വരാപ്പുഴ ശ്രീജിത്തിന്റെ ഭാര്യക്ക് സർക്കാർ ജോലി നൽകാൻ മന്ത്രിസഭായോ​ഗ തീരുമാനം

ഏതു തരത്തിലുള്ള ജോലിയാണെന്ന് വിദ്യാഭ്യാസ യോ​ഗ്യത പരിശോധിച്ച ശേഷം തീരുമാനിക്കും. ഇതോടൊപ്പം 10 ലക്ഷം രൂപ ധനസഹായം നൽകാനും മന്ത്രിസഭായോ​ഗം തീരുമാനിച്ചിട്ടുണ്ട്.

വരാപ്പുഴ ശ്രീജിത്തിന്റെ ഭാര്യക്ക് സർക്കാർ ജോലി നൽകാൻ മന്ത്രിസഭായോ​ഗ തീരുമാനം

വരാപ്പുഴയിൽ പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട ശ്രീജീത്തിന്റെ ഭാര്യയ്ക്ക് സർക്കാർ ജോലി നൽകും. ഇന്നു ചേർന്ന മന്ത്രിസഭായോ​ഗമാണ് തീരുമാനമെടുത്തത്.

ഏതു തരത്തിലുള്ള ജോലിയാണെന്ന് വിദ്യാഭ്യാസ യോ​ഗ്യത പരിശോധിച്ച ശേഷം തീരുമാനിക്കും. ഇതോടൊപ്പം 10 ലക്ഷം രൂപ ധനസഹായം നൽകാനും മന്ത്രിസഭായോ​ഗം തീരുമാനിച്ചിട്ടുണ്ട്.

ശ്രീജിത്തിനെ മർദിച്ച പൊലീസുകാരെ അറസ്റ്റ് ചെയ്തെങ്കിലും ഭാര്യയ്ക്ക് ജോലി നൽകണമെന്ന ആവശ്യം ശക്തമായിരുന്നു. ഇത് പരി​ഗണിച്ചാണ് സർക്കാർ തീരുമാനം. ശ്രീജിത്ത് കസ്റ്റഡിയിൽ കൊല്ലപ്പെട്ട് ഇത്രയും ദിവസങ്ങളായിട്ടും കുടുംബത്തെ സന്ദർശിക്കാൻ ആഭ്യന്തരവകുപ്പ് കൈകാര്യംചെയ്യുന്ന മുഖ്യമന്ത്രി തയ്യാറാവാത്തത് വിവാദമായിരുന്നു. ഇതേ തുടർന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി ശ്രീജിത്തിന്റെ വീട് സന്ദർശിച്ചിരുന്നു.

ശ്രീജിത്തിനെ കസ്റ്റഡിയിൽ ക്രൂരമായി മർദിച്ച വരാപ്പുഴ എസ്ഐ ജി എസ് ദീപക്കിനേയും മുൻ റൂറൽ എസ്പിയുടെ ആർടിഎഫിലെ അം​ഗങ്ങളായ മൂന്ന് പൊലീസുകാരേയും അറസ്റ്റ് ചെയ്തിരുന്നു. മുൻ റൂറൽ എസ്പി എ വി ജോർജിനെ നേരത്തെ തൃശൂർ പൊലീസ് അക്കാദമിയിലേക്ക് സ്ഥലം മാറ്റുകയും ചെയ്തിരുന്നു.

കൂടാതെ സിഐ ക്രിസ്പിൻ സാമിനെയും ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും. സിപിഐഎം ബ്രാഞ്ച് സെക്രട്ടറി പരമേശ്വരന്റെ വ്യാജമൊഴി ചേർത്തു, അന്യായമായി തടങ്കലിൽ വയ്ക്കുക അടക്കമുളള കേസിനാണ് സിഐ ക്രിസ്പിൻ സാമിനെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തത്.