ഇനി ഈരാറിന്റെ തീരത്ത് അക്ഷരങ്ങൾ പെയ്തിറങ്ങും; പുസ്തകോത്സവവുമായി മലയോര പട്ടണമായ ഈരാറ്റുപേട്ട...

കേവലമൊരു പുസ്തക കച്ചവടമല്ല ഈ സംരംഭം കൊണ്ട് ഈ നാട് ഉദ്ദേശിക്കുന്നത്. മറിച്ച് വായനയെ പ്രണയിക്കുന്ന വലിയൊരു വിഭാ​ഗം ആളുകളെ കൂടുതൽ ഉത്തേജിപ്പിക്കുകയും പുസ്തകങ്ങളുമായി ബന്ധമില്ലാത്തവർക്ക് അതുണ്ടാക്കിക്കൊടുക്കുകയും ചെയ്യുക എന്ന വലിയൊരു ദൗത്യമാണ് ഈ പുസ്തകോത്സവത്തിനു പിന്നിലുള്ളത്.

ഇനി ഈരാറിന്റെ തീരത്ത് അക്ഷരങ്ങൾ പെയ്തിറങ്ങും; പുസ്തകോത്സവവുമായി മലയോര പട്ടണമായ ഈരാറ്റുപേട്ട...

അക്ഷരങ്ങൾ അനേകം സംസ്കാരങ്ങളുടെയും ഭാഷയുടെയും ആശയങ്ങളുടേയും വിത്തുകളാണ്. അറിവിന്റെ വസന്തം വിരിയിക്കുന്ന മഴത്തുള്ളികളാണ്. ഇനി ഈരാറിന്റെ നാട്ടിൽ അക്ഷരങ്ങളുടെ പേമാരി പെയ്തിറങ്ങും. കോട്ടയം ജില്ലയിലെ മലയോര പട്ടണമായ ഈരാറ്റുപേട്ടയിൽ നടക്കുന്ന അക്ഷരങ്ങളുടെ ഉത്സവത്തിൽ മജീദും സുഹ്റയും രമണനും ചന്ദ്രികയും കേശവൻ നായരും സാറാമ്മയും അടക്കം ഒരുപാടൊരുപാട് കഥാപാത്രങ്ങൾ സന്ദർശനം നടത്തും. എംടിയും ബഷീറും കമല സുരയ്യയും വി ടിയും ഒ വി വിജയനും കുഞ്ഞുണ്ണിമാഷും ബെന്യാമിനും പാറക്കടവുമടക്കം മലയാളത്തിന്റെ പ്രിയ എഴുത്തുകാർ പുഞ്ചിരിക്കും. വായന ഓൺലൈനിൽ നിന്നിറങ്ങി ഓഫ് ലൈനിൽ നൃത്തംവയ്ക്കും.ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയും എന്റെ ഈരാറ്റുപേട്ട ഫേസ്ബുക്ക് കൂട്ടായ്മയും സംയുക്തമായി നടത്തുന്ന പുസ്തകോത്സവം ഈ നാടിന്റെ അക്ഷര സ്പന്ദനങ്ങളുടെ കടലിരമ്പമാണ്. ഈ മാസം നാലു മുതൽ ഏഴു വരെ ഈരാറ്റുപേട്ട പ്രൈവറ്റ് ബസ് സ്റ്റാൻഡിനു സമീപം പുതുതായി പണികഴിപ്പിച്ച ഹൈജീനിക് മാർക്കറ്റ് കോംപ്ലക്സിലാണ് പുസ്തകോത്സവം നടക്കുന്നത്. നാടിന്റെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന വായനാ സംസ്‌കാരം തിരിച്ചുപിടിക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് പുസ്തകോത്സവം സംഘടിപ്പിക്കുന്നത്. ഒരു കാലത്ത് നാടിന്റെ സാസ്‌കാരിക മുഖം ആയിരുന്ന വായനശാലകളും ലൈബ്രറികളും നിലച്ചുപോയതാണ് ഇത്തരമൊരു ഉത്സവം സംഘടിപ്പിക്കാൻ ഇവിടുത്തെ ചെറുപ്പക്കാരേയും അക്ഷരങ്ങളെ സ്‌നേഹിക്കുന്ന മുനിസിപ്പാലിറ്റിയേയും നയിച്ചത്.