എൻഡിഎയിൽ ഭിന്നത; ബിഡിജെഎസ് അയ്യപ്പജ്യോതി ബഹിഷ്കരിച്ചു

ബിജെപിയുടെ ആശീർവാദത്തിൽ നടന്ന അയ്യപ്പജ്യോതിയിൽ നിന്നും മാറിനിന്ന് വനിതാ മതിലിന് പിന്തുണ കൊടുക്കാൻ വെള്ളാപ്പള്ളി നിശ്ചയിച്ചത് പുതിയ രാഷ്ട്രീയ സമവാക്യങ്ങൾക്കും രൂപം നൽകുമെന്നാണ് വിലയിരുത്തൽ.

എൻഡിഎയിൽ ഭിന്നത; ബിഡിജെഎസ് അയ്യപ്പജ്യോതി ബഹിഷ്കരിച്ചു

ശബരിമല കർമസമിതി സംഘടിപ്പിച്ച അയ്യപ്പജ്യോതിയിൽ നിന്നും ബിഡിജെഎസ് വിട്ടുനിന്നത് എൻഡിഎയിൽ പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. ബിഡിജെഎസ് വിട്ടുനിന്നതിനെക്കുറിച്ച് തങ്ങൾക്ക് ഒന്നുമറിയില്ലെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കി.

അതേസമയം വളരെ വൈകിയാണ് പരിപാടിയെക്കുറിച്ച് അറിയിപ്പ് ലഭിച്ചതെന്നും കൂടിയാലോചനയ്ക്ക് സമയം ലഭിച്ചില്ലെന്നും ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി പ്രതികരിച്ചു.

ശബരിമല കർമസമിതിയാണ് അയ്യപ്പജ്യോതി സംഘടിപ്പിച്ചതെങ്കിലും മുൻനിരയിൽ ബിജെപി-ആർഎസ്എസ് നേതാക്കൾ തന്നെയായിരുന്നു. ഈ പരിപാടിയിൽ നിന്നും എൻഡിഎയിലെ പ്രധാന കക്ഷിയായ ബിഡിജെഎസ് വിട്ടുനിന്നതാണ് വിവാദത്തിന് കാരണമായിരിക്കുന്നത്.

അയ്യപ്പജ്യോതിയിൽ പങ്കെടുക്കരുതെന്നോ പങ്കെടുക്കണമെന്നോ സമുദായ അംഗങ്ങൾക്ക് നിർദ്ദേശം നൽകിയിരുന്നില്ലെന്നാണ് വെള്ളാപ്പള്ളി വിശദീകരിച്ചത്. എന്നാൽ ജനുവരി ഒന്നിന് നടക്കുന്ന വനിതാ മതിലിൽ നിർബന്ധമായും പങ്കെടുക്കണമെന്ന് എല്ലാ എസ്എൻഡിപി അംഗങ്ങൾക്കും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ബിജെപിയുടെ ആശീർവാദത്തിൽ നടന്ന അയ്യപ്പജ്യോതിയിൽ നിന്നും മാറിനിന്ന് വനിതാ മതിലിന് പിന്തുണ കൊടുക്കാൻ വെള്ളാപ്പള്ളി നിശ്ചയിച്ചത് പുതിയ രാഷ്ട്രീയ സമവാക്യങ്ങൾക്കും രൂപം നൽകുമെന്നാണ് വിലയിരുത്തൽ.