മദ്യശാലകളുടെ പ്രവര്‍ത്തനസമയം ഒരു മണിക്കൂര്‍ വര്‍ധിപ്പിച്ചു

പ്രവര്‍ത്തന സമയം രാവിലെ 9.30 മുതല്‍ രാത്രി 9.30 വരെയാക്കി ബെവ്‌കോ എംഡി ഉത്തരവിറക്കി. അടച്ചുപൂട്ടിയ മദ്യശാലകള്‍ മാറ്റിസ്ഥാപിക്കുന്നതുവരെ ഈ സമയക്രമം ബാധകമായിരിക്കും.

മദ്യശാലകളുടെ പ്രവര്‍ത്തനസമയം ഒരു മണിക്കൂര്‍ വര്‍ധിപ്പിച്ചു

അനിയന്ത്രിതമായ തിരക്ക് കണക്കിലെടുത്ത് സംസ്ഥാനത്തെ ബിവറേജസ് ഔട്ട്‌ലെറ്റുകളുടെയും പ്രവര്‍ത്തനസമയം ഒരു മണിക്കൂര്‍ ദീര്‍ഘിപ്പിച്ചു. പ്രവര്‍ത്തന സമയം രാവിലെ 9.30 മുതല്‍ രാത്രി 9.30 വരെയാക്കി ബെവ്‌കോ എംഡി ഉത്തരവിറക്കി. ഇതുവരെ രാവിലെ 10 മുതല്‍ രാത്രി 9 വരെയായിരുന്നു മദ്യവില്‍പ്പനശാലകളുടെ സമയക്രമം. ദേശീയ-സംസ്ഥാന പാതയോരത്തെ അടച്ചുപൂട്ടിയ മദ്യശാലകള്‍ മാറ്റിസ്ഥാപിക്കുന്നതുവരെ ഈ സമയക്രമം ബാധകമായിരിക്കും. ജീവനക്കാര്‍ ഒരു മണിക്കൂര്‍ അധികം ജോലിചെയ്യണം.

അതേസമയം പ്രതിസന്ധി മറികടക്കാനുള്ള ബദല്‍മാര്‍ഗങ്ങള്‍ സര്‍ക്കാര്‍ തേടുകയാണ്. മദ്യശാലകള്‍ സ്ഥാപിക്കുന്നതിനുള്ള ചട്ടങ്ങളില്‍ ഇളവു കൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാര്‍ നീക്കം തുടങ്ങി. മദ്യശാലകള്‍ സ്ഥാപിക്കാന്‍ തദ്ദേശസ്ഥാപനത്തിന്റെ അനുമതി വേണമെന്ന നിബന്ധനയും ഒഴിവാക്കും.

ഇതിനായി പ്രത്യേക ഓര്‍ഡിനന്‍സ് ഇറക്കുന്നകാര്യവും പരിഗണനയിലുണ്ട്. പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ അടിയന്തര സര്‍വകക്ഷിയോഗം വിളിക്കാനും ധാരണയുണ്ട്. മദ്യശാലകള്‍ക്ക് പൂട്ടുവീണതിനെത്തുടര്‍ന്നുള്ള വരുമാനനഷ്ടവും ക്രമസമാധാന പ്രശ്‌നവുമാണ് പ്രധാന അജണ്ട. സംസ്ഥാനത്ത് 1956 മദ്യശാലകളാണ് അടച്ചുപൂട്ടിയത്. ഇത് സംസ്ഥാനത്തിന്റെ വരുമാനത്തെ ദോഷകരമായി ബാധിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് വ്യക്തമാക്കിയിരുന്നു.

Story by