മുഖ്യമന്ത്രിക്ക് ഓഫീസ് ഉണ്ടെന്നു മനോരമ പ്രചരിപ്പിക്കുന്ന ബിജെപി ആസ്ഥാനം: അമിത് ഷാ തറക്കല്ലിട്ടത് കോര്‍പ്പറേഷന്റെ നിര്‍മ്മാണ അനുവാദമില്ലാത്ത കെട്ടിടത്തിന്

കടലാസ് പണികള്‍ പോലും നടക്കാത്ത കെട്ടിടത്തില്‍ മുഖ്യമന്ത്രിക്ക് ഓഫീസ് നിര്‍മ്മിച്ച് മനോരമ വാര്‍ത്ത. ബിജെപി സംസ്ഥാന മന്ദിരത്തിന്റെ ഫയല്‍ 14 കുഴപ്പങ്ങളില്‍ കുരുങ്ങി അനുവാദം ലഭിക്കാതെ കോര്‍പ്പറേഷന്‍ ഓഫീസില്‍- ദേശീയ അധ്യക്ഷന്‍ തറക്കല്ലിട്ടത് അനുവാദം ലഭിക്കാത്ത കെട്ടിടത്തിന്

മുഖ്യമന്ത്രിക്ക് ഓഫീസ് ഉണ്ടെന്നു മനോരമ പ്രചരിപ്പിക്കുന്ന ബിജെപി ആസ്ഥാനം: അമിത് ഷാ തറക്കല്ലിട്ടത് കോര്‍പ്പറേഷന്റെ നിര്‍മ്മാണ അനുവാദമില്ലാത്ത കെട്ടിടത്തിന്

തൈക്കാട് വില്ലേജില്‍ തിരുവനന്തപുരം കോര്‍പ്പറേഷനിലെ വാര്‍ഡ് 42ല്‍ മാരാര്‍ജി ഭഭവന്‍ പൊളിച്ച് നിര്‍മ്മിക്കുന്ന ബിജെപിയുടെ സംസ്ഥാന ആസ്ഥാനത്തിന് അനുമതിയില്ല. അനുമതി തേടി ഈ വര്‍ഷം ഏപ്രില്‍ 13ന് അപേക്ഷ നല്‍കിയെങ്കിലും 14 കുഴപ്പങ്ങള്‍ ചൂണ്ടിക്കാട്ടി കോര്‍പ്പഷന്‍ ഫയല്‍ മടക്കി. നിര്‍മ്മാണ ചട്ടങ്ങള്‍ പാലിക്കുന്നു എന്നുറപ്പു വരുത്തുന്ന അനുമതി പത്രങ്ങളാണ് ഇതിലേറെയും.

ജൂണ്‍ 16ന് ഫയല്‍ മടക്കുമ്പോള്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ വിശദീകരണം നല്‍കണം എന്ന ആവശ്യവും അപേക്ഷകരായ ഒ. രാജഗോപാല്‍ എംഎല്‍എയോടും കെ. വി ശ്രീധരനോടും ഉന്നയിച്ചിരുന്നു. അനുവദിച്ച സമയപരിധി കഴിഞ്ഞിട്ടും മറുപടി നല്‍കാന്‍ സാധിച്ചിട്ടില്ല.

അംഗീകാരം ലഭിക്കാത്ത കെട്ടിടത്തിന്റെ പ്ലാനില്‍ മുഖ്യമന്ത്രിക്ക് ഓഫീസുണ്ടെന്ന് മനോരമയുടെ ഒന്നാം പേജില്‍ സുജിത് നായര്‍ വാര്‍ത്ത നല്‍കിയിരുന്നു. ഇല്ലാത്ത കെട്ടിടത്തില്‍ മുഖ്യമന്ത്രിക്ക് ഓഫീസ് നിര്‍മ്മിക്കുന്നു എന്ന പ്രചാരവേലയ്ക്ക് ബിജെപി മനോരമയുടെ ഒന്നാം പേജ് ഉപയോഗിച്ചത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

നിലവില്‍ കോര്‍പ്പറേഷനില്‍ നല്‍കിയ അപേക്ഷയിലെ സൈറ്റ് പ്ലാനില്‍ വസ്തുവിന്റെ പൂര്‍ണ്ണമായ വിവരങ്ങള്‍ അടയാളപ്പെടുത്തിയിട്ടില്ല. കെട്ടിടത്തിന്റെ ഉയരം സംബന്ധിച്ചും വ്യക്തതയില്ല. കെട്ടിടത്തിന്റെ ഉയരം കണക്കാക്കുന്നതിനു ഈ വസ്തുവിലേക്കുള്ള റോഡ് ലെവലും നിർമാണം പൂർത്തിയായ ശേഷമുള്ള കവാടത്തിൽ നിന്നുള്ള റോഡ് ലെവലും സെക്ഷൻ പ്ലാനിൽ അടയാളപ്പെടുത്തിയിട്ടില്ല. അംഗീകൃത മാസ്റ്റർപ്ലാൻ പ്രകാരം കെട്ടിടം നിർമിക്കുന്നത് റെസിഡൻഷ്യൽ സോണിലാണ്. നിർമിക്കുന്നത് കച്ചവട ആവശ്യങ്ങൾക്കുള്ള കെട്ടിടമാണോ എന്നത് സംബന്ധിച്ച് വ്യക്തതയില്ല. വസ്തുവിന്റെ അതിരുകൾക്ക് ഇടയിലുള്ള സ്ഥലത്തിന്റെ അളവ് രേഖപ്പെടുത്തിയിട്ടില്ല. ഡീറ്റൈൻഡ് വാൾ സംബന്ധിച്ച വിവരങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നൽകിയിരിക്കുന്ന പ്ലാനിലെ വിവരങ്ങൾ അപര്യാപ്തമായതിനാൽ അംഗീകാരം നൽകാൻ സാധിക്കില്ല എന്ന് കോർപ്പറേഷൻ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

