മദ്യപാനികള്‍ക്ക് ആശ്വാസം; പുതിയ മദ്യവില്‍പ്പനശാലകളുടെ പട്ടിക ബെവ്‌കോ പുറത്തുവിട്ടു

മാറ്റിസ്ഥാപിച്ച 43 ബിവറേജസ് ഔട്ട്‌ലെറ്റുകളുടെ പട്ടികയാണ് പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്. ഓരോ ജില്ലയുടെയും ഇനംതിരിച്ച് പട്ടികയിലുണ്ട്. മുമ്പ് ഔട്ട്‌ലെറ്റ് എവിടെയായിരുന്നുവെന്നും ഇപ്പോള്‍ എവിടേക്കാണ് മാറ്റിയതെന്നും വ്യക്തമാക്കുന്നതാണ് പട്ടിക.

മദ്യപാനികള്‍ക്ക് ആശ്വാസം; പുതിയ മദ്യവില്‍പ്പനശാലകളുടെ പട്ടിക ബെവ്‌കോ പുറത്തുവിട്ടു

മദ്യമെവിടെ കിട്ടുമെന്നന്വേഷിച്ച് അലയുന്നവര്‍ക്ക് ആശ്വാസമായി ബിവറേജസ് കോര്‍പ്പറേഷന്‍. തുറന്നിരിക്കുന്ന മദ്യശാലകളുടെ പട്ടിക ബിവറേജസ് കോര്‍പ്പറേഷന്‍ പ്രസിദ്ധപ്പെടുത്തി. ദേശീയപാതയോരത്തെ മദ്യശാലകള്‍ അടച്ചുപൂട്ടണമെന്ന സുപ്രീം കോടതി ഉത്തരവ് പുറത്തിറങ്ങിയ ഉടനേ കേരളത്തിലെ മിക്ക മദ്യശാലകളും പൂട്ടിയിരുന്നു. പലയിടത്തും ഔട്ട്‌ലെറ്റുകള്‍ മാറ്റിസ്ഥാപിക്കാന്‍ കോര്‍പ്പറേഷന് സാധിച്ചിരുന്നില്ല. സ്ഥിരമായി മദ്യം വാങ്ങിയിരുന്ന ഇടങ്ങള്‍ ഒരു സുപ്രഭാതത്തില്‍ അടച്ചുപൂട്ടിയതോടെ ഇനിയെവിടെ മദ്യം കിട്ടുമെന്ന ആശങ്കയില്‍ കഴിഞ്ഞിരുന്ന ലക്ഷക്കണക്കിന് കുടിയന്മാര്‍ക്കാണ് ബിവറേജസ് കോര്‍പ്പറേഷന്‍ ഇപ്പോള്‍ ആശ്വാസം പകര്‍ന്നിരിക്കുന്നത്.

മാറ്റിസ്ഥാപിച്ച 43 ബിവറേജസ് ഔട്ട്‌ലെറ്റുകളുടെ പട്ടികയാണ് പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്. ഓരോ ജില്ലയുടെയും ഇനംതിരിച്ച് പട്ടികയിലുണ്ട്. മുമ്പ് ഔട്ട്‌ലെറ്റ് എവിടെയായിരുന്നുവെന്നും ഇപ്പോള്‍ എവിടേക്കാണ് മാറ്റിയതെന്നും വ്യക്തമാക്കുന്നതാണ് പട്ടിക. ഇനിയും 134 ഷോപ്പുകള്‍ കൂടി ദേശീയപാതയോരത്ത് നിന്ന് മാറ്റിസ്ഥാപിക്കാനുണ്ട്.

ഏറ്റവുമധികം ബെവ്‌കോ ഔട്ട്‌ലറ്റുകള്‍ മാറ്റിയത്, ഇടുക്കിയിലും കോട്ടത്തുമാണ്. എട്ട് വീതം ഔട്ട്‌ലറ്റുകളാണ് ദേശീയസംസ്ഥാന പാതോരത്തുനിന്നും മാറ്റിസ്ഥാപിച്ചത്. കൊല്ലത്ത് അഞ്ച് ഔട്ടലറ്റുകളും എറണാകുളത്ത് നാല് ഔട്ടലറ്റുകളും മാറ്റിസ്ഥാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട് ജില്ലയില്‍ ഒരു ഔട്ട്‌ലറ്റ് പോലും ഇനിയും മാറ്റിസ്ഥാപിച്ചിട്ടില്ല. ആലപ്പുഴയില്‍ ഒരു ഔട്ട്‌ലറ്റാണ് മാറ്റിസ്ഥാപിച്ചത്. ദേശീയസംസ്ഥാന പാതയോരത്തല്ലാത്ത മറ്റ് വില്‍പ്പനശാലകള്‍ പ്രശ്‌നങ്ങളില്ലാതെ തുറന്നുപ്രവര്‍ത്തിക്കുന്നുണ്ടെന്നും ബെവ്‌കോ വ്യക്തമാക്കി.


സംസ്ഥാനത്തൊട്ടാകെ ബെവ്‌കോയുടെ 134 ഷോപ്പുകളും കണ്‍സ്യൂമര്‍ഫെഡിന്റെ 73 ഷോപ്പുകളുമാണ് പൂട്ടിയത്. ബിയര്‍വൈന്‍ പാര്‍ലറുകള്‍, ബെവ്‌കോ, കണ്‍സ്യൂമര്‍ഫെഡ് ഷോപ്പുകള്‍, പഞ്ചനക്ഷത്രഹോട്ടലുകള്‍, ക്ലബ്ബുകള്‍, കള്ളുഷാപ്പുകള്‍ എന്നിവയും കൂടിയാകുമ്പോള്‍ പൂട്ടിയവയുടെ എണ്ണം 1956 ആകും. കേരളത്തില്‍ ഏറ്റവുമധികം മദ്യഷോപ്പുകള്‍ പൂട്ടിയത് എറണാകുളം ജില്ലയിലാണ്. 295 എണ്ണം. കൂട്ടത്തോടെ മദ്യശാലകള്‍ പൂട്ടിയതോടെ മണിക്കൂറുകള്‍ വരി നിന്നാണ് പലരും മദ്യം വാങ്ങുന്നത്. ആലപ്പുഴയിലെ മുഹമ്മയില്‍ ഇന്നലെ മൂന്നര കിലോമീറ്ററോളം വരി നീണ്ടതും. റോഡിലെ ബ്ലോക്ക് മൂലം കല്യാണം മുടങ്ങിയതുമെല്ലാം വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.


Story by