ഇടമലക്കുടിയുടെ വികസനത്തിന് സമഗ്ര പദ്ധതിയുമായി സർക്കാർ; ഏകോപന ചുമതല ദേവികുളം സബ് കളക്ടർക്ക്

പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ഗ്രാമപഞ്ചായത്ത് ഓഫീസ് അടിയന്തരമായി ഇടമലക്കുടിയിലേക്കു മാറ്റും. ഇവിടെ പുതിയ ഹെൽത്ത് സെന്റര്‍ സ്ഥാപിക്കും. പരമ്പരാഗത സാങ്കേതികവിദ്യ ഉപയോഗിച്ചായിരിക്കും ഇവിടെ കെട്ടിടങ്ങള്‍ നിർമിക്കുക.

ഇടമലക്കുടിയുടെ വികസനത്തിന് സമഗ്ര പദ്ധതിയുമായി സർക്കാർ; ഏകോപന ചുമതല ദേവികുളം സബ് കളക്ടർക്ക്

കേരളത്തിലെ ഏക ആദിവാസി ഗ്രാമപഞ്ചായത്തായ ഇടമലക്കുടിയുടെ വികസനത്തിന് സമഗ്ര പദ്ധതിയുമായി സർക്കാർ. ഇതു സംബന്ധിച്ച് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ മാർച്ച് 13ന് ചേർന്ന യോഗതീരുമാനങ്ങള്‍ നടപ്പാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ടതാണ് പദ്ധതി.

പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ഗ്രാമപഞ്ചായത്ത് ഓഫീസ് അടിയന്തരമായി ഇടമലക്കുടിയിലേക്കു മാറ്റും. ഇവിടെ പുതിയ ഹെൽത്ത് സെന്റര്‍ സ്ഥാപിക്കും. പരമ്പരാഗത സാങ്കേതികവിദ്യ ഉപയോഗിച്ചായിരിക്കും ഇവിടെ കെട്ടിടങ്ങള്‍ നിർമിക്കുക.

നിലവിലുള്ള എൽപി സ്കൂള്‍ യുപി ആയി ഉയർത്തും. പത്താം ക്ലാസ് പാസായ തദ്ദേശവാസികൾക്ക് തൊഴില്‍ പരിശീലനം നൽകും. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഹോസ്റ്റല്‍ സൗകര്യം ഏർപ്പെടുത്തും. മോഡല്‍ റസിഡൻഷ്യല്‍ സ്കൂള്‍ ആരംഭിക്കും. ശുദ്ധജലം, റോഡ്, വൈദ്യുതി എന്നിവ ലഭ്യമാക്കുന്നതിനും പദ്ധതികളുണ്ട്. എല്ലാ അംഗനവാടി കെട്ടിടങ്ങളും സമയബന്ധിതമായി പൂർത്തിയാക്കും.

അംഗനവാടികളില്‍ തദ്ദേശവാസികളായ ആദിവാസികളെ വർക്കർമാരായി നിയമിക്കും. ലൈഫ് മിഷന്റെ ഭാഗമായി ഇടമലക്കുടിയില്‍ സമ്പൂർണ ഭവന പദ്ധതി നടപ്പാക്കും. വിവിധ പദ്ധതികള്‍ ഏകോപിപ്പിച്ച് നടപ്പാക്കുന്നതിനു ദേവികുളം സബ് കളക്ടറെ സ്പെഷല്‍ ഓഫീസറായി നിയമിക്കാനും മന്ത്രിസസഭ തീരുമാനിച്ചു.