കെഡിഎച്ചിൽ മാത്രം 28000 ഏക്കർ അധികഭൂമി, സർവെ വകുപ്പ് ചലിക്കുന്നത് ടാറ്റയ്ക്കു വേണ്ടി; റവന്യൂവകുപ്പു പൂഴ്ത്തിയ അന്വേഷണ റിപ്പോർട്ട് നാരദ ന്യൂസ് പുറത്തു വിടുന്നു...

സർവെയിൽ വെളിപ്പെട്ട വിവരങ്ങളെല്ലാം മറച്ചുവെച്ചും തിരുത്തിയെഴുതിയും ടാറ്റയ്ക്ക് അനുകൂലമായി രേഖകൾ പ്രസിദ്ധീകരിക്കുകയായിരുന്നു. ഭൂസർവെയുടെ അടിസ്ഥാന മാനദണ്ഡങ്ങൾ പോലും അട്ടിമറിച്ചാണ് 1996ൽ കെഡിഎച്ച് വില്ലേജിൽ റീസർവെ നടത്തിയതെന്നും ബിജു പ്രഭാകറിന്റെ റിപ്പോർട്ട് തെളിവുസഹിതം സ്ഥാപിക്കുന്നു.

കെഡിഎച്ചിൽ മാത്രം 28000 ഏക്കർ അധികഭൂമി, സർവെ വകുപ്പ് ചലിക്കുന്നത് ടാറ്റയ്ക്കു വേണ്ടി; റവന്യൂവകുപ്പു പൂഴ്ത്തിയ അന്വേഷണ റിപ്പോർട്ട് നാരദ ന്യൂസ് പുറത്തു വിടുന്നു...

കെഡിഎച്ച് വില്ലേജിൽ മാത്രം ടാറ്റയുടെ കൈവശം 28000 ഏക്കർ അധികഭൂമിയുണ്ടെന്നും സർവെ വകുപ്പ് ടാറ്റയ്ക്ക് അനുകൂലമായി രേഖകളിൽ കൃത്രിമം കാണിച്ചെന്നും തെളിവുസഹിതം സ്ഥാപിക്കുന്ന അന്വേഷണ റിപ്പോർട്ടിന്മേൽ നടപടിയെടുക്കാതെ റവന്യൂ വകുപ്പ്. ആധുനിക സർവേ സങ്കേതങ്ങൾ ഉപയോഗിച്ചും സർക്കാർ രേഖകൾ ഉഴുതുമറിച്ചും കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ഭൂമി കേരളം പദ്ധതിയുടെ ഡയക്ടറായിരിക്കെ ബിജു പ്രഭാകർ ഐഎഎസ് തയ്യാറാക്കിയ അന്വേഷണ റിപ്പോർട്ടിലാണ് ടാറ്റയുടെ കൈയേറ്റം സംബന്ധിച്ച അസന്നിഗ്ധമായ വെളിപ്പെടുത്തലുകളുള്ളത്. ഏഴു വർഷമായിട്ടും ഈ റിപ്പോർട്ടിന്മേൽ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.

നാളിതുവരെ സർവേ വകുപ്പും ഉദ്യോഗസ്ഥരും ടാറ്റയ്ക്കു വേണ്ടി നടത്തിയ കള്ളക്കളികളുടെ ചരിത്രവും റിപ്പോർട്ട് അക്കമിട്ടു വിവരിക്കുന്നു. കെഡിഎച്ച് ആക്ടിന്റെ അന്തസത്തയ്ക്കു വിരുദ്ധമായാണ് 1971ൽ ലാൻഡ് ബോർഡ് കെ സി ശങ്കരനാരായണൻ ടാറ്റയ്ക്കു വൻതോതിൽ ഭൂമി നൽകിയതെന്നും വിമർശനമുണ്ട്. പതിനായിരക്കണക്കിന് ആദിവാസികൾ ഒരു സെന്റു ഭൂമിപോലും ഇല്ലാത്ത സംസ്ഥാനത്ത് മൂന്നാറിൽ മേഞ്ഞു നടക്കുന്ന പശുക്കൾപോലും ലക്ഷങ്ങൾ വിലവരുന്ന ഭൂമിയുടെ ഉടമസ്ഥരാണെന്ന പരിഹാസവും റിപ്പോർട്ടിലുണ്ട്.

