റിസോര്‍ട്ട് ലോബിക്ക് അകമഴിഞ്ഞ് സഹായം: അട്ടപ്പാടിയിലെ കൊടുംവനത്തിൽ കേന്ദ്ര ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് റോഡ് വെട്ടി

റിസോര്‍ട്ട് ലോബിക്കു വേണ്ടിയാണ് ലക്ഷങ്ങള്‍ കൈക്കൂലി വാങ്ങി ഉദ്യോഗസ്ഥര്‍ റോഡ് നിര്‍മ്മിച്ചിരിക്കുന്നത്. ഒരു മാസമായി കാടിനുള്ളിലൂടെ റോഡ് നിര്‍മ്മാണം നടന്നിട്ടും വിവരം അറിയിച്ചിട്ടും ബന്ധപ്പെട്ട വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിഞ്ഞില്ലെന്ന് നടിച്ചത് തന്നെ ഇതുകൊണ്ടാണ്.

റിസോര്‍ട്ട് ലോബിക്ക് അകമഴിഞ്ഞ് സഹായം: അട്ടപ്പാടിയിലെ കൊടുംവനത്തിൽ കേന്ദ്ര ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് റോഡ് വെട്ടി

അട്ടപ്പാടിയിലെ കൊടുംവനത്തിലൂടെ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് റോഡ് വെട്ടി. റിസോര്‍ട്ട് ലോബിക്കായാണ് ഇവർ വഴിവിട്ട പണി ചെയ്തതെന്ന് നാരദ ന്യൂസ് അന്വേഷണത്തിൽ വ്യക്തമായി. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയിലെ ചില ഉന്നത ഉദ്യോഗസ്ഥരാണ് സംസ്ഥാന വനം വകുപ്പിന്റെ മൗനാനുവാദത്തോടെ വനത്തിനുള്ളിലൂടെ നാലു കിലോമീറ്ററിലേറെ ദൂരം റോഡ് വെട്ടിയത്. അഗളിയിലെ വെള്ളമാരി മലയിലെ വനത്തിലൂടെയാണ് ജെസിബിയും ഹിറ്റാച്ചിയും ഉപയോഗിച്ച് വന്‍മരങ്ങള്‍ പിഴുതുമാറ്റി വലിയ വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയുന്ന വിധത്തില്‍ റോഡ് വെട്ടിയത്. ഒരു മാസത്തിലേറെയായി നീണ്ടു നിന്ന റോഡ് വെട്ടല്‍ നാലു ദിവസം മുമ്പാണ് പൂര്‍ത്തിയായത്. റോഡ് വെട്ടല്‍ പൂര്‍ത്തിയാകുന്നത് വരെ തൊട്ടടുത്തുള്ള വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അങ്ങോട്ടു തിരിഞ്ഞു നോക്കിയതുമില്ല.

മണ്ണിനടിയിലെ ഇരുമ്പയിര്, ചുണ്ണാമ്പുക്കല്ല്, തുടങ്ങിയ ധാതു നിക്ഷേപങ്ങള്‍ ഖനനത്തിലൂടെ കണ്ടെത്തുന്ന ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയിലെ ചില ഉദ്യോഗസ്ഥരും വനംവകുപ്പും ചേര്‍ന്ന് തൊട്ടടുത്ത റിസോര്‍ട്ട് മാഫിയയെ സഹായിക്കാന്‍ വേണ്ടിയുണ്ടാക്കിയ റോഡാണിതെന്ന് നാരദ ന്യൂസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി.

അട്ടപ്പാടി വനാന്തരങ്ങളിലും മലമ്പ്രദേശങ്ങളിലും പലയിടത്തും ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ പര്യവേക്ഷണം നടത്തി വരുന്നുണ്ട്. കഴിഞ്ഞ കുറച്ചു മാസങ്ങളായി ഇപ്പോള്‍ റോഡ് വെട്ടിയ പ്രദേശത്തും പഠനം നടത്തി വന്നിരുന്നു. ഇവിടെ ചുണ്ണാമ്പുക്കല്ലിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ടെന്ന് പറയപ്പെടുന്നെങ്കിലും സ്ഥിരികരിച്ചിട്ടില്ല. ഇപ്പോള്‍ റോഡ് വെട്ടിയ സ്ഥലത്ത് നിന്നും മൂന്നു കിലോമീറ്റര്‍ അകലെ പ്രമുഖ റിസോര്‍ട്ട് പ്രവര്‍ത്തിക്കുന്നുണ്ട്. അട്ടപ്പാടിയിലെ കാട് കാണാനെത്തുന്ന വിദേശികള്‍ ഈ റിസോര്‍ട്ടില്‍ താമസിക്കാന്‍ എത്താറുണ്ട്. ട്രക്കിങ്ങ്, സൈക്കിള്‍ സവാരി തുടങ്ങിയവ നടത്തി അനധികൃതമായി വനത്തിനുള്ളിലേക്ക് ഇവര്‍ വിദേശികളെ കൊണ്ടുപോകാറുമുണ്ട്. പുതിയ റോഡ് വെട്ടിയതോടെ കൂടുതല്‍ വനാന്തരങ്ങളിലേക്ക് ജീപ്പ് സവാരി നടത്താന്‍ പ്രയോജനകരമാകും. ഈ പ്രദേശത്ത് പുതിയ റിസോര്‍ട്ട് നിര്‍മ്മിക്കാനായി ചില പ്രമുഖര്‍ സ്ഥലം വാങ്ങിയിട്ടതായി സമീപവാസികള്‍ വ്യക്തമാക്കി. ഈ റിസോര്‍ട്ട് ലോബിക്കു വേണ്ടിയും തൊട്ടടുത്ത് പുതിയതായി സ്ഥലം വാങ്ങിയവര്‍ക്കും വേണ്ടിയുമാണ് ലക്ഷങ്ങള്‍ കൈക്കൂലി വാങ്ങി ഉദ്യോഗസ്ഥര്‍ റോഡ് നിര്‍മ്മിച്ചിരിക്കുന്നത്. ഒരു മാസമായി കാടിനുള്ളിലൂടെ റോഡ് നിര്‍മ്മാണം നടന്നിട്ടും വിവരം അറിയിച്ചിട്ടും ബന്ധപ്പെട്ട വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിഞ്ഞില്ലെന്ന് നടിച്ചത് തന്നെ ഇതുകൊണ്ടാണ്.

