ചേരിപ്പോരിനു സർക്കാരിന്റെ തട്ട്; കൃഷിവകുപ്പിൽനിന്നും ബിജു പ്രഭാകറും രാജു നാരായണ സ്വാമിയും ഔട്ട്

ബിജു പ്രഭാകറും രാജു നാരായണ സ്വാമിയും തമ്മിൽ നിലനിന്ന രൂക്ഷമായ തർക്കത്തെ തുടർന്നാണ് ഇരുവരേയും മാറ്റാൻ സർക്കാർ തീരുമാനിച്ചത്. വിഷയത്തിൽ ഇന്നലെ വകുപ്പ് മന്ത്രി വി എസ് സുനിൽകുമാർ ഇടപെട്ടിരുന്നു. കൃഷിവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ പോര് അനാവശ്യമാണെന്നു പറഞ്ഞ മന്ത്രി വിവാദമുണ്ടാക്കാതെ സർക്കാർ ഏൽപ്പിച്ച ജോലികൾ ചെയ്യണമെന്നും അദ്ദേഹം അറിയിച്ചിരുന്നു. തർക്കം തുടർന്നാൽ സര്‍ക്കാര്‍ ഇടപെടുമന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ചേരിപ്പോരിനു സർക്കാരിന്റെ തട്ട്; കൃഷിവകുപ്പിൽനിന്നും ബിജു പ്രഭാകറും രാജു നാരായണ സ്വാമിയും ഔട്ട്

ഉന്നത ഉദ്യോ​ഗസ്ഥരുടെ ചേരിപ്പോരിനെ തുടർന്ന് കൃഷിവകുപ്പിൽ അഴിച്ചുപണി. കൃഷിവകുപ്പ് ഡയറക്ടർ ബിജു പ്രഭാകറിനേയും വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജു നാരായണ സ്വാമിയേയും മാറ്റി.

‌‌‌ടീകാറാം മീണയാണ് പുതിയ പ്രിൻസിപ്പൽ സെക്രട്ടറി. കൃഷി വകുപ്പ് ഡയറക്ടറെ പിന്നീട് തീരുമാനിക്കും. കൃഷി വകുപ്പിൽ നിന്നും ആരെയെങ്കിലും ‍ഡയറക്ടറാക്കാനാണ് ആലോചന. രാജു നാരായണ സ്വാമിക്ക് പുതിയ ചുമതല നൽകിയിട്ടില്ല.

ബിജു പ്രഭാകറും രാജു നാരായണ സ്വാമിയും തമ്മിൽ നിലനിന്ന രൂക്ഷമായ തർക്കത്തെ തുടർന്നാണ് ഇരുവരേയും മാറ്റാൻ സർക്കാർ തീരുമാനിച്ചത്. വിഷയത്തിൽ ഇന്നലെ വകുപ്പ് മന്ത്രി വി എസ് സുനിൽകുമാർ ഇടപെട്ടിരുന്നു. കൃഷിവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ പോര് അനാവശ്യമാണെന്നു പറഞ്ഞ മന്ത്രി വിവാദമുണ്ടാക്കാതെ സർക്കാർ ഏൽപ്പിച്ച ജോലികൾ ചെയ്യണമെന്നും അദ്ദേഹം അറിയിച്ചിരുന്നു. തർക്കം തുടർന്നാൽ സര്‍ക്കാര്‍ ഇടപെടുമന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

പിടിവിട്ട ആരോപണ പ്രത്യാരോപണങ്ങളാണ് ഇരുവരും തമ്മിൽ കഴിഞ്ഞദിവസം നടന്നത്.‌ ഇതാണ് ഇരുവർക്കും പുറത്തേക്കുള്ള വഴിതെളിച്ചത്. ബിജു പ്രഭാകറിനെതിരെ അഴിമതി ആരോപണം ഉന്നയിച്ച രാജു നാരായണ സ്വാമി അദ്ദേഹത്തിന്റെ ഐഎഎസ് വ്യാജമാണെന്നും ഇത് തെളിയിക്കാൻ തന്റെ കൈയിൽ രേഖകളുണ്ടെന്നും വ്യക്തമാക്കിയിരുന്നു. ഒരു മന്ത്രിയുടെ മകനായത് കൊണ്ടുമാത്രമാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ ബിജു പ്രഭാകറിന് ഐഎഎസ് ലഭിച്ചതെന്നാണ് രാജു നാരയാണസ്വാമിയുടെ ആരോപണം. ഇതുകൂടാതെ മറ്റു പല ആരോപണങ്ങളും ബിജു പ്രഭാകറിനെതിരെ രാജു നാരായണ സ്വാമി ഉന്നയിച്ചിരുന്നു.

എന്നാൽ ഇതൊക്കെയും തള്ളിയ ബിജു പ്രഭാകർ, താൻ അവധിയെടുക്കുന്നതായി അറിയിച്ചിരുന്നു. എന്നാൽ ബിജു പ്രഭാകറിന്റെ അവധിയെടുക്കൽ മുൻകൂർ ജാമ്യമാണെന്നുമായിരുന്നു രാജു നാരായണ സ്വാമിയുടെ പ്രതികരണം. അഴിമതി ആരോപണം കെട്ടിച്ചമച്ചതാണെന്നും തന്നെ വിജിലൻസ് കേസിൽ കുടുക്കാനുള്ള തന്ത്രമാണിതെന്നുമാണ് ബിജു പ്രഭാകറിന്റെ വാദം.

ഇക്കാര്യം കൃഷിമന്ത്രി വി എസ് സുനില്‍കുമാറിനേയും ചീഫ് സെക്രട്ടറി നളിനി നെറ്റോയും കണ്ട് ബിജു പ്രഭാകര്‍ പരാതിപ്പെട്ടിരുന്നു. നിലവിലെ സാഹചര്യത്തിൽ കൃഷിവകുപ്പില്‍ തുടരാന്‍ താല്‍പര്യമില്ലെന്നും പറഞ്ഞ ബിജു തന്റെ പ്രവർത്തന രീതി വകുപ്പ് സെക്രട്ടറിക്ക് അം​ഗീകരിക്കാൻ കഴിയാത്ത സ്ഥിതിക്ക് തന്നെ അവധിയിൽ പോവാൻ അനുവദിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് 10 ദിവസത്തേക്ക് അദ്ദേഹത്തിനു സർക്കാർ അവധി നൽകുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് സർക്കാരിന്റെ നടപടി.