ബിജെപി ഹര്‍ത്താലിന് മാത്രം തുറക്കാത്ത ബാങ്ക് ഇനി തുറക്കേണ്ട; പൊഴയൂരിലെ സ്‌റ്റേറ്റ് ബാങ്ക് ഉപരോധിച്ച് നാട്ടുകാര്‍

ഹര്‍ത്താല്‍ നടത്തുന്ന ബിജെപിയെ സഹായിക്കാനുള്ള നിലപാടാണ് ബാങ്ക് കൈക്കൊണ്ടതെന്നുള്ളതാണ് നാട്ടുകാരുടെ ആരോപണം. ഹര്‍ത്താല്‍ വിമുക്ത പ്രദേശമെന്ന നിലപാടിനു തുരങ്കം വയ്ക്കുന്ന പ്രവര്‍ത്തിയാണ് ബാങ്കില്‍ നിന്നുമുണ്ടായതെന്നും അവര്‍ പറയുന്നു.

ബിജെപി ഹര്‍ത്താലിന് മാത്രം തുറക്കാത്ത ബാങ്ക് ഇനി തുറക്കേണ്ട; പൊഴയൂരിലെ സ്‌റ്റേറ്റ് ബാങ്ക് ഉപരോധിച്ച് നാട്ടുകാര്‍

തിരുവനന്തപുരം ജില്ലയിലെ പൊഴിയൂരിലെ സ്‌റ്റേറ്റ് ബാങ്ക് ഉപരോധിച്ച് നാട്ടുകാര്‍. കഴിഞ്ഞ ദിവസം ഹര്‍ത്താല്‍ ദിനത്തില്‍ ബാങ്ക് തുറന്നില്ല എന്ന കാരണത്തലാണ് ഇന്നു നാട്ടുകാര്‍ ബാങ്ക് ഉപരോധിക്കുന്നത്. മുമ്പ് സര്‍വ്വകക്ഷിയോഗം ഹര്‍ത്താല്‍ വിമുക്ത പ്രദേശമായി പ്രഖ്യാപിച്ച സ്ഥലമാണ് പൊഴിയൂര്‍.

ബിജെപി തിരുവനന്തപുരം ജില്ലാകമ്മിറ്റി ഓഫീസില്‍ ബോംബെറിഞ്ഞതില്‍ പ്രതിഷേധിച്ചു കഴിഞ്ഞ ദിവസം ജില്ലയില്‍ ബിജെപിയുടെ നേതൃത്വത്തില്‍ ഹര്‍ത്താല്‍ നടത്തിയിരുന്നു. ഹര്‍ത്താല്‍ വിമുക്ത പ്രദേശമായി ഒഴിവാക്കിയിരുന്ന പൊഴിയൂരില്‍ മറ്റെല്ലാ സര്‍ക്കാര്‍- സ്വകാര്യ സ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിച്ചിരുന്നുവെങ്കിലും സ്‌റ്റേറ്റ് ബാങ്ക് തുറന്നിരുന്നില്ല. ഇക്കാരണം കൊണ്ടാണ് ഇന്നു നാട്ടുകാരുടെ നേതൃത്വത്തില്‍ രാവിലെ മുതല്‍ ബാങ്ക് ഉപരോധം നടക്കുന്നത്.

ഏഴുമാസം മുമ്പാണ് പൊഴിയുര്‍ ജാഗ്രതാ സമിതിയുടെ നേതൃത്വത്തില്‍ നടന്ന സര്‍വ്വ കക്ഷികൂട്ടായ്മയില്‍ പൊഴിയൂരിനെ ഹര്‍ത്താല്‍ വിമുക്ത മേഖലയാക്കി പ്രഖ്യാപിച്ചത്. അതിനു ശേഷം വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെതായി ഏഴോളം ഹര്‍ത്താലുകള്‍ ഈ പ്രദേശമുള്‍പ്പടെയുള്ളവയില്‍ നടന്നിരുന്നു. എന്നാല്‍ ഒരു ഹര്‍ത്താല്‍ പോലും പൊഴിയൂരിനെ ബാധിച്ചില്ല. സ്‌റ്റേറ്റ് ബാങ്ക് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ അപ്പോഴൊക്കെയും തുറന്നു പ്രവര്‍ത്തിച്ചിരുന്നു.

എന്നാല്‍ കഴിഞ്ഞ ദിവസത്തെ ബിജെപി ഹര്‍ത്താലില്‍ പൊഴിയൂരിലെ സ്‌റ്റേറ്റ് ബാങ്ക് തുറന്നിരുന്നില്ല. ഗവ. സ്‌കൂളുകളും പോസ്റ്റ് ഓഫീസും ഉള്‍പ്പെടെയുള്ള കേന്ദ്ര- സംസ്ഥാന സ്ഥാപനങ്ങളൊക്കെയും ഇന്നലെ പൊഴിയൂരില്‍ തുറന്നിരുന്നു. ഹര്‍ത്താല്‍ വിമുക്ത പ്രദേശമായതിനാല്‍ ബാങ്ക് തുറക്കും എന്നു കരുതി ഇടപാടുകാര്‍ രാവിലെ മുതല്‍ ബാങ്കില്‍ എത്തിയിരുന്നു. ബാങ്ക് തുറക്കാത്തതിനാല്‍ അഹവരെല്ലാം നിരാശരായി മടങ്ങുകയായിരുന്നു. തുടര്‍ന്നാണ് പൊഴിയൂര്‍ ജാഗ്രതാ സമിതിയുടെ നേതൃത്വത്തില്‍ ഇന്ന് ബാങ്ക് ഉപരോധിക്കാനുള്ള തീരുമാനം കൈക്കൊണ്ടത്.

ഹര്‍ത്താല്‍ നടത്തുന്ന ബിജെപിയെ സഹായിക്കാനുള്ള നിലപാടാണ് ബാങ്ക് കൈക്കൊണ്ടതെന്നുള്ളതാണ് നാട്ടുകാരുടെ ആരോപണം. ഹര്‍ത്താല്‍ വിമുക്ത പ്രദേശമെന്ന നിലപാടിനു തുരങ്കം വയ്ക്കുന്ന പ്രവര്‍ത്തിയാണ് ബാങ്കില്‍ നിന്നുമുണ്ടായതെന്നും അവര്‍ പറയുന്നു. ബാങ്കിലെ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ഇക്കാര്യത്തിനു വിശദീകരണം നല്‍കാണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

ജീവനക്കാര്‍ക്ക് ബാങ്ക് തുറക്കാന്‍ കഴിയാത്ത രീതിയില്‍ മെയിന്‍ ഗേറ്റിനു മുന്നിലാണ് ഉപരോധക്കാര്‍ നിലയുറപ്പിച്ചിരിക്കുന്നത്. പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.