അട്ടപ്പാടിയില്‍ ആദിവാസികള്‍ക്ക് നിത്യോപയോഗത്തിനും വെള്ളം വില കൊടുത്തുവാങ്ങണം

ഷോളയൂരില്‍ ഒരു ലിറ്റര്‍ വെള്ളത്തിന് ഒരു രൂപയാണ് വില. എന്നാല്‍ പലയിടത്തും വിലയില്‍ വ്യത്യാസം വരും. 600 രൂപ മുതല്‍ 1000 രൂപ വരെ വില നല്‍കിയാലെ 1000 ലിറ്റര്‍ വെള്ളം കിട്ടുകയുള്ളു.

അട്ടപ്പാടിയില്‍ ആദിവാസികള്‍ക്ക് നിത്യോപയോഗത്തിനും വെള്ളം വില കൊടുത്തുവാങ്ങണം

അട്ടപ്പാടിയില്‍ ആദിവാസികള്‍ നിത്യാപയോഗത്തിനായി വെള്ളം വില കൊടുത്തു വാങ്ങുന്നു. ലിറ്ററിന് ഒന്നും രണ്ടും രൂപ മുതല്‍ വില നല്‍കി ടാങ്കര്‍ ലോറികളില്‍ വെള്ളം വാങ്ങാന്‍ നില്‍ക്കുന്നര്‍ ഇപ്പോള്‍ അട്ടപ്പാടിയില്‍ സാധാരണ കാഴ്ച്ചയാണ്. ഷോളയൂരില്‍ ഒരു ലിറ്റര്‍ വെള്ളത്തിന് ഒരു രൂപയാണ് വില. എന്നാല്‍ പലയിടത്തും വിലയില്‍ വ്യത്യാസം വരും. 600 രൂപ മുതല്‍ 1000 രൂപ വരെ വില നല്‍കിയാലെ 1000 ലിറ്റര്‍ വെള്ളം കിട്ടുകയുള്ളു.

ഏകദേശം മൂന്നാഴ്ച്ച മുമ്പാണ് ടാങ്കര്‍ ലോറികളിലെ വെള്ളം ആദിവാസികള്‍ ആശ്രയിക്കാന്‍ തുടങ്ങിയത്. ഷോളയൂര്‍ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലാണ് ടാങ്കര്‍ ലോറി വെള്ളം വിതരണം ആദ്യം തുടങ്ങിയത്. പഞ്ചായത്തിന്റെ ജലനിധി കുടിവെള്ള പദ്ധതിയില്‍ നിന്ന് മൂന്നാഴ്ചയിലേറെയായി വെള്ളം ഇല്ല. മോട്ടോറിന്റെ പ്രശ്‌നമാണ് പഞ്ചായത്ത് പറയുന്നതെങ്കിലും ആഴ്ച്ചകളായിട്ടും അറ്റകുറ്റപ്പണി നടത്താനുള്ള ശ്രമമൊന്നും നടന്നില്ല. പിന്നീട് പഞ്ചായത്തിന്റെ അനുവാദത്തോടെ ചില സ്വകാര്യ കുടിവെള്ള ലോബി വെള്ളം വില്‍പ്പന തുടങ്ങുകയായിരുന്നു.

തുടക്കത്തില്‍ പഞ്ചായത്തിന്റെ പരിധിയില്‍ ഒതുങ്ങിനിന്ന ഈ കച്ചവടം മറ്റു സ്ഥലങ്ങളിലേക്കും വ്യാപിച്ചു. സ്വകാര്യ കുടിവെള്ള ലോബികളെ സഹായിക്കാനാണ് മൂന്നാഴ്ച്ച കഴിഞ്ഞിട്ടും മോട്ടോര്‍ ശരിയാക്കത്തതെന്ന് ആരോപണമുണ്ട്. ഇനി പഞ്ചായത്ത് കുടിവെള്ള വിതരണം തുടങ്ങിയാലും മറ്റ് സ്ഥലങ്ങളിലെല്ലാം വില്‍പ്പന തുടരാന്‍ കുടിവെള്ള ലോബിക്കാവും. സ്വകാര്യ ടാങ്കര്‍ ലോറികളില്‍ നിന്നു വില കൊടുത്തു വാങ്ങുന്ന വെള്ളം കുടിക്കാന്‍ ഉള്‍പ്പടെ എല്ലാ ആവശ്യങ്ങള്‍ക്കും ആദിവാസികള്‍ ഉപയോഗിക്കുന്നുണ്ട്.

