സുമനസ്സുകള്‍ കൈകോര്‍ത്തു; ജിദ്ദയിലെ ​​ദുരിതഭൂവിൽ നിന്നും ബഷീറിന്റെ കുടുംബം നാട്ടിലേക്കു മടങ്ങി

ഒരു രേഖയുമില്ലാതെ സൗദിയില്‍ ജനിച്ച കുട്ടികള്‍ക്ക് ജനന സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കിയതിനു ശേഷം ഇന്ത്യന്‍ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് കുടുംബത്തിനു നാട്ടിലേക്കു മടങ്ങാനുള്ള എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കി. ശുമൈസിയില്‍ നിന്നും ഫൈനല്‍ എക്സിറ്റ് ലഭിച്ചതിനു പിന്നാലെ നാട്ടിലേക്കുള്ള വിമാനടിക്കറ്റും സമിതി നല്‍കി. നാട്ടിലേക്കു കൊണ്ടുപോകാനുള്ള അത്യാവശ്യ സാധനങ്ങളും നാട്ടില്‍ അത്യാവശ്യ ജീവിത ചെലവിനുള്ള പണവും നല്‍കിയാണ്‌ സന്നദ്ധ പ്രവര്‍ത്തകര്‍ ബഷീറിന്റെ കുടുംബത്തെ നാട്ടിലേക്കു യാത്രയാക്കിയത്.

സുമനസ്സുകള്‍ കൈകോര്‍ത്തു; ജിദ്ദയിലെ ​​ദുരിതഭൂവിൽ നിന്നും ബഷീറിന്റെ കുടുംബം നാട്ടിലേക്കു മടങ്ങി

ജിഹാദുദ്ദീൻ അരീക്കാടൻ

ജിദ്ദയിൽ ഒരു വർഷത്തിലേറെയായി തടവു ജീവിതം അനുഭവിക്കുന്ന കൊണ്ടോട്ടി സ്വദേശി ബഷീറിന്റെ കുടുംബം സുമനസ്സുകളുടെ കാരുണ്യത്താൽ നാട്ടിലേക്ക്. കൊണ്ടോട്ടി പള്ളിക്കല്‍ ബസാര്‍ സ്വദേശി ബഷീറിന്റെ ഭാര്യ നസീറക്കും അഞ്ചു കുട്ടികള്‍ക്കുമാണ് നാട്ടിലേക്കു മടങ്ങാൻ സുമ്മനസ്സുകൾ കൈകോർത്തത്.

ഇവർക്കുള്ള വിമാന ടിക്കറ്റുകളും എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റുകളും ബഷീര്‍ സഹായസമിതി അംഗങ്ങള്‍ കൈമാറി. യാത്രയയപ്പ് ചടങ്ങില്‍ ബഷീര്‍ സഹായസമിതി എക്സിക്യൂട്ടീവ് അംഗങ്ങള്‍ പങ്കെടുത്തു.

ജിദ്ദയില്‍ മത്സ്യവില്‍പന നടത്തിവരികയായിരുന്ന ബഷീര്‍ തൊഴില്‍ സംബന്ധമായി സ്പോൺസറുമായി ഉണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ്‌ ഒരു വര്‍ഷം മുമ്പ് ജയിലിലായത്. കച്ചവടം നഷ്ടത്തിലാണെന്നു കാണിച്ച് 84,000 റിയാല്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടു നല്‍കിയ കേസില്‍ സ്പോണ്‍സര്‍ അനുകൂലവിധി സമ്പാദിക്കുകയായിരുന്നു. സ്പോണ്‍സര്‍ വിട്ടുവീഴ്ചയ്ക്കു തയ്യാറാകാതിരിക്കുകയും ബഷീറിന്റെ വരുമാന മാര്‍ഗങ്ങള്‍ മുടങ്ങുകയും ചെയ്തതോടെ ജയില്‍വാസം അനന്തമായി നീളുകയായിരുന്നു.

16 വര്‍ഷമായി നാട്ടിലേക്കു പോകാത്ത ബഷീര്‍ നാലു വര്‍ഷം മുമ്പാണ് ഭാര്യയേയും മൂന്നു കുട്ടികളെയും സന്ദര്‍ശക വിസയില്‍ സൗദിയിലേക്ക് കൊണ്ടുവന്നത്. ഒരു കുട്ടിക്ക് മാനസിക വൈകല്യമുണ്ട്. സൗദിയില്‍ വെച്ച് രണ്ടു കുട്ടികള്‍ കൂടി ജനിച്ചു. ഭാര്യയുടെയും അഞ്ചു കുട്ടികളുടെയും വിസാ കാലാവധി വര്‍ഷങ്ങള്‍ക്കു മുമ്പേ അവസാനിച്ചിരുന്നു. സൗദി നിയമപ്രകാരം താമസനിയമ ലംഘകരായ കുടുംബം ബഷീര്‍ ജയിലില്‍ ആയതോടെ കൂടുതല്‍ ദുരിതത്തിലായി. താമസം, ഭക്ഷണം, ചികിത്സ തുടങ്ങിയവയ്ക്കു പ്രയാസപ്പെട്ടു. രേഖകള്‍ ഇല്ലാത്തതിനാല്‍ കുട്ടികളുടെ പഠനവും മുടങ്ങി.

