ബിജെപി ഹര്‍ത്താല്‍; സംസ്ഥാനത്ത് ആദ്യമായി ഹര്‍ത്താലിനിടെ മെഡിക്കല്‍കോളേജിനു നേരെ അക്രമം, ആംബുലന്‍