ആസിമിനെ സന്ദർശിച്ച് ബ്രെറ്റ് ലീ; ഓസ്‌ട്രേലിയൻ ലെജന്റിനെ പുകഴ്ത്തി സോഷ്യൽ മീഡിയ

തന്റെ സ്‌കൂളിന് ഹൈസ്‌കൂൾ അനുവദിക്കണമെന്നാവശ്യപ്പെട്ട് ആസിം മുഖ്യമന്ത്രിക്ക് കത്തെഴുതിയിരുന്നു. തന്റെ കാൽവിരലുകൾ കൊണ്ടാണ് അവൻ കത്തെഴുതിയത്.

ആസിമിനെ സന്ദർശിച്ച് ബ്രെറ്റ് ലീ; ഓസ്‌ട്രേലിയൻ ലെജന്റിനെ പുകഴ്ത്തി സോഷ്യൽ മീഡിയ

ജന്മനാ ഇരു കൈകളുമില്ലാത്ത ആസിമിനെ സന്ദർശിച്ച് മുൻ ഓസ്‌ട്രേലിയൻ പേസറും നിലവിൽ ഐപിഎൽ കമന്ററി പാനൽ അംഗവുമായ ബ്രെറ്റ് ലീ. ആസിമിന് കായികമേഖലയോടുള്ള കമ്പം ചോദിച്ചറിഞ്ഞ അദ്ദേഹം തന്റെ കയ്യൊപ്പോടു കൂടിയ ഒരു ഫുട്‍ബോൾ സമ്മാനിച്ചിട്ടാണ് മടങ്ങിയത്. ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.കോഴിക്കോട് ജില്ലയിലെ വെളിമണ്ണ യുപി സ്‌കൂളില്‍ ഏഴാം ക്ലാസില്‍ പഠിക്കുന്ന മുഹമ്മദ് ആസിം ജന്മനാ ഇരു കൈകളും ഇല്ലാത്ത കുട്ടിയാണ്. ഏഴാം ക്ലാസ് പാസായ അസീമിന് തുടർപഠനം നടത്തണമെങ്കിൽ കുറച്ചധികം ദൂരെയുള്ള ഹൈസ്‌കൂളിലേക്ക് പോകണം. കൈകൾ ഇല്ലാത്തതു കൊണ്ട് തന്നെ ഏറെ ദൂരം യാത്ര ചെയ്യാൻ അവനു കഴിയില്ല. തുടർന്ന് തന്റെ സ്‌കൂളിന് ഹൈസ്‌കൂൾ അനുവദിക്കണമെന്നാവശ്യപ്പെട്ട് ആസിം മുഖ്യമന്ത്രിക്ക് കത്തെഴുതിയിരുന്നു. തന്റെ കാൽവിരലുകൾ കൊണ്ടാണ് അവൻ കത്തെഴുതിയത്.

ഇത് ആസിമിന്റെ മാത്രം ആവശ്യമില്ലെന്നും വെള്ളിമണ്ണ യുപി സ്‌കൂൾ ഹായ് സ്‌കൂളാക്കി ഉയർത്തണമെന്നും സ്ഥലവാസികൾ ആവശ്യപ്പെടുന്നുണ്ട്. ആസിമിന്റെ സ്വപ്നങ്ങള്‍ക്ക് പിന്തുണയുമായി ഒരു ഗ്രാമം മുഴുവനുണ്ട്. ഹൈസ്‌ക്കൂളിന് സര്‍ക്കാര്‍ പച്ചക്കെടി കാണിച്ചാല്‍ അതിനായുള്ള ഏല്ലാ സൗകര്യങ്ങളും വെളിമണ്ണ ഗ്രാമത്തിലുണ്ട്. ഈ ഗ്രാമത്തിലേക്ക് ഒരു ഹൈസ്‌ക്കൂൾ എത്തിയാല്‍ ശാരീരിക വെല്ലുവിളികളെ അതിജീവിച്ച് അതിനായി പ്രവര്‍ത്തിച്ച ഒരു ഏഴാം ക്ലാസുകാരന്റെ വിജയഗാഥ കൂടിയാവും. ഇത്‌ ഭിന്നശേഷിയുള്ള ആസിമിന്റെ മാത്രമല്ല, സ്വന്തം നാട്ടിൽ ഒരു ഹൈസ്കൂൾ എന്ന ആ നാട്ടുകാരുടെയും വലിയൊരു സ്വപ്നമാണ്.

നടക്കാവ് ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂളിലെ കുട്ടികളുമായി സംവദിക്കാനാണ് താരം കോഴിക്കോടെത്തിയത്. സ്വന്തം കഴിവിൽ വിശ്വസിക്കാനും ഒരിക്കലും തോറ്റു കൊടുക്കരുതെന്നും അദ്ദേഹം കുട്ടികളെ ഉപദേശിച്ചു. കുട്ടികളുമായി ക്രിക്കറ്റ് കളിക്കാനും അദ്ദേഹം സമയം കണ്ടെത്തി. ഫിറ്റ്നസിനെപ്പറ്റി ബോധവാന്മാരാകണമെന്ന് ഉപദേശിച്ച ബ്രെറ്റ് ലീ പരിക്ക് മൂലം തനിക്ക് ഒരുപാട് മത്സരങ്ങൾ നഷ്ടമായിട്ടുണ്ടെന്നും കുട്ടികളോട് പറഞ്ഞു. സച്ചിനെപ്പറ്റി താൻ ദുസ്വപ്നം കാണാറുണ്ടായിരുന്നെന്നും ഇരുവരും തമ്മിൽ ആരോഗ്യകരമായ ഒരു മത്സരം നടന്നിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഓസ്‌ട്രേലിയക്ക് വേണ്ടി ഏതാണ്ട് 12 വർഷത്തോളം ജേഴ്സിയണിഞ്ഞ താരമാണ് ബ്രെറ്റ് ലീ. അന്താരാഷ്‌ട്ര ക്രിക്കറ്റിലെ വേഗക്കാരിൽ ഉൾപ്പെടുന്ന അദ്ദേഹം ഐപിഎല്ലിൽ കിങ്‌സ് ഇലവൻ പഞ്ചാബിന് വേണ്ടിയും കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് വേണ്ടിയും കളത്തിലിറങ്ങിയിട്ടുണ്ട്. എക്കാലത്തെയും മികച്ച പേസ് ബൗളർമാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന ബ്രെറ്റ് ലീ കഴിഞ്ഞ വര്ഷം മുതലാണ് മുഴുവൻ സമയ കമന്ററിയിലേക്ക് മാറിയത്.
Read More >>