മംഗളാദേവി ക്ഷേത്രം സ്ഥിരം തീർത്ഥാടനകേന്ദ്രമാക്കാൻ ദേവസ്വം ബോർഡ് നീക്കം; കോടാലി വയ്ക്കുന്നത് അതീവ പ്രാധാന്യമുള്ള പരിസ്ഥിതി ലോല മേഖലയ്ക്ക്

യുനെസ്‌കോയുടെ ലോക പൈതൃക സംരക്ഷിത സ്മാരകങ്ങളിൽ ഉൾപ്പെട്ടിട്ടുള്ള മംഗളാദേവി ക്ഷേത്രം സംരക്ഷിക്കേണ്ടത് ദേവസ്വം ബോർഡിന്റെയും സർക്കാരിന്റെയും ആവശ്യമാണെങ്കിലും നിരവധി വന്യ മൃഗങ്ങളുടെയും അത്യപൂർവങ്ങളായ ഓർക്കിഡുകളുടെയും കലവറയായ ഇവിടെ നിർമാണ പ്രവർത്തികളും സ്ഥിരമായ ഭക്തജന തിരക്കും പ്രകൃതിയുടെ ആവാസ വ്യവസ്ഥയുടെ നാശമാകും ഉണ്ടാക്കുക. കസ്തൂരി രംഗൻ റിപ്പോർട്ടിൽ ഉൾപ്പെട്ടിട്ടുള്ള അതീവ പാരിസ്ഥിതിക ലോല മേഖലയിലാണ് മംഗള ദേവി ക്ഷേത്രവും പെരിയാർ കടുവ സങ്കേതവും സ്ഥിതി ചെയ്യുന്നത്. ഇവിടെ പാറ പൊട്ടിക്കാനോ ഖനനം നടത്താനോ അനുമതിയില്ല. എന്നാൽ റിപ്പോർട്ടിൽ പാരിസ്ഥിതിക ദുർബല മേഖലയിൽ വനേതര ഉപയോഗത്തിനായി ഭൂമി മാറ്റുമ്പോൾ സുതാര്യത പുലർത്തണമെന്ന പരാമർശം കോടതിയിൽ അനുകൂലമാക്കാനാണ് ദേവസ്വം ബോർഡ് നീക്കം

മംഗളാദേവി ക്ഷേത്രം സ്ഥിരം തീർത്ഥാടനകേന്ദ്രമാക്കാൻ ദേവസ്വം ബോർഡ് നീക്കം; കോടാലി വയ്ക്കുന്നത് അതീവ പ്രാധാന്യമുള്ള പരിസ്ഥിതി ലോല മേഖലയ്ക്ക്

മംഗളാദേവി കണ്ണകി ക്ഷേത്രം തീർത്ഥാടന കേന്ദ്രമാക്കാനുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡ് നീക്കം ഗൗരവതരമായ പാരിസ്ഥിതിക പ്രശ്നങ്ങൾക്കും വനം വന്യജീവി നാശത്തിനും വഴി തെളിക്കുമെന്നുള്ള വിമർശനങ്ങൾ ഉയരുന്നു. ഇവിടം സ്ത്രീകളുടെ ശബരിമല ആക്കുമെന്നു ക്ഷേത്രം സന്ദർശിച്ച ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു.

നിലവിൽ വർഷത്തിൽ ഒരു ദിവസം മാത്രമാണു ക്ഷേത്രത്തിലേക്കു ഭക്തർക്കു പ്രവേശനമുള്ളത്. തമിഴ്നാടിനോടു ചേർന്നു കേരളാ വനം വകുപ്പിന്റെ കീഴിലുള്ള വണ്ണാത്തിപ്പാറയിലാണ് 1760 വർഷം പഴക്കമുള്ള ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. നിയമപരമായി തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അധീനതയിലുമാണ്. എന്നാൽ ക്ഷേത്രത്തിനു മേൽ തമിഴ്നാട് അവകാശവാദം ഉന്നയിച്ചതോടെയാണു തർക്കം തുടങ്ങിയതും പ്രവേശനം നിരോധിച്ചതും. ഇപ്പോൾ ഇരു സർക്കാരുകളും സംയുക്തമായാണ് ഒരു ദിവസത്തെ ചിത്രാ പൗർണമി ഉത്സവം ആചരിക്കുന്നത്. ഈ വർഷത്തെ ഉത്സവത്തിനു ദേവീ ദർശനത്തിനായി ആയിരങ്ങളാണു ക്ഷേത്രത്തിലെത്തിയത് .