ടാറ്റയ്ക്കു വിടുപണി ചെയ്യന്ന സർവേ വകുപ്പ്

1996ൽ നടന്ന സർവെയിലാണ് കൈയേറ്റം സംബന്ധിച്ച് ടാറ്റയുടെ അവകാശവാദം അപ്പാടെ സർക്കാർ ശരിവെച്ചുകൊടുത്തത്. സർവെയിൽ വെളിപ്പെട്ട വിവരങ്ങളെല്ലാം മറച്ചുവെച്ചും തിരുത്തിയെഴുതിയും ടാറ്റയ്ക്ക് അനുകൂലമായി രേഖകൾ പ്രസിദ്ധീകരിക്കുകയായിരുന്നു. ഭൂസർവെയുടെ അടിസ്ഥാന മാനദണ്ഡങ്ങൾ പോലും അട്ടിമറിച്ചാണ് 1996ൽ കെഡിഎച്ച് വില്ലേജിൽ റീസർവെ നടത്തിയതെന്നും ബിജു പ്രഭാകറിന്റെ റിപ്പോർട്ട് തെളിവുസഹിതം സ്ഥാപിക്കുന്നു.

ബിജു പ്രഭാകർ റിപ്പോർട്ട് തുറന്നടിക്കുന്നു; മൂന്നാറിലെ സർവെ മുടക്കുന്നത് സിപിഐയുടെ സർവീസ് സംഘടന; തലപ്പത്ത് ടാറ്റ കമ്പനിയുടെ സർവെയർ

മൊത്തത്തിൽ നിന്ന് അംശത്തിലേയ്ക്ക് (whole to part) എന്ന തത്വം ലംഘിച്ചും ആയക്കെട്ടു പരിശോധന നടത്താതെയുമായിരുന്നു 1996ലെ റീസർവെ. റീസർവെ നടത്തുമ്പോൾ ആദ്യം സർക്കാർ ഭൂമി (പുറമ്പോക്കു) തിട്ടപ്പെടുത്തണം. റോഡുകളും തോടുകളുമടക്കമുള്ള സർക്കാർ ഭൂമി ആദ്യം അളന്നുതിട്ടപ്പെടുത്തി അതിർത്തി ഉറപ്പിച്ചതിനുശേഷം മാത്രമേ സ്വകാര്യ ഭൂമി അളക്കാനെടുക്കാവൂ. 1996ലെ സർവെയുടെ കാര്യത്തിൽ ഇതൊന്നും ചെയ്തിട്ടില്ലെന്നും 1974ലെ രേഖകൾ പകർത്തിവെയ്ക്കുകയായിരുന്നുവെന്നുമാണ് റിപ്പോർട്ടിലെ കണ്ടെത്തൽ ആയക്കെട്ട് പരിശോധന നടത്താതെ പ്രസിദ്ധീകരിച്ച സർവേ രേഖകൾ അക്ഷരാർത്ഥത്തിൽ അബദ്ധജടിലമാണെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലും റിപ്പോർട്ടിലുണ്ട്.


