ബൈക്ക് നിര്‍ത്തിയില്ല; പിന്തുടര്‍ന്ന് പിടികൂടിയ യാത്രികന് ലോക്കപ്പിൽ പൊലീസിന്റെ ക്രൂര മര്‍ദ്ദനം

ഞായറാഴ്ച്ച ബൈക്കില്‍ ഹെല്‍മറ്റ് ധരിക്കാതെ സഞ്ചരിച്ച റോയിയെ വാഹന പരിശോധനക്കിടെ പോലീസ് കൈകാണിച്ചൂവെങ്കിലും നിര്‍ത്താതെ പോകുകയായിരുന്നു. പിന്തുടര്‍ന്ന പോലീസ് റോയിയെ പാടിച്ചിറയിലെ ഭാര്യഗൃഹത്തില്‍ നിന്നും പിടികൂടുകയായിരുന്നു. സ്റ്റേഷനിലേക്ക് പോകുന്ന വഴി എഎസ്ഐയുമായി റോയി പിടിവലിയുണ്ടായിരുന്നു. ഇതില്‍ പരിക്കേറ്റെന്ന് പറഞ്ഞ് പുല്‍പ്പള്ളി എഎസ്ഐ ജോസ് ജില്ലാശുപത്രിയില്‍ അഡ്മിറ്റാവുകയുമായിരുന്നു. തുടര്‍ന്ന് റോയിയെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു സംഘം പൊലീസുകാര്‍ സ്റ്റേഷനില്‍കൊണ്ടുപോയി ലോക്കപ്പിലിട്ട് ക്രൂരമായി മര്‍ദ്ദിച്ചതായി ബന്ധുക്കള്‍ ആരോപിച്ചു

ബൈക്ക് നിര്‍ത്തിയില്ല; പിന്തുടര്‍ന്ന് പിടികൂടിയ യാത്രികന് ലോക്കപ്പിൽ പൊലീസിന്റെ  ക്രൂര മര്‍ദ്ദനം

വയനാട്ടിലെ പുല്‍പ്പള്ളിയില്‍ വാഹന പരിശോധനയ്ക്കിടെ നിര്‍ത്താതെ പോയ ബൈക്ക് യാത്രികനെ പിന്തുടര്‍ന്ന് പിടികൂടിയ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചെന്നാരോപണം. കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി തൊട്ടില്‍പ്പാലം സ്വദേശി ഓടോരക്കുന്നേല്‍ റോയി തോമസിനാണ് പോലിസിന്റെ മര്‍ദ്ദനമേറ്റത്. പുല്‍പ്പള്ളി പാടിച്ചിറയിലെ ഭാര്യവീട്ടിലെത്തിയതായിരുന്നു റോയി. പൊലീസ് മര്‍ദ്ദനത്തെത്തുടര്‍ന്ന് ഇയ്യാളുടെ തോളിനും കാലിലും വയറ്റിലും പരുക്കേറ്റ നിലയിലാണ്. കൂടാതെ ഇടതുകയ്യിലെ ചെറുവിരലിന് ഒടിവുണ്ട്. ഇന്നലെ കോടതിയില്‍ ഹാജരാക്കിയ റോയിയെ മജിസ്ട്രേറ്റാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ നിര്‍ദ്ദേശിച്ചത്.
ഞായറാഴ്ച്ച ബൈക്കില്‍ ഹെല്‍മറ്റ് ധരിക്കാതെ സഞ്ചരിച്ച റോയിയെ വാഹന പരിശോധനക്കിടെ പോലീസ് കൈകാണിച്ചൂവെങ്കിലും നിര്‍ത്താതെ പോകുകയായിരുന്നു. പിന്തുടര്‍ന്ന പോലീസ് റോയിയെ പാടിച്ചിറയിലെ ഭാര്യഗൃഹത്തില്‍ നിന്നും പിടികൂടുകയായിരുന്നു. സ്റ്റേഷനിലേക്ക് പോകുന്ന വഴി എഎസ്ഐയുമായി റോയി പിടിവലിയുണ്ടായിരുന്നു.

ഇതില്‍ പരിക്കേറ്റെന്ന് പറഞ്ഞ് പുല്‍പ്പള്ളി എഎസ്ഐ ജോസ് ജില്ലാശുപത്രിയില്‍ അഡ്മിറ്റാവുകയുമായിരുന്നു. തുടര്‍ന്ന് റോയിയെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു സംഘം പൊലീസുകാര്‍ സ്റ്റേഷനില്‍കൊണ്ടുപോയി ലോക്കപ്പിലിട്ട് ക്രൂരമായി മര്‍ദ്ദിച്ചതായി ബന്ധുക്കള്‍ ആരോപിച്ചു. കൃഷിക്കാരനായ റോയിയെ ക്രിമിനലുകളെ നേരിടുന്നപോലെയാണ് പൊലീസ് ആക്രമിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു.

ഭാര്യയെ ഉള്‍പ്പെടെ സ്റ്റേഷനിലുണ്ടായിരുന്ന പൊലീസുകാര്‍ റോയിയെ കാണാന്‍ അനുവദിച്ചില്ലെന്നും പരാതിയുണ്ട്. പൊലീസിനെ ആക്രമിക്കല്‍, കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍ തുടങ്ങി ജാമ്യമില്ലാത്ത വകുപ്പുകള്‍ പ്രകാരം അറസ്റ്റ് ചെയ്ത റോയിയെ ഇന്നലെ വൈകുന്നേരമാണ് പുല്‍പ്പള്ളി പോലീസ് ബത്തേരി മജിസ്ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കിയത്.

ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലാത്തികൊണ്ടടിക്കുകയും വയറില്‍ ബൂട്ടിട്ട് ചവിട്ടുകയുമായിരുന്നു ബന്ധുക്കള്‍ പറഞ്ഞു. സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്നവര്‍ മാറി മാറി മര്‍ദ്ദിച്ചുവെന്നും കുടിക്കാന്‍വെള്ളം പോലും നല്‍കിയില്ലെന്നും ഭാര്യാ സഹോദരനായ ലിജോ നാരദാന്യൂസിനോട് പറഞ്ഞു. സ്റ്റേഷനിലെത്തിയ മര്‍ദ്ദനം നേരിട്ട് കണ്ടതായും ലിജോ പറഞ്ഞു. സംഭവുമായി ബന്ധപ്പെട്ട് റോയിയുടെ ബന്ധുക്കള്‍ മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.