കേരളത്തിലെ പ്ര​ഗത്ഭരായ 20ഓളം പ്രസാദകരെ കൂടാതെ മേഖലയിലെ പുതുമുഖങ്ങളും ഇവിടെ പുസ്തകങ്ങളുമായെത്തും. കേവലമൊരു പുസ്തക കച്ചവടമല്ല ഈ സംരംഭം കൊണ്ട് ഈ നാട് ഉദ്ദേശിക്കുന്നത്. മറിച്ച് വായനയെ പ്രണയിക്കുന്ന വലിയൊരു വിഭാ​ഗം ആളുകളെ കൂടുതൽ ഉത്തേജിപ്പിക്കുകയും പുസ്തകങ്ങളുമായി ബന്ധമില്ലാത്തവർക്ക് അതുണ്ടാക്കിക്കൊടുക്കുകയും ചെയ്യുക എന്ന വലിയൊരു ദൗത്യമാണ് ഈ പുസ്തകോത്സവത്തിനു പിന്നിലുള്ളത്. അക്ഷരങ്ങളുമായി അകന്നുനിൽക്കുന്ന പുതുതലമുറയെ വായനയിലേക്ക് കൂടുതൽ അടുപ്പിക്കുക എന്നതും കേരളത്തിന്റെ ​ഗ്രാമീണ മേഖലയിൽ ആദ്യമായി നടക്കുന്ന ഈ പുസ്തകോത്സവത്തിന്റെ ലക്ഷ്യമാണ്.ഇതിനോടകം ഒരുപാട് ജനകീയ സംരംഭങ്ങളും സഹായ-വികസന-ക്ഷേമ പ്രവർത്തനങ്ങളും കാഴ്ച വച്ച എന്റെ ഈരാറ്റുപേട്ട ഫേസ്ബുക്ക് കൂട്ടായ്മയാണ് പുസ്തകോത്സവത്തിനു ചുക്കാൻ പിടിച്ചത്. ​​ഈരാറ്റുപേട്ടയിൽ ഒരു പുസ്തകോത്സവം നടത്താമെന്ന അഭിപ്രായം ഫേസ്ബുക്ക് ​ഗ്രൂപ്പിലാണ് ആദ്യമായി ഉയർന്നുവന്നത്. ഇക്കാര്യം അഡ്മിൻമാർ മുനിസിപാലിറ്റിയെ അറിയിക്കുകയും അവർ ഇരു കൈയും നീട്ടി സ്വീകരിക്കുകയുമായിരുന്നു. രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാ അം​ഗങ്ങളും ഈ സംരംഭത്തെ ഐകകണ്ഠേന പിന്തുണയ്ക്കുകയും മുനിസിപ്പൽ കൗൺസിൽ ഔദ്യോ​ഗികമായി അം​ഗീകരിക്കുകയും ചെയ്തു. തുടർന്ന് പുസ്തകോത്സവം നടത്താനായി സ്ഥലം വിട്ടുനൽകുകയുമായിരുന്നു. ഇന്ത്യയിൽ ഏറ്റവും ജനസാന്ദ്രതയേറിയ മുനിസിപ്പാലിറ്റിയും ​ഹൈറേഞ്ചിന്റെ കവാടവുമായ ഈരാറ്റുപേട്ടയിൽ ഇത്തരമൊരു പരിപാടി നടക്കുന്നത് ആദ്യമായാണ്.20ഓളം എഴുത്തുകാരുള്ള ഈരാറ്റുപേട്ടയിൽ അവരുടെ സം​ഗമം കൂടി ഈ പുസ്തകോത്സവത്തിൽ സംഘടിപ്പിക്കുന്നുണ്ട്. പ്രസംഗ മത്സരം, വാർത്താ വായന മത്സരം, ക്വിസ്, ചിത്ര രചനാ മത്സരം, പ്രബന്ധ രചനാ മത്സരം, പുസ്തക നിരൂപണം തുടങ്ങിയ മത്സരങ്ങൾക്കും പുസ്തകോത്സവം വേദിയാകും. കൂടാതെ, ഇമേജിന്റെ നേതൃത്വത്തിൽ കരിയർ എക്സിബിഷനും സംഘടിപ്പിക്കുന്നുണ്ട്. തലമുറകൾ ആ​ഗ്രഹിച്ചൊരു ഉദ്യമം നടത്താനുള്ള വെല്ലുവിളി ഏറ്റെടുത്ത എന്റെ ഈരാറ്റുപേട്ട ഫേസ്ബുക്ക് കൂട്ടായ്മയും മുനിസിപ്പാലിറ്റിയും വലിയൊരു സന്ദേശമാണ് ഇന്നത്തെ തലമുറയ്ക്കു നൽകുന്നത്. ചിതലരിച്ചു പോവാത്ത അക്ഷര സമ്പത്തിനെ സ്വന്തമാക്കാനുള്ള അമൂല്യമായൊരു അവസരവും കൂടിയാണ് ഈ കൊച്ചുനാട് വച്ചുനീട്ടുന്നത്.

Read More >>