ബിജു പ്രഭാകർ റിപ്പോർട്ട് തുറന്നടിക്കുന്നു; മൂന്നാറിലെ സർവെ മുടക്കുന്നത് സിപിഐയുടെ സർവീസ് സംഘടന; തലപ്പത്ത് ടാറ്റ കമ്പനിയുടെ സർവെയർ

മൂന്നാറിൽ ടാറ്റയുടെ സമാന്തരഭരണം: എസ്റ്റേറ്റു ബംഗ്ലാവുകൾ റിസോർട്ടുകളാക്കി; ആയിരക്കണക്കിന് ഏക്കർഭൂമി മറുപാട്ടത്തിന്

മൂന്നാറിൽ പശുവൊന്നിനു മേയാൻ ഒരേക്കർ ഭൂമി; ടാറ്റയുടെ വിശുദ്ധ പശുക്കൾക്കു വിഹരിക്കാൻ 1220 ഏക്കർ


ഭൂപരിശോധന നടത്താതെ രേഖകളിൽ നിന്നു തന്നെ ടാറ്റയുടെ കൈയേറ്റം തെളിയിച്ചിട്ടുണ്ട്. ബ്ലോക്ക് നമ്പർ 30ലെ ഭൂവിനിയോഗം റീ സർവെ റെക്കോഡിൽ രേഖപ്പെടുത്തിയതിനു വിരുദ്ധമാണെന്നും ഈ ബ്ലോക്കിൽ ഇത്തരം ഒട്ടേറെ ക്രമക്കേടുകൾ കണ്ടെത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു. ഈ ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി നിവേദിത പി ഹരൻ, സർവെ ഡയറക്ടർ ഡോ. എസ് രവീന്ദ്രൻ, മുന്നാർ ദൌത്യസംഘത്തലവനും അഡീഷണൽ ലാൻഡ് റവന്യൂ കമ്മിഷണറുമായ ഡോ. കെ എം രാമാനന്ദൻ, ജില്ലാ കളക്ടർ അശോക് കുമാർ സിംഗ്, സർവെ വിജിലൻസ് ഡയറക്ടർ എന്നിവരുടെ സംഘം 2008 മാർച്ച് മൂന്നു മുതൽ അഞ്ചു വരെ സംയുക്ത പരിശോധന നടത്തിയിരുന്നു.

കൈയോടെ പിടിച്ച തട്ടിപ്പ്

മുപ്പത്തി രണ്ടാം ബ്ലോക്കിന്റെ വിസ്തീർണത്തിലുള്ള ഏറ്റക്കുറച്ചിലുകൾ വിശദമായി വിവരിച്ചുകൊണ്ടാണ് 1996ലെ സർവെ രേഖകൾ ടാറ്റയ്ക്ക് അനുകൂലമായി തയ്യാറാക്കിയതാണെന്നു തെളിയിച്ചിരിക്കുന്നത്. നാലുവശവും ടാറ്റയുടെ കൈവശമുള്ള ഭൂമിയാൽ ചുറ്റപ്പെട്ട സർവെ ബ്ലോക്കാണിത്. സംയുക്ത പരിശോധനയ്ക്കു ശേഷം ഈ ബ്ലോക്ക് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയുടെ നിർദ്ദേശ പ്രകാരം ഇലക്ട്രോണിക് ടോട്ടൽ സ്റ്റേഷൻ സർവെ നടത്തി. 1974ലെ സർവെ പ്രകാരം 1614.82 ഏക്കർ സ്ഥലമുണ്ടായിരുന്ന ഈ ബ്ലോക്കിന്റെ വിസ്തീർണം പുതിയ സർവെ വന്നപ്പോൾ 1582.37 ആയി കുറഞ്ഞു. 33 ഏക്കറിന്റെ വ്യത്യാസം ഒരു ബ്ലോക്കിൽ മാത്രം!

