കണ്ണൂരില്‍ സൈനികനിയമം വേണം; ഗവര്‍ണര്‍ക്ക് ബിജെപിയുടെ നിവേദനം

അഫ്‌സ്പ നിയമം അനുസരിച്ച് നിയമനിര്‍വഹണ ചുമതല പട്ടാളത്തിന് നല്‍കണമെന്നാണ് ബിജെപിയുടെ ആവശ്യം. കണ്ണൂരില്‍ ആര്‍എസ്എസ് പ്രചാരക് കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് ഇത്തരത്തിലൊരു ആവശ്യവുമായി ബിജെപി സംസ്ഥാനനേതൃത്വം രംഗത്തെത്തിയിരിക്കുന്നത്.

കണ്ണൂരില്‍ സൈനികനിയമം വേണം; ഗവര്‍ണര്‍ക്ക് ബിജെപിയുടെ നിവേദനം

ഒരിടവേളയ്ക്ക് ശേഷം വീണ്ടും കൊലപാതകം നടന്ന കണ്ണൂരില്‍ സൈനിക നിയമം നടപ്പാക്കണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന നേതൃത്വം കേരള ഗവര്‍ണര്‍ പി സദാശിവത്തിന് നിവേദനം നല്‍കി. അഫ്‌സ്പ നിയമം അനുസരിച്ച് നിയമനിര്‍വഹണ ചുമതല പട്ടാളത്തിന് നല്‍കണമെന്നാണ് ബിജെപിയുടെ ആവശ്യം.

കണ്ണൂരില്‍ ആര്‍എസ്എസ് പ്രചാരക് കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് ഇത്തരത്തിലൊരു ആവശ്യവുമായി ബിജെപി സംസ്ഥാനനേതൃത്വം രംഗത്തെത്തിയിരിക്കുന്നത്. കണ്ണൂരിലേത് രാഷ്ട്രീയ എതിരാളികളെ ഇല്ലായ്മ ചെയ്യാനുള്ള രാഷ്ട്രീയ നീക്കമാണ്. പൊലീസിന്റെ പൂര്‍ണ്ണ നിയന്ത്രണം കണ്ണൂരിലെ രാഷ്ട്രീയ നേതാക്കളുടെ കൈയിലാണ്. മുഖ്യമന്ത്രി പറയുന്ന വാക്കിന് വിലയില്ലെന്നാണ് ആവര്‍ത്തിക്കുന്ന സംഭവങ്ങള്‍ വിളിച്ച് പറയുന്നതെന്നും ബിജെപി നിവേദനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനം അറിയിക്കാമെന്ന് ഗവര്‍ണര്‍ മറുപടി നല്‍കി. ഇന്നലെ വൈകിട്ട് നാലുമണിയോടെയാണ് ആര്‍എസ്എസ് പ്രവര്‍ത്തകനും പയ്യന്നൂര്‍ ധന്‍രാജ് വധക്കേസിലെ പന്ത്രണ്ടാം പ്രതിയുമായ ചൂരിക്കാട്ട് ബിജു ക്രൂരമായി കൊല്ലപ്പെട്ടത്. പയ്യന്നൂരിനടത്തു പാലക്കോട് പാലത്തിനു മുകളില്‍ വച്ച്, വാഹനത്തിലെത്തിയ അക്രമി സംഘം ബോംബെറിഞ്ഞ ശേഷം ബിജുവിനെ വെട്ടുകയായിരുന്നു. കഴുത്തിന് വെട്ടേറ്റ ബിജുവിനെ പരിയാരം ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചു.ധനരാജ് വധക്കേസില്‍ അറസ്റ്റിലായ ബിജു ജാമ്യം ലഭിച്ച് കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്. സംഭവത്തില്‍ പ്രതിഷേധിച്ച് കണ്ണൂരില്‍ ബിജെപി ഹര്‍ത്താല്‍ ആചരിക്കുകയാണ്.

Read More >>