ഇറച്ചി വാങ്ങാന്‍ മറക്കല്ലേ; അടുത്ത ഞായറാഴ്ച ബീഫുകിട്ടുമെന്ന് ആര്‍ക്ക് എന്തുറപ്പ്?

ഇത് ദു:ഖ ഞായര്‍! ബീഫ് വാങ്ങി ആവശ്യമുള്ള വിഭവം ഉണ്ടാക്കി കൊതിയോടെ കഴിക്കാന്‍ മറക്കല്ലേ- അടുത്ത ഞായറാഴ്ച ഇറച്ചിയുടെ കാര്യത്തില്‍ പലതും സംഭവിച്ചേക്കാം!

ഇറച്ചി വാങ്ങാന്‍ മറക്കല്ലേ; അടുത്ത ഞായറാഴ്ച ബീഫുകിട്ടുമെന്ന് ആര്‍ക്ക് എന്തുറപ്പ്?

ഇത് അവസാനത്തെ ഞായറാണോ ഇറച്ചിയുടെ കാര്യത്തില്‍?- കേരളം സംശയിക്കുകയാണ്. എല്ലാ ഞായറാഴ്ചയും ഇറച്ചി കൃത്യമായി രുചിക്കുന്ന മലയാളിയുടെ വൈകാരികതയിലാണ് കേന്ദ്രത്തിന്റെ കന്നുകാലി മാംസ നിരോധനം കുടുക്കിട്ടത്. അതിനെ മറികടക്കുമെന്ന സംസ്ഥാന സര്‍ക്കാരിന്റെ വാഗ്ദാനം മാത്രമാണ് പ്രതീക്ഷ.

ഞായറാഴ്ചയിലെ ഇറച്ചി വാങ്ങലിന് ജാതി- മത വ്യത്യാസമില്ല.

ഹൈറേഞ്ചില്‍ പ്രത്യേകിച്ച് ഞായറാഴ്ച ഉച്ചയൂണിന് ഇറച്ചിയില്ലാത്ത വീടുകളുണ്ടാവില്ല. പാവപ്പെട്ടവരുടെ ഈ ആര്‍ഭാടം അവരുടെ കുഞ്ഞുങ്ങളുടെ പോഷകമാണ്. ഞായറാഴ്ച പള്ളിയില്‍ നിന്നും വരുന്ന വഴി ഇറച്ചി കടയിലെത്തി ഇഷ്ടഭാഗം വാങ്ങിക്കൊണ്ടു വരുന്നതും അതല്‍പ്പം കുരുമുളകെരിവില്‍ പാചകം ചെയ്തു കഴിക്കുന്നതും അവസാനിക്കുമോ എന്ന ഭീതിയുടെ ഞായറാണിത്. എല്ലാവരും ഇറച്ചിയെ കുറിച്ച് സംസാരിക്കുന്ന ഞായര്‍. രാവിലെ നേരത്തെ ചെന്നില്ലെങ്കില്‍ കിട്ടില്ലെന്നുറപ്പ്.

ഈയാഴ്ച കേന്ദ്രനിയമം കന്നുകാലികള്‍ വരുന്ന അയല്‍ സംസ്ഥാനങ്ങളില്‍ കര്‍ശനമാകുമെന്നുറപ്പ്. അതോടെ കേരളത്തിലേയ്ക്കുള്ള ഇറച്ചിയുടെ വരവ് നിലയ്ക്കും. നിരോധനം ഇല്ലാതിരുന്നിട്ടു തന്നെ ഗോരക്ഷകരെ ഭയന്നാണ് കന്നുകാലികളെ കേരളത്തിലേയ്ക്ക് കച്ചവടക്കാര്‍ കൊണ്ടുവരുക. നിലവിലുള്ള വിജ്ഞാപനത്തിന്റെ ഭീതിയില്‍ ഈയാഴ്ച കന്നുകാലികളെ വാങ്ങിക്കൊണ്ടുവരാന്‍ കച്ചവടക്കാരും മടിക്കും.

ഫലത്തില്‍ അടുത്താഴ്ച ഇറച്ചിയുടെ ലഭ്യത കുറയും എന്നുമാത്രമല്ല, കിട്ടിയേക്കാമെങ്കിലും വില ഉയരും. നിലവില്‍ ആട്ടിറച്ചിക്കാണ് വില കൂടുതല്‍. ആട്ടിറച്ചിയുടെ ഇരട്ടി നിലയ്ക്ക് പോത്തിറച്ചി വാങ്ങുന്ന കാലം ഒന്നു സങ്കല്‍പ്പിച്ചു നോക്കൂ- അത് ദൂരെയല്ല.

വെട്ടാനുള്ള ഇറച്ചിയെ തലേന്നു തന്നെ പരസ്യമായി പ്രദര്‍ശിപ്പിക്കുകയും നാട്ടിലൂടെ നടത്തി ആളുകളെ കാണിച്ച് കൊതിപ്പിക്കുകയും ചെയ്യും. ജീവനോടെ ഇറച്ചി കാണിച്ചു നടത്തുന്ന ആ പരസ്യനടത്തത്തിനു ശേഷം വെട്ടും. ഇന്നലെ കണ്ട മാടിനെ തന്നെയാണ് വെട്ടിയതെന്ന് ഉറപ്പിക്കാന്‍ തല, കടയ്ക്കു മുന്നില്‍ തന്നെ പ്രദര്‍ശിപ്പിക്കും. ചോരയൂറുന്ന പച്ചയിറച്ചി വെട്ടി വാങ്ങി വീട്ടിലെത്തും. അത് മുറിക്കുന്നത് വീട്ടില്‍ എല്ലാവരും ചേര്‍ന്നാണ്. എന്നിട്ടത് പാചകം ചെയ്യും. രണ്ടെണ്ണം വീശുന്നവരാണെങ്കില്‍ അതെല്ലാം കഴിഞ്ഞ്, ഇറച്ചിയു കൂട്ടി ഉച്ചഭക്ഷണം. രാത്രിയും അതാവര്‍ത്തിക്കും. പിറ്റേന്ന് സ്‌കൂളിലേയ്ക്കും ഓഫഈസിലേയ്ക്കും പോകുന്നവരുടെ ഉച്ചഭക്ഷണത്തിലെ കറി ആ ഇറച്ചിയായിരിക്കും.

വീടുകളില്‍ ഇറച്ചി വാങ്ങാത്ത കൂട്ടുകാരെ സംബന്ധിച്ച്, ആ ഇറച്ചി തിങ്കളാഴ്ചകളിലെ പ്രതീക്ഷയാണ്- ഇറച്ചിയുടെ ഒരു വിലയ സംസ്‌കാരത്തിന്റെ അവസാനത്തെ ഞായറാണോയിന്ന്... അറിയില്ല.

ഈ ഞായറിന് ഇറച്ചി വാങ്ങി കൊതിയോടെ തിന്നുന്നതും സമരമാണ്!Story by