സർവെയിലും ഭൂരേഖകളും നടത്തിയ മറിമായം ഇങ്ങനെ ചുരുക്കാം

1974ലെ രേഖകൾ പ്രകാരം വിസ്തീർണം - 653.48 ഹെക്ടർ

2008ലെ ടോട്ടൽ സ്റ്റേഷൻ സർവെയിൽ തെളിഞ്ഞ വിസ്തീർണം - 639. 95 ഹെക്ടർ

1996ലെ റീസർവെ രേഖകളിലെ വിസ്തീർണം - 635.24 ഹെക്ടർ

1996ൽ പ്രസിദ്ധീകരിച്ച വിസ്തീർണം - 653.48 ഹെക്ടർ

സർവെയിൽ ബോദ്ധ്യപ്പെട്ട വിവരം ഔദ്യോഗികരേഖയിൽ തിരുത്തി. 1974ലെ ലാൻഡ് ബോർഡ് അവാർഡു പ്രകാരം അവകാശപ്പെട്ട ഭൂമി മാത്രമേ ടാറ്റയുടെ കൈവശമുള്ളൂ എന്നു സ്ഥാപിക്കാനായിരുന്നു ഈ കള്ളക്കളി. ഈ കള്ളക്കളി കൈയോടെ പിടിച്ചിട്ടും യാതൊരു നടപടിയുമില്ല. അക്കാലത്ത് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന നിവേദിത പി ഹരൻ്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിനു ബോധ്യമായ വിവരമാണിത്. റവന്യൂ വകുപ്പിന്റെ ഉദ്യോഗസ്ഥതല മേധാവിയ്ക്കുപോലും ക്രമക്കേടു ബോധ്യമായിട്ടും ഈ റീസർവേ രേഖകളുടെ സാധുത റദ്ദാക്കുകയോ ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കുകയോ ചെയ്തിട്ടില്ല. അത്യുന്നതങ്ങളിലെ ടാറ്റയുടെ സ്വാധീനം അത്രയ്ക്കു ശക്തമാണ് എന്നു വേണം അനുമാനിക്കേണ്ടത്.

ഒരേ ഭൂമി, പല രേഖകൾ, ഓരോന്നിലും ഓരോ വിസ്തീർണം

പഴയ സർവെ പ്രകാരം 77-ാം നമ്പരിലുള്ള ഭൂമിയാണ് 1996ലെ റീസർവെ പ്രകാരം ഒന്നാം ബ്ലോക്ക്. ഈ ഭൂമിയ്ക്ക് ലാൻഡ് ബോർഡ് അവാർഡിൽ രേഖപ്പെടുത്തിയിരിക്കുന്ന വിസ്തീർണം 575 ഏക്കറാണ്. ഇത് പുതിയ സർവെയിൽ 697.85 ഏക്കറായി. 122.85 ഏക്കർ വ്യത്യാസം.

സർവെ നമ്പർ 131ന്റെ കാര്യം സമാനമാണ്. ലാൻഡ് ബോർഡ് അവാർഡിൽ 358 ഏക്കറാണ് ഈ ഭൂമിയുടെ വിസ്തീർണം. 1977ലെ ഗസറ്റ് വിജ്ഞാപനം അനുസരിച്ച് വിസ്തീർണം 141.6 ആയി കുറഞ്ഞു. നിലവിൽ 93.81 ഏക്കറാണ് ഈ സർവെ നമ്പരിലെ ഭൂമിയുടെ വിസ്തീർണം. ഇതിൽ ഏതാണ് ശരിയായ അളവെന്ന് ചോദ്യത്തിലുള്ളത് തികഞ്ഞ പരിഹാസമാണ്. അതാകട്ടെ, സർക്കാരിലെ ടാറ്റാ അനുകൂലികൾക്കു നേരെയും.

ബിജു പ്രഭാകറിന്റെ റിപ്പോർട്ട് അസന്നിഗ്ധമായി വെളിപ്പെടുത്തുന്ന കാര്യം ഇതാണ് - 1996ലെ സർവെ രേഖകൾ തയ്യാറാക്കിയത് വ്യക്തമായ ലക്ഷ്യത്തോടെയായിരുന്നു. 1974ലെ ലാൻഡ് ബോർഡ് അവാർഡിലെ ഭൂമി മാത്രമേ ടാറ്റയുടെ കൈവശമുള്ളൂവെന്ന് തെളിയിക്കുക. അതിനുവേണ്ടി സർവെയിൽ വെളിപ്പെട്ട കാര്യങ്ങൾ വെട്ടിത്തിരുത്തുകയും മറച്ചു വെയ്ക്കുകയും ചെയ്തു.


