അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം; ഒരാഴ്ച്ചയ്ക്കിടെ പൊലിഞ്ഞത് രണ്ടു ജീവനുകൾ

മെയ് മാസം പകുതിയായപ്പോഴേക്കും അട്ടപ്പാടിയില്‍ അഞ്ച് ശിശുമരണമാണുണ്ടായത്. ഒരാഴ്ച്ചക്കിടെ രണ്ടു കുഞ്ഞുങ്ങള്‍ മരിക്കുന്ന സംഭവം അട്ടപ്പാടിയില്‍ ഒരു വര്‍ഷത്തിനിടെ ആദ്യമാണ്.

അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം; ഒരാഴ്ച്ചയ്ക്കിടെ പൊലിഞ്ഞത് രണ്ടു ജീവനുകൾ

അട്ടപ്പാടിയിൽ വീണ്ടും ശിശുമരണ തോത് വർധിക്കുന്നു. ഒരാഴ്ച്ചക്കിടെ രണ്ടു കുഞ്ഞുങ്ങളാണ് ഇവിടെ മരണമടഞ്ഞത്. അഗളി ഗുദ്ദയൂര്‍ ഊരില്‍ പാര്‍വ്വതി-രാജന്‍ ദമ്പതികളുടെ പെണ്‍ കുഞ്ഞാണ് കഴിഞ്ഞദിവസം മരിച്ചത്.

ഈ മാസം അഞ്ചിനു കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ ജനിച്ച കുഞ്ഞിന് 1.2 കിലോ മാത്രമാണ് തൂക്കം ഉണ്ടായിരുന്നത്. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ പത്താം തീയതി രാത്രി 11 മണിക്കാണ് കുഞ്ഞ് മരണപ്പെട്ടത്. ഇവരുടെ രണ്ടാമത്തെ കുഞ്ഞാണിത്.

'കുഞ്ഞിന്റെ ശ്വാസകോശം ചെറുതായിരുന്നുവെന്നും ശ്വസിക്കാന്‍ പ്രയാസമുള്ളതിനാല്‍ മരണപ്പെടുകയായിരുന്നുവെന്നും ഡോക്ടര്‍മാര്‍ പറഞ്ഞതായി കുഞ്ഞിന്റെ അമ്മ പാര്‍വ്വതി നാരദാ ന്യൂസിനോട് പറഞ്ഞു. അഞ്ചുമാസത്തിനുള്ളില്‍ അട്ടപ്പാടിയില്‍ മരിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണം ഇതോടെ അഞ്ചായി.

ഈ മാസം ആറിനും അട്ടപ്പാടിയില്‍ ശിശുമരണം നടന്നിരുന്നു. ഷോളയൂര്‍ ഗൊഞ്ചിയൂര്‍ ഊരിലെ മുരുഗന- വരഗമ്പാടി ദമ്പതികളുടെ നാലു ദിവസം പ്രായമുള്ള ആണ്‍കുഞ്ഞാണ് മരിച്ചത്. ജനിക്കുമ്പോള്‍ 2.8 കിലോ തൂക്കമുണ്ടായിരുന്ന കുഞ്ഞ് തമിഴ്‌നാട്ടിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോഴാണ് മരിച്ചത്. മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി മരിച്ചെന്നാണ് ആരോഗ്യ വകുപ്പിന്റെ വിശദീകരണം.

കഴിഞ്ഞ ജനുവരി, ഫെബ്രുവരി മാസങ്ങളിലും അട്ടപ്പാടിയില്‍ ശിശുമരണം നടന്നിരുന്നു. ഫെബ്രുവരി ഏഴിന് അഗളി പട്ടിമാളം ഊരിലെ വെള്ളങ്കിരിയുടേയും രാജമ്മയുടേയും നാലുമാസം പ്രായമുള്ള മകളും, ജനുവരി എട്ടിനു ഷോളയൂര്‍ കടമ്പാറ ഊരിലെ വീരമ്മയുടേയും ശെല്‍വന്റേയും അഞ്ചു മാസം പ്രായമുള്ള കുഞ്ഞുമാണ് മരിച്ചിരുന്നത്.

അട്ടപ്പാടിയില്‍ മദ്യലഹരിയില്‍ അളിയന്‍മാര്‍ തമ്മിലുള്ള അടിപിടിയില്‍ മൂന്നുമാസം പ്രായമുള്ള കുഞ്ഞ് അടിയേറ്റ് മരിച്ചത് കഴിഞ്ഞ മാസമായിരുന്നു. ഷോളയൂര്‍ വയലൂര്‍ ഊരിലെ വിനോദ്- കവിത ദമ്പതികളുടെ മകനാണ് മരിച്ചത്. അടിയേറ്റ കുഞ്ഞ് സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചിരുന്നു. മേട്ടുപ്പാളയം പോത്തന്‍പാടിയിലെ ഭാര്യവീട്ടില്‍ വെച്ചായിരുന്നു സംഭവം. എന്നാല്‍ സംഭവത്തില്‍ പൊലീസ് ഇതുവരെ കേസൊന്നും രജിസ്റ്റർ ചെയ്തിട്ടില്ല.