എന്നാല്‍ ഈ വെളളത്തിന്റെ ഗുണനിലവാരം പരിശോധിക്കാന്‍ ഒരു സംവിധാനവുമില്ല. കിണറുകളില്‍ നിന്നെടുക്കുന്ന വെള്ളമാണ് എന്നാണ് അവകാശപ്പെടുന്നതെങ്കിലും ഇത്ര സുലഭമായി വെള്ളം കിട്ടുന്ന കിണറുകള്‍ അട്ടപ്പാടിയില്‍ കുറവാണ്. അട്ടപ്പാടിയിലെ പുഴകള്‍ വറ്റിവരണ്ടു കിടക്കുകയാണെങ്കിലും തടയണകള്‍ ഉള്ള ചില പ്രദേശങ്ങളില്‍ വെള്ളമുണ്ട്. കുഴിച്ചെടുക്കാനും കഴിയും. ഇങ്ങനെ സംഭരിക്കുന്ന വെള്ളമാണ് യാതൊരു ശുദ്ധീകരണ പ്രക്രിയകളും നടത്താതെ വില്‍പ്പന നടത്തുന്നതെന്ന ആരോപണമുണ്ട്.

ഷോളയൂര്‍ മേലെ പൂതയാര്‍ ഊരില്‍ കുടിവെള്ള പദ്ധതികള്‍ ഒന്നുമില്ല. മഴക്കാലത്ത് മേലെ മലമുകളിലെ ഉറവകളിലെ വെള്ളം പൈപ്പ് വഴി വീടുകളിലെ ടാങ്കുകളില്‍ ശേഖരിച്ചു വയ്ക്കുകയാണ് ഇവിടെ ആദിവാസികള്‍ ചെയ്യാറുള്ളത്. വേനല്‍ തുടങ്ങുമ്പോള്‍ മലുമുകളില്‍ പോയി ഉറവകളില്‍ നിന്നു ചെറുപാത്രങ്ങള്‍ വഴി വെളളം ശേഖരിച്ചു കൊണ്ടു വരും. എന്നാല്‍ വേനല്‍ ശക്തമായാല്‍ ഈ പ്രദേശത്തുകാര്‍ ദൂരെ സ്ഥലങ്ങളില്‍ പോയി വെള്ളം കൊണ്ടുവരികയാണ് ചെയ്യാറുള്ളത്.

എന്നാല്‍ ഇത്തവണ എവിടേയും വെള്ളം ഇല്ലാത്ത അവസ്ഥയായതിനാല്‍ ടാങ്കര്‍ ലോറികളില്‍ നിന്നു വെള്ളം വാങ്ങേണ്ടി വരുന്നുണ്ട്. ഒരു ചെറു വാഹനം പോലും കടന്നുവരാത്ത ഈ പ്രദേശത്തേക്ക് ദൂരെ റോഡിലെ ടാങ്കര്‍ ലോറിയില്‍ നിന്നു വെള്ളം വാങ്ങി തലച്ചുമടായി എത്തിക്കണം. അട്ടപ്പാടിയിലെ ഒട്ടുമിക്ക ഊരുകളുടേയും അവസ്ഥ ഇതാണ്.

അതേസമയം, മൂന്നാഴ്ച്ചായായിട്ടും കുടിവെള്ള പദ്ധതി ശരിയാക്കാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ഇന്നലെ ഷോളയൂര്‍ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു. രണ്ടു ദിവസത്തിനുള്ളില്‍ കുറ്റമറ്റ രീതിയില്‍ കുടിവെള്ള വിതരണം ശരിയാക്കാമെന്ന ഉറപ്പിലാണ് നാട്ടുകാര്‍ ഉപരോധം അവസാനിപ്പിച്ചത്.