സർവെ ചെയ്യാതെ കണ്ടെത്തി, ടാറ്റയ്ക്ക് അവകാശപ്പെട്ടതിലും 278 ഏക്കർ ഭൂമി കുറവ്

ടാറ്റയുടെ കൈവശം അവകാശപ്പെട്ടതിലും കുറവു ഭൂമിയാണ് എന്ന വാദം ഇടുക്കി സർവെ ഡെപ്യൂട്ടി ഡയറക്ടറായിരുന്ന കെ. സുരേന്ദ്രന്റെ സൃഷ്ടിയാണ്. 2004 മാർച്ച് മൂന്നിന് അദ്ദേഹം അയച്ച കത്തിലാണ് ഈ പരാമർശമുള്ളത്. സർവെ ചെയ്യാതെ തന്നെ കമ്പനിയുടെ കൈവശം 49.46 ഹെക്ടർ സ്ഥലം ഉണ്ടെന്ന കണ്ടെത്തലും അദ്ദേഹത്തിന്റെ കത്തിലുണ്ട്. ഈ പരാമർശങ്ങൾ ബിജു പ്രഭാകറിന്റെ റിപ്പോർട്ടിൽ നിശിതമായി ചോദ്യം ചെയ്യപ്പെടുന്നു.

സർവെ ചെയ്യാതെ എങ്ങനെ ഭൂമി കൈയേറ്റം കണ്ടെത്തിയെന്ന ചോദ്യത്തിൽ യുക്തിയുണ്ട്. ഇലക്ട്രോണിക് ഉപകരണങ്ങളുടെ സഹായത്തോടെ ഒരു ബ്ലോക്കിൽ നടത്തിയ റീസർവെയിൽ മാത്രം ഭൂമിയുടെ വിസ്തൃതിയിൽ പഴയ രേഖയിൽ നിന്ന് രണ്ടു ശതമാനത്തിന്റെ കുറവുണ്ട്. ടാറ്റയുടെ കൈവശഭൂമിയുടെ യഥാർത്ഥ വിസ്തീർണം ആധുനിക സർവെ ഉപകരണങ്ങൾ കൊണ്ട് അളന്നു തിട്ടപ്പെടുത്തേണ്ടതിന്റെ ആവശ്യകതയിലേയ്ക്കാണ് ഈ നിരീക്ഷണങ്ങളെല്ലാം വിരൽചൂണ്ടുന്നത്. എന്നാൽ അങ്ങനെയൊരു അളവു പരിശോധന ഏതു വിധേനയും അട്ടിമറിക്കുകയാണ് ടാറ്റയുടെ താൽപര്യം. സർവെ വകുപ്പും അതിനു കൂട്ടുനിൽക്കുകയാണ് ചെയ്യുന്നത് എന്ന് തെളിവുസഹിതം ബിജു പ്രഭാകറിന്റെ റിപ്പോർട്ട് ബോധ്യപ്പെടുത്തുന്നു.

56 ലക്ഷം രൂപ ചെലവഴിച്ച് ടാറ്റയ്ക്കു വേണ്ടി സർവെ റിപ്പോർട്ട്

1996ലെ റീസർവെയ്ക്ക് ചെലവഴിച്ചത് 56 ലക്ഷം രൂപ. വൌച്ചറെഴുതിയാണ് ഈ തുക ചെലവഴിച്ചത്. എന്നാൽ സർവെ വിജിലൻസ് വിഭാഗത്തിന്റെ പരിശോധനയിൽ കണ്ടെത്താനായത് വെറും പത്തുലക്ഷം രൂപയുടെ വൌച്ചറുകൾ മാത്രം.