യുനെസ്‌കോയുടെ ലോക പൈതൃക സംരക്ഷിത സ്മാരകങ്ങളിൽ ഉൾപ്പെട്ടിട്ടുള്ള മംഗളാദേവി ക്ഷേത്രം സംരക്ഷിക്കേണ്ടത് ദേവസ്വം ബോർഡിന്റെയും സർക്കാരിന്റെയും ആവശ്യമാണെങ്കിലും നിരവധി വന്യ മൃഗങ്ങളുടെയും അത്യപൂർവങ്ങളായ ഓർക്കിഡുകളുടെയും കലവറയായ ഇവിടെ നിർമാണ പ്രവർത്തികളും സ്ഥിരമായ ഭക്തജന തിരക്കും പ്രകൃതിയുടെ ആവാസ വ്യവസ്ഥയുടെ നാശമാകും ഉണ്ടാക്കുക. കസ്തൂരി രംഗൻ റിപ്പോർട്ടിൽ ഉൾപ്പെട്ടിട്ടുള്ള അതീവ പാരിസ്ഥിതിക ലോല മേഖലയിലാണ് മംഗളാ ദേവി ക്ഷേത്രവും പെരിയാർ കടുവാ സങ്കേതവും സ്ഥിതി ചെയ്യുന്നത് ഇവിടെ പാറ പൊട്ടിക്കാനോ, ഖനനം നടത്താനോ അനുമതിയില്ല. എന്നാൽ റിപ്പോർട്ടിൽ പാരിസ്ഥിതിക ദുർബല മേഖലയിൽ വനേതര ഉപയോഗത്തിനായി ഭൂമി മാറ്റുമ്പോൾ സുതാര്യത പുലർത്തണമെന്ന പരാമർശം കോടതിയിൽ അനുകൂലമാക്കാനാണു ദേവസ്വം ബോർഡ് നീക്കം. അതുപോലെ തന്നെ വനമേഖലയിൽ 20000 ചതുരശ്ര മീറ്ററിലധികം (അഞ്ച് ഏക്കർ) വിസ്തൃതിയുള്ള നിർമ്മാണങ്ങൾ അനുവദിക്കരുതെന്ന് പറയുന്നു. അതായതു 20000 ചതുരശ്ര മീറ്റർ വരെയുള്ള നിർമാണങ്ങൾ ആവാമെന്ന്. ഇതും ദേവസ്വം ബോർഡിന് അനുകൂലമാകും. ഈ വാദങ്ങൾ നിരത്തി സുപ്രീം കോടതിയിൽ പോകാനാണു ബോർഡ് തീരുമാനം .

വനമേഖലയായിരുന്ന ശബരിമല ക്ഷേത്രപരിസരം ഓരോ വർഷവും കൂടുതലായി എത്തുന്ന ഭക്തർക്കു വേണ്ടി കൂടുതൽ നാശത്തിലേക്കു നീങ്ങുകയാണ്. ശബരിമലയെ ടൗൺഷിപ് ആക്കി വികസിപ്പിക്കാനും വിമാനത്താവളം കൊണ്ടുവരാനും ശ്രമം നടക്കുമ്പോൾ ആഘാതമേൽക്കുന്നത് പരിസ്ഥിതിക്കാണ്. കണ്ണകിയുടെ ക്ഷേത്രം എന്ന നിലയിലും സ്ത്രീകൾക്കായുള്ള ബദൽ ശബരിമല എന്ന നിലയിലും കൂടുതൽ ഭക്തരെ എത്തിക്കാൻ തന്നെയാണ് ഇവിടെയും ലാഭക്കണ്ണുള്ളവർ നോട്ടമിടുന്നത്.

ആന, കാട്ടുപോത്ത്‌, കടുവ, വരയാട്, കരടി തുടങ്ങിയ വന്യമൃഗങ്ങൾ ധാരാളമുള്ള ഇവിടെ ചിത്രാ പൗർണമി കഴിഞ്ഞാൽ ക്ഷേത്രത്തിൽ വാസമുറപ്പിക്കുക കുടുംബമായെത്തുന്ന കരടികളാണെന്ന് 20 വർഷമായി ട്രൈബൽ വാച്ചറായി ജോലി ചെയ്യുന്ന മന്നാൻ വിഭാഗത്തിപെടുന്ന രാജ്‌കുമാർ നാരദാ ന്യൂസിനോടു പറഞ്ഞു . പകൽ പോലും മാനുകളും കാട്ടു പോത്തുകളും ആനകളുമെല്ലാം ക്ഷേത്രത്തിനു സമീപത്തായി മേഞ്ഞു നടക്കാറുണ്ട്. മലമുകളിലെ ഉറവയിൽ ധാരാളം വെള്ളവുമുള്ളതിനാൽ ഇവിടം മൃഗങ്ങളുടെ പറുദീസയാണ് . ദേവസ്വം ബോർഡിന്റെ നീക്കം കാടിനേയും ഇവിടുത്തെ മൃഗങ്ങളെയും ഇല്ലാതാക്കുമെന്നതിൽ സംശയമില്ലെന്നും രാജ്‌കുമാർ പറഞ്ഞു . 1997ൽ പെരിയാർ എക്കോ ഡെവലപ്മെന്റ് പ്രൊജക്റ്റ് നിലവിൽ വന്നതിനു ശേഷമാണ് കാടിനെ അറിയുന്ന ആദിവാസികളെ വാച്ചർമാരായി ദിവസക്കൂലി അടിസ്ഥാനത്തിൽ നിയമിച്ചത്. 20 വർഷം സർവീസ് ആയെങ്കിലും അവരെല്ലാം ഇപ്പോഴും ദിവസക്കൂലിക്കാർ തന്നെ.


ക്ഷേത്രം അതിന്റെ പൈതൃക മൂല്യം ചോർന്നു പോകാതെ സംരക്ഷിക്കണം എന്ന കാര്യത്തിൽ മറുസ്വരമുയരുന്നില്ല. നിലവിലുള്ള ഒരു ദിവസത്തെ ആരാധന തന്നെയാണു നല്ലതെന്ന അഭിപ്രായവും ഭക്തർക്കുണ്ട്. കാടു വെട്ടിത്തെളിച്ചു മൃഗങ്ങളെ ഇല്ലാതാക്കി കോടിക്കണക്കിനു രൂപ മുടക്കിയുള്ള നിർമാണ പ്രവർത്തികൾ ക്ഷേത്രത്തിന്റെ പരിപാവനത തന്നെ ഇല്ലാതാക്കും എന്നതാണു ഭക്തരുടെ അഭിപ്രായം. തീരുമാനം ദേവസ്വം ബോർഡിന്റെ മാത്രമല്ല, കേരളാ വനം വകുപ്പിന്റെയും സർക്കാരിന്റെയും കൂടിയാണ് എന്നിരിക്കെ സംസ്ഥാന സർക്കാർ ഇതിൽ എന്തു തീരുമാനമെടുക്കും എന്നത് നിർണായകമാകും.