്ള ആള്‍ യുവാവാണ്. അഞ്ചു വയസ്സുകാരനെ അപ്പൂപ്പനെന്നും അമ്പതു വയസ്സുകാരനെ യുവാവെന്നും വിളിക്കുന്നത് ക്രിമിനല്‍ കുറ്റമല്ലെങ്കിലും അങ്ങനെ വിളിക്കുന്നവരെ ചികിത്സിക്കുന്നതില്‍ തെറ്റുമില്ലെന്ന് സ്വരാജ് പറയുന്നു.

ഒരു സന്ന്യാസിയെ പൂര്‍വ്വാശ്രമത്തിലെ പേര് വിളിച്ച് ഇങ്ങനെ അപമാനിക്കാമോ എന്നും സ്വരാജ് ചോദിക്കുന്നു. മുമ്പ് അര്‍ദ്ധഫാസിസത്തിന്റെ കാലത്ത് ഇരിക്കാന്‍ ആജ്ഞാപിച്ചപ്പോഴൊക്കെ ചിലരൊക്കെ മുട്ടുകാലിലിഴഞ്ഞിട്ടുണ്ട്. വില കൊടുത്താല്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് വാങ്ങാന്‍ കിട്ടുന്നതല്ല നട്ടെല്ലെന്നും സ്വരാജ് പറയുന്നു.

കൊല്ലം സ്വദേശിയായ യുവാവിന്റെ വീടിനടുത്ത് ഏതെങ്കിലും സിപിഐഎം പ്രവര്‍ത്തകന്റെ അകന്ന ബന്ധുവിന്റെ അളിയന്റെ അനിയന്റെ അമ്മൂമ്മേടെ അനന്തിരവനുണ്ടോ എന്ന് അന്വേഷിക്ക്. നമുക്ക് ഒരു ചര്‍ച്ച നടത്തി മുഖ്യമന്ത്രിയെ രാജിവെപ്പിക്കാം എന്നും സ്വരാജ് പരിഹസിക്കുന്നു.