കെഡിഎച്ച് വില്ലേജിലെ അബദ്ധജടിലവും കെട്ടിച്ചമച്ചതുമായ സർവെ രേഖകൾ ആധികാരികമാണെന്നു വരുത്തിത്തീർക്കാൻ 2004ൽ ഇടുക്കി സർവെ ഡെപ്യൂട്ടി ഡയറക്ടറായിരുന്ന കെ സുരേന്ദ്രൻ സർക്കാരിനെയും സർവെ ഡയറക്ടറെയും തെറ്റിദ്ധരിപ്പിക്കാൻ നടത്തിയ ശ്രമങ്ങൾ വ്യക്തമാണെന്ന് റിപ്പോർട്ട് നിരീക്ഷിക്കുന്നു. തങ്ങൾക്ക് അവകാശപ്പെട്ടതിനെക്കാൾ 278 ഹെക്ടർ കുറവു ഭൂമി മാത്രമേ കൈവശമുള്ളൂ എന്ന് കെഡിഎച്ച് കമ്പനി ഹൈക്കോടതിയിൽ സമർപ്പിച്ച അവകാശവാദത്തിനു കീഴെ ഒപ്പു വെയ്ക്കുകയായിരുന്നു കെ സുരേന്ദ്രൻ.

ഈ റിപ്പോർട്ടോടെ കോടതികളിൽ സർക്കാർ ഭാഗം ദുർബലമായി. അവകാശപ്പെട്ടതിനെക്കാൾ 239 ഹെക്ടർ കുറവു ഭൂമി മാത്രമേ കമ്പനിയുടെ കൈവശമുള്ളൂവെന്ന് ലോകായുക്തയിൽ അഡീഷണൽ ചീഫ് സെക്രട്ടറി സത്യവാങ്മൂലം നൽകിയ വിവരം ടാറ്റ പത്രപ്പരസ്യം ചെയ്ത കാര്യവും റിപ്പോർട്ടിൽ എടുത്തു പറയുന്നു. കെ സുരേന്ദ്രൻ റിപ്പോർട്ടിന്റെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളായാണ് ബിജു പ്രഭാകർ റിപ്പോർട്ട് ഈ സംഭവങ്ങളെ നിരീക്ഷിക്കുന്നത്.

ടാറ്റയ്ക്ക് 278 ഹെക്ടർ ഭൂമി കുറവാണെന്ന റിപ്പോർട്ടു നൽകി സർക്കാരിനെ തെറ്റിദ്ധരിപ്പിച്ച സർവെ ഉദ്യോഗസ്ഥരെ അടിയന്തരമായി സർവീസിൽ നിന്നു സസ്പെൻഡു ചെയ്യണമെന്നും അവർ സർവീസിൽ തുടരുന്നത് കൂടുതൽ വിലപ്പെട്ട രേഖകൾ നഷ്ടപ്പെടുന്നതിനു കാരണമാകുമെന്നുമുള്ള ശിപാർശയോടെയാണ് ബിജു പ്രഭാകർ റിപ്പോർട്ട് അവസാനിപ്പിക്കുന്നത്.

എന്നാൽ നാളിതുവരെയായും ഈ റിപ്പോർട്ടിന്മേൽ യാതൊരു നടപടിയും സർക്കാർ സ്വീകരിച്ചിട്ടില്ല. ടാറ്റയ്ക്ക് അനുകൂലമായി സർവെ രേഖകളിൽ വ്യാപകമായ തിരിമറികൾ നടന്നുവെന്ന് തെളിവുസഹിതം സ്ഥാപിക്കുന്ന റിപ്പോർട്ട് കഴിഞ്ഞ ഇടതു ഭരണകാലത്ത് അട്ടിമറിക്കപ്പെട്ടതിനെ ടാറ്റയുടെ ഭൂമിയിൽ തൊട്ടാൽ കമ്പനിയ്ക്ക് അങ്ങോട്ടു ഭൂമി കൊടുക്കേണ്ടി വരുമെന്ന എൽഡിഎഫ് യോഗത്തിലെ കാനം രാജേന്ദ്രന്റെ നിലപാടുമായി വേണം കൂട്ടിവായിക്കാൻ.