ബോംബേറ് പ്രവചിച്ച ബിജെപി നേതാവിന്റെ നുണ ചീറ്റി; അത് വേറെ ബോംബേറെന്ന് നേതാവ്

ജയദേവിന്റെ പോസ്റ്റ് കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടക്കുന്നതിനിടയിലാണ് അത് കഴിഞ്ഞവര്‍ഷത്തെ കാര്യമാണെന്ന പോസ്റ്റ് വന്നത്- ഇതോടെ തലയില്‍ പൂടതപ്പിയ കോഴിക്കള്ളന്റെ അവസ്ഥയിലായി ബിജെപി...

ബോംബേറ് പ്രവചിച്ച ബിജെപി നേതാവിന്റെ നുണ ചീറ്റി; അത് വേറെ ബോംബേറെന്ന് നേതാവ്

തിരുവനന്തപുരം ബിജെപി ജില്ലാകമ്മിറ്റി ഓഫീസില്‍ ബോംബെറിഞ്ഞ സംഭവം തന്റെ പ്രവചനമായിരുന്നില്ലെന്നും കഴിഞ്ഞ വര്‍ഷം കുന്നുകുഴിയിലെ സംസ്ഥാന കമ്മിറ്റി ഓഫീസില്‍ ബോംബെറിഞ്ഞ കാര്യമാണ് താന്‍ ഫേസ്ബുക്കിലൂടെ സൂചിപ്പിച്ചതെന്നും വ്യക്തമാക്കി യുവമോര്‍ച്ച നേതാവ് ജയദേവ് ഹരീന്ദ്രന്‍ നായര്‍. ജില്ലാകമ്മിറ്റി ഓഫീസില്‍ ബോംബാക്രമണം നടക്കുന്നതിനു രണ്ടു മണിക്കൂര്‍ മുമ്പ് ആക്രമണം നടന്നതായി കാട്ടി ജയദേവ് ഫേസ്ബുക്കില്‍ ചെയ്ത പോസ്റ്റാണ് വിവാദമായത്.തന്റെ പോസ്റ്റ് വിവാദമായതോടെ ജയദേവ് പോസ്റ്റ് ഡിലീറ്റ് ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 26ന് കുന്നുകുഴിയിലെ സംസ്ഥാനകമ്മിറ്റി ഓഫീസിന് നേരെ നടന്ന ബോംബേറിശനക്കുറിച്ചായിരുന്നു താന്‍ സൂചിപ്പിച്ചതെന്നാണ് ജയദേവ് ഫേസ്ബുക്കില്‍ തന്നെയിട്ട പുതിയ പോസ്റ്റില്‍ സൂചിപ്പിക്കുന്നത്. തന്റെ പോസ്റ്റ് ബിജെപിക്കു തിരിച്ചടിച്ചതോടെയാണ് പുതിയ പോസ്റ്റുമായി ജയദേവ് രംഗപ്രവേശം ചെയ്തത്. ബി ജെ പി മുന്‍ പ്രസിഡന്റ് വി മുരളീധരന്റെ വിശ്വസ്തന്‍ കൂടിയാണ് യുവമോര്‍ച്ച നേതാവായ ജയദേവ്.


ഇതിനിടെ കഴിഞ്ഞ ദിവസം ബോംബാക്രമണം ബിജെപി തന്നെ തയ്യാറാക്കിയ തിരക്കഥയുടെ ഭാഗമായിരുന്നുവെന്നു കാട്ടി സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ രംഗത്തെത്തിയിരുന്നു. ബി ജെ പി ഓഫീസിലെ ബോംബാക്രമണം നേതൃതം അറിഞ്ഞുകൊണ്ടുളള തിരക്കഥയായിരുന്നുവെന്നാണ് ആനാവൂര്‍ ആരോപിക്കുന്നത്. ഓഫീസില്‍ ബോംബേറുണ്ടായത് രാത്രി 8:30നും 9നും ഇടയിലായിരുന്നുവെങ്കില്‍ വൈകുന്നേരം 6.30 ന് തന്നെ ജയദേവ് പോസ്റ്റിട്ട കാര്യം തന്റെ പോസ്റ്റില്‍ ആനാവൂര്‍ ചൂണ്ടിക്കാട്ടുന്നു.

ജയദേവിന്റെ പോസ്റ്റ് കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടക്കുന്നതിനിടയിലാണ് അത് കഴിഞ്ഞവര്‍ഷത്തെ കാര്യമാണെന്ന പോസ്റ്റ് വന്നത്- ഇതോടെ ലയില്‍ പൂടതപ്പിയ കോഴിക്കള്ളന്റെ അവസ്ഥയിലായി ബിജെപി.