ഉദ്യോഗത്തിലിരുന്നു വെളിപാടുകള്‍ നടത്താന്‍ ജേക്കബ് തോമസിനെ കയറൂരി വിട്ടിരിക്കുന്നു; ആരോപണങ്ങള്‍ പുസ്തകം വിറ്റുപോകാനുള്ള തന്ത്രമെന്ന് സി ദിവാകരന്‍

ജേക്കബ് തോമസിന്റെ നിലപാടുകളെ പിന്തുണയ്ക്കുന്ന സിപിഐഎമ്മിനെതിരെ പരോക്ഷ പ്രതികരണം നടത്താനും സി ദിവാകരന്‍ തയ്യാറായി. തനിക്കെതിരെയുള്ള ജേക്കബ് തോമസിന്റെ നീക്കങ്ങള്‍ക്കു ചില രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയുണ്ടെന്നും അദ്ദേഹം സംശയം പ്രകടിപ്പിച്ചു...

ഉദ്യോഗത്തിലിരുന്നു വെളിപാടുകള്‍ നടത്താന്‍ ജേക്കബ് തോമസിനെ കയറൂരി വിട്ടിരിക്കുന്നു; ആരോപണങ്ങള്‍ പുസ്തകം വിറ്റുപോകാനുള്ള തന്ത്രമെന്ന് സി ദിവാകരന്‍

തന്റെ പുസ്തകം വിറ്റു പോകാനുള്ള തന്ത്രമാണ് ഡയറക്ടര്‍ ജേക്കബ് തോമസ് നടത്തുന്നതെന്നു മുന്‍ മന്ത്രിയും സിപിഐ നേതാവുമായ സി ദിവാകരന്‍. സംസ്ഥാന മന്ത്രിയായിരുന്ന തന്നെപ്പോലുള്ളവര്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നതിലൂടെ പുസ്തകം ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചയാക്കുകയും അതുവഴി വിറ്റഴിക്കുകയും ചെയ്യുക എന്നുള്ള നീക്കമാണ് ജേക്കബ് തോമസിന്റേതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ എംഡിയായിരുന്നപ്പോള്‍ താന്‍ ശുപാര്‍ശ ചെയ്ത സിബിഐ അന്വേഷണം അന്ന് സിവില്‍ സപ്ലൈസ് മന്ത്രിയായിരുന്ന സി ദിവാകരന്‍ തള്ളിക്കളഞ്ഞുവെന്നാണ് ജേക്കബ് തോമസ് തന്റെ പുസ്തകത്തിലൂടെ ആരോപിക്കുന്നത്. അതിനു പിന്നാലെ തന്നെ പ്രസ്തുത സ്ഥാനത്ത് മാറ്റിയെന്നും ജേക്കബ് തോമസ് ഇന്നു പുറത്തിറങ്ങുന്ന പുസ്തകത്തില്‍ പറയുന്നുണ്ട്. ഇൗ ആരോപണങ്ങള്‍ക്കെതിരെയാണ് സി ദിവാകരന്‍ രംഗത്തെത്തിയത്.

ഓരോ മന്ത്രിസഭയും അധികാരമേല്‍ക്കുമ്പോള്‍ ഉദ്യോഗസ്ഥരെ സ്ഥാനം മാറ്റുന്നത് പതിവാണ്. എന്നാല്‍ താന്‍ മന്ത്രിയായി അധികാരമേറ്റെങ്കിലും ജേക്കബ് തോമസിനെ സ്ഥാനം മാ്‌ററിയിരുന്നില്ല. ഒരു വര്‍ഷം അദ്ദേഹത്തെ എന്റെ വകുപ്പില്‍ നിലനിര്‍ത്തുകയാണ് ചെയ്തത്. അതിനുശേഷമുള്ള രണ്ടാമത്തെ സര്‍ക്കാരാണ് ഇപ്പോള്‍ സംസ്ഥാനം ഭരിക്കുന്നത്.ഇക്കാലയളവില്‍ ഉയര്‍ന്നു വരാത്ത ആരോപണങ്ങള്‍ ഇപ്പോള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ സ്ഥാപിത ലക്ഷ്യങ്ങള്‍ തന്നെയാണ്- ദിവാകരന്‍ പ്രതികരിച്ചു.

ജേക്കബ് തോമസിന്റെ നിലപാടുകളെ പിന്തുണയ്ക്കുന്ന സിപിഐഎമ്മിനെതിരെ പരോക്ഷ പ്രതികരണം നടത്താനും സി ദിവാകരന്‍ തയ്യാറായി. തനിക്കെതിരെയുള്ള ജേക്കബ് തോമസിന്റെ നീക്കങ്ങള്‍ക്കു ചില രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയുണ്ടെന്നും അദ്ദേഹം സംശയം പ്രകടിപ്പിച്ചു. ഉദ്യോഗത്തിലിരുന്നുകൊണ്ട് ഇത്തരം വെളിപാടുകള്‍ നടത്താന്‍ ജേക്കബ് തോമസിനെ കയറൂരി വിട്ടിരിക്കുകയാണെന്നും സി ദിവാകരന്‍ പറഞ്ഞു. ജേക്കബ് തോമസിന്റെ പുസ്തകം പ്രകാശനം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള പ്രതിഷേധം കൂടിയാണ് സി ദിവാകരന്റെ വാക്കുകളിലുള്ളതെന്നു കരുതുന്നു.

പുസ്തകത്തില്‍ പരാമര്‍ശിക്കുന്ന കേസ് ക്യാബിനറ്റില്‍ മുന്നോട്ട് വച്ച് സിബിഐയെക്കൊണ്ട് അന്വേഷണം നടത്താന്‍ ശ്രമിച്ചത് താനാണെന്നും സി ദിവാകരന്‍ പറഞ്ഞു. ആ സ്ഥിതിക്ക് ജേക്കബ് തോമസ് അഴിമതിക്കെതിരെ പോരാട്ടം നടത്തി എന്നു അവകാശപ്പെടുന്നത് എന്തുകൊണ്ടാണെന്നു തനിക്കു മനസ്സിലാകുന്നില്ലെന്നും ദിവാകരന്‍ പറഞ്ഞു. ഈ സംഭവം നടക്കുമ്പോള്‍ ജേക്കബ് തോമസ് വകുപ്പില്‍ ഉദ്യോഗസ്ഥനല്ലെന്നും സി ദിവാകരന്‍ വെളിപ്പെടുത്തി.

ഡിജിപി ജേക്കബ് തോമസിന്റെ ആത്മകഥയായ സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ എന്ന പുസ്തകം ഇന്നു വൈകുന്നേരം പ്രസ്‌ക്ലബില്‍ വച്ചു മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്യും.