ജിഷ്ണുവിന്റെ അമ്മയ്‌ക്കെതിരെ നടപടിക്കൊരുങ്ങി ബാര്‍ കൗണ്‍സില്‍; ഹൈക്കോടതി ജഡ്ജിക്കെതിരായ പരാതിയില്‍ വിശദീകരണം തേടും

വിശദീകരണം തൃപ്തികരമായില്ലെങ്കില്‍ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും ബാര്‍ കൗണ്‍സില്‍ അംഗങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നു. നെഹ്‌റു ഗ്രൂപ്പിന്റെ ആതിഥ്യം സ്വീകരിക്കുന്ന ഹൈക്കോടതി ജസ്റ്റിസ് എബ്രഹാം മാത്യുവിന്റെ ചിത്രങ്ങള്‍ കഴിഞ്ഞദിവസം സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നു.

ജിഷ്ണുവിന്റെ അമ്മയ്‌ക്കെതിരെ നടപടിക്കൊരുങ്ങി ബാര്‍ കൗണ്‍സില്‍; ഹൈക്കോടതി ജഡ്ജിക്കെതിരായ പരാതിയില്‍ വിശദീകരണം തേടും

ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജക്കെതിരേ നിയമനടപടിക്കൊരുങ്ങി ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ. ഹോക്കോടതി ജഡ്ജിക്കെതിരേ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചു എന്നാരോപിച്ചാണ് നടപടിക്കൊരുങ്ങുന്നത്. മഹിജയില്‍ നിന്ന് വിശദീകരണം തേടുമെന്നും ഇത് തൃപ്തികരമായില്ലെങ്കില്‍ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും ബാര്‍ കൗണ്‍സില്‍ അംഗങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നു.

നെഹ്‌റു ഗ്രൂപ്പിന്റെ ആതിഥ്യം സ്വീകരിക്കുന്ന ഹൈക്കോടതി ജസ്റ്റിസ് എബ്രഹാം മാത്യുവിന്റെ ചിത്രങ്ങള്‍ കഴിഞ്ഞദിവസം സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നു. നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്റെ അറസ്റ്റില്‍ പോലീസിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ച സമയത്താണ് ചിത്രങ്ങള്‍ പ്രചരിച്ചത്. നെഹ്‌റു ഗ്രൂപ്പുമായി ഹൈക്കോടതി ജഡ്ജിക്ക് ബന്ധമുണ്ടെന്ന ആരോപണം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് നവനീതി പ്രസാദ് സിങിന്, ഈ ചിത്രങ്ങള്‍ സഹിതം മഹിജ പരാതി നല്‍കുകയും ചെയ്തു. ഇതാണ് ബാര്‍ കൗണ്‍സിലിനെ ചൊടിപ്പിച്ചത്.

എന്നാല്‍ ജഡ്ജിക്കെതിരായ ആരോപണം അടിസ്ഥാനരഹിതമാണെന്നും ക്ലാസ് എടുക്കാനാണ് അദ്ദേഹം കോളേജില്‍ പോയതെന്നുമാണ് ബാര്‍ കൗണ്‍സില്‍ വിശദീകരണം. ലക്കിടി ലോ കോളേജ് വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ പൊലീസ് പി കൃഷ്ണദാസിനെ അറസ്റ്റ് ചെയ്തത് ഹൈക്കോടതിയുടെ അതൃപ്തിക്ക് ഇടയാക്കിയിരുന്നു. രൂക്ഷമായ ഭാഷയിലാണ് ജസ്റ്റിസ് എബ്രഹാം മാത്യവിന്റെ ബെഞ്ച് അറസ്റ്റിനെ വിമര്‍ശിച്ചിരുന്നത്.

Read More >>