അതേസമയം, റോഡ് വെട്ടിയ സംഭവം ഭാവിയില്‍ വിവാദമായാല്‍ അതില്‍ നിന്ന് സാങ്കേതികമായി തലയൂരാനുള്ള നടപടികളും കഴിഞ്ഞ ദിവസം വനംവകുപ്പ് നടത്തി. റോഡ് വെട്ടിച്ച ഉന്നത ഉദ്യോഗസ്ഥരെ ഒഴിവാക്കി, റോഡ് വെട്ടിയ ചില തൊഴിലാളികള്‍ക്ക് എതിരെ വനംവകുപ്പ് കേസെടുത്തു. പ്രതികളെ രക്ഷിക്കാന്‍ വളരെ ദുര്‍ബലമായ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. വനസംരക്ഷണ നിയമം 27 പ്രകാരം വനത്തില്‍ മണ്ണിളക്കിയെന്ന കേസാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. മണ്ണാര്‍ക്കാട് റെയ്ഞ്ച് ഓഫീസറാണ് പ്രതികള്‍ക്കെതിരെ ഈ വകുപ്പ് ചുമത്തി കേസെടുത്തത്. ഈ കേസ് പ്രകാരം കേസെടുത്ത റെയ്ഞ്ച് ഓഫീസര്‍ക്കു തന്നെ പ്രതികളെ ജാമ്യത്തില്‍ വിടാം. ചില പേപ്പറുകളില്‍ ഒപ്പിടണം എന്നത് മാത്രമേ ആകെ ചെയ്യേണ്ടതുളളു. ഇന്നലെ അറസ്റ്റ് ചെയ്ത എല്ലാ പ്രതികളേയും റെയ്ഞ്ച് ഓഫീസര്‍ ഫോണില്‍ വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തി വിട്ടയക്കുകയാണ് ചെയ്തത്.

വനംസംരക്ഷണ നിയമം 62 ( ഡി) പ്രകാരം ജാമ്യം കിട്ടാത്ത കേസ് എടുക്കേണ്ടിടത്താണ് പ്രതികള്‍ക്കെതിരെ നിസാര വകുപ്പ് ചുമത്തി രക്ഷിക്കാന്‍ വനംവകുപ്പ് തന്നെ ശ്രമിക്കുന്നത്. വനത്തിന്റെ അതിരു മാറ്റുക, വനത്തിനകത്ത് റോഡ് നിര്‍മ്മിക്കുക, മരങ്ങള്‍ മുറിക്കുക തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്ക് വനസംരക്ഷണ നിയമം 62 (ഡി) പ്രകാരമാണ് കേസെടുക്കാറുള്ളത്. ഈ നിയമപ്രകാരം അറസ്റ്റ് ചെയ്താല്‍ പ്രതികളെ കോടതിയില്‍ ഹാജരാക്കേണ്ടി വരും. പ്രതികള്‍ക്ക് ജാമ്യം നല്‍കേണ്ടതും കോടതിയാണ്. എന്നാല്‍ നിലവിലുള്ള കേസ് പ്രകാരം പ്രതികളായിട്ടുള്ളവര്‍ക്ക് കോടതിയില്‍ പിഴയടച്ച് രക്ഷപ്പെടാന്‍ കഴിയും. ഇപ്പോള്‍ പുതിയതായി വെട്ടിയ റോഡ് പൂര്‍വ്വസ്ഥിതിയിലാക്കാന്‍ നടപടികളും ഉണ്ടാവില്ല. പരിസ്ഥിതി പ്രവര്‍ത്തകരില്‍ നിന്നുള്ള എതിര്‍പ്പോ സര്‍ക്കാറില്‍ നിന്നുള്ള കര്‍ശനമായ നടപടികളോ ഇല്ലാത്ത പക്ഷം കൊടുംകാട്ടിലൂടെ വെട്ടിയ റോഡ് അടുത്തു തന്നെ കോണ്‍ക്രീറ്റ് ചെയ്യാനും നീക്കമുണ്ട് എന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

Read More >>