തുടർന്ന്, ബഷീറിന്‍റെയും കുടുംബത്തിന്‍റെയും ദുരിതകഥ മാധ്യമങ്ങളിലൂടെ അറിഞ്ഞ ജിദ്ദയിലെ സുമനസ്സുകള്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങുകയായിരുന്നു. സന്നദ്ധ സംഘടനകളും പൊതുപ്രവര്‍ത്തകരും വ്യവസായികളും ചേര്‍ന്ന്‍ ബഷീര്‍ സഹായ സമിതിക്കു രൂപം നല്‍കി. അബ്ദുല്‍ ഹഖ് തിരൂരങ്ങാടി ചെയര്‍മാനും അബ്ദുർറഹ്മാന്‍ വണ്ടൂര്‍ ഫിനാന്‍സ് കോഡിനേറ്ററുമായ സമിതി ജിദ്ദയിലെ സംഘടനകളില്‍ നിന്നും വ്യക്തികളില്‍ നിന്നും ഫണ്ട് സ്വരൂപിച്ചു.

ഒരു രേഖയുമില്ലാതെ സൗദിയില്‍ ജനിച്ച കുട്ടികള്‍ക്ക് ജനന സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കിയതിനു ശേഷം ഇന്ത്യന്‍ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് കുടുംബത്തിനു നാട്ടിലേക്കു മടങ്ങാനുള്ള എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കി. ശുമൈസിയില്‍ നിന്നും ഫൈനല്‍ എക്സിറ്റ് ലഭിച്ചതിനു പിന്നാലെ നാട്ടിലേക്കുള്ള വിമാനടിക്കറ്റും സമിതി നല്‍കി. നാട്ടിലേക്കു കൊണ്ടുപോകാനുള്ള അത്യാവശ്യ സാധനങ്ങളും നാട്ടില്‍ അത്യാവശ്യ ജീവിത ചെലവിനുള്ള പണവും നല്‍കിയാണ്‌ സന്നദ്ധ പ്രവര്‍ത്തകര്‍ ബഷീറിന്റെ കുടുംബത്തെ നാട്ടിലേക്കു യാത്രയാക്കിയത്. സഹായിച്ച എല്ലാവര്‍ക്കും ബഷീറും ഭാര്യ നസീറയും നന്ദി പറഞ്ഞു.

ബഷീറിന്റെ ജയില്‍ മോചനവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ അവസാന ഘട്ടത്തിലാണ്. കോടതിയുമായും സ്പോണ്‍സറുമായും സഹായസമിതി അംഗങ്ങള്‍ നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് ഭാരവാഹികള്‍ അറിയിച്ചു. നഷ്ടപരിഹാര തുക കോടതിയില്‍ കെട്ടിവെക്കുന്നതോടെ താമസിയാതെ ബഷീറിന്റെ മോചനം സാധ്യമാകുമെന്നാണ് പ്രതീക്ഷ.

ശറഫിയ ഇംപാല ഗാര്‍ഡനില്‍ നടന്ന ബഷീറിന്റെ കുടുംബത്തിനുള്ള യാത്രയയപ്പ് ചടങ്ങില്‍ അബ്ദുല്‍ ഹഖ് തിരൂരങ്ങാടി, അബ്ദുർറഹ്മാന്‍ വണ്ടൂര്‍ എന്നിവര്‍ വിമാന ടിക്കറ്റ് കൈമാറി. ഇസ്മായില്‍ കല്ലായി, വി പി ഷിയാസ്, അബ്ദുർറഹീം, ഹംസ കൊട്ടൂക്കര, സിദ്ധീഖ്, ഇസ്മായില്‍ താഹ, അബ്ദുല്‍ മജീദ്‌ നഹ, ശരീഫ് അറയ്ക്കല്‍ എന്നിവര്‍ എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റുകള്‍ കൈമാറി. വിവിധ സംഘടനാ പ്രതിനിധികളും പൊതുപ്രവര്‍ത്തകരും സംബന്ധിച്ചു.

Read More >>