ജൂണ്‍ മൂന്നിന് ദേശീയ അധ്യക്ഷന്‍ അമിത്ഷായാണ് തറക്കല്ലിട്ടത്. സിപിഐഎം ഭരിക്കുന്ന കോര്‍പ്പറേഷനില്‍ പ്രതിപക്ഷ സ്ഥാനത്താണ് ബിജെപിയുള്ളത്. കേരളത്തില്‍ വരാനിരിക്കുന്ന ബിജെപി സര്‍ക്കിരിന്റെ ശിലാസ്ഥാപനമാണ് നടത്തുന്നതെന്ന് അമിത് ഷാ അന്നു പറഞ്ഞിരുന്നു.

മന്ദിരത്തിന്റെ രണ്ടാം നിലയില്‍ മുഖ്യമന്ത്രിക്കും സംസ്ഥാന അധ്യക്ഷനും മുറികളുണ്ടെന്നായിരുന്നു മനോരമ വാര്‍ത്ത. ഏകെജി സെന്ററിലും സൗകര്യവും ആഢംബരവുമുള്ള കെട്ടിടമാണ് എന്നും പ്രചാരണമുണ്ടായിരുന്നു.

ഫോട്ടോഷോപ്പ് ചെയ്ത് പ്രചരിപ്പിക്കുന്ന ആസ്ഥാന മന്ദിരം എന്നു പറയുന്ന രൂപരേഖയ്ക്ക് കോര്‍പ്പറേഷന്റെ അനുവാദം ലഭിച്ചിട്ടില്ല എന്നതും 14 കുഴപ്പങ്ങള്‍ തിരുത്താന്‍ തയ്യാറാകുന്നില്ല എന്നതും ഇക്കാര്യത്തിലെ ബിജെപിയുടെ വ്യാജപ്രചരണം ഏറ്റെടുത്ത മനോരമയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യും.

ഫോട്ടോഷോപ്പ് ചെയ്ത ചിത്രം കാണിച്ച് പിരിവ് നടത്തുന്ന മന്ദിര നിര്‍മ്മാണ തട്ടിപ്പുകള്‍ ഏറെ നടക്കുന്ന സംസ്ഥാനത്ത് നിയമപരമായ അനുവാദം ലഭിക്കാത്ത കെട്ടിടത്തിലെ മുറികളുടെ വിശദീകരണം നല്‍കി മനോരമ കൂട്ടുനിന്നത് ഏതുതരം പ്രചരണത്തിനാണെന്ന ചോദ്യം ഉയരുന്നു.

മോദി അനുകൂല വാര്‍ത്താ പ്രചരണത്തിന് എല്ലാ മാധ്യമങ്ങളിലും റിക്രൂട്ട്‌മെന്റ് നടന്നിട്ടുണ്ടെന്ന പ്രചാരണങ്ങള്‍ക്കിടയിലായിരുന്നു ഇല്ലാത്ത കെട്ടിടത്തിലെ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വിശദീകരണവുമായി മനോരമ ഇറങ്ങിയത്.

കേരളത്തിലെ ബിജെപി പരാജയപ്പെട്ടുവെന്ന് കേന്ദ്രം നിരീക്ഷിക്കുകയും താക്കീത് ചെയ്യുകയും ചെയ്തിരിക്കുകയാണ്. മകന്‍ ജോസ് കെ മാണിയെ കേന്ദ്ര മന്ത്രിയാക്കി കെ.എം മാണിയെ കേരളത്തിലെ എന്‍ഡിഎയുടെ നേതൃത്വം ഏല്‍പ്പിക്കാനാണ് കേന്ദ്രതീരുമാനം എന്ന വാര്‍ത്തകളും വന്നു കഴിഞ്ഞു. കേരളത്തിലെ ബിജെപിക്കും മുകളില്‍ കെ.എം മാണി പ്രതിഷ്ഠിക്കപ്പെടുന്നതോടെ ഇനിയഥവ ബിജെപിക്ക് മുഖ്്യമന്ത്രി ഉണ്ടായാല്‍ അത് മാണിയായിരിക്കും എന്നതാണ് അവസ്ഥ. അങ്ങനെയെങ്കില്‍ മനോരമ വാര്‍ത്തയില്‍ പറഞ്ഞ മുഖ്യമന്ത്രിയുടെ ഓഫീസ് ഉപയോഗിക്കുന്നത് കെ.എം മാണിയായിരിക്കും.

ദേശീയ അധ്യക്ഷനെ കൊണ്ട് നിയമപരമായി അനുവാദമുള്ള കെട്ടിടത്തിന് തറക്കല്ലിടാന്‍ പോലും സംസ്ഥാന നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല എന്നതാണ് വസ്തുത. ഇല്ലാത്ത കെട്ടിടത്തില്‍ സംസ്ഥാന മുഖ്യമന്ത്രിക്ക് ഓഫീസ് ഉണ്ടാക്കി പ്രചരിപ്പിച്ച നേതൃത്വത്തിന് ഓഫീസിന്റെ കടലാസു പോലും നീക്കാന്‍ കഴിയുന്നില്ലെന്നത് പരിഹാസ്യമാണ്.

ജൂലെ 1നു മുന്‍പ് വിശദീകരണം നല്‍കണം എന്നായിരുന്നു കോര്‍പ്പറേഷന്റെ ഉത്തരവ്. ഇനിയും മറുപടി ലഭിക്കാത്തതിനാല്‍ ഫയല്‍ പൊടിപിടിച്ച് തുടങ്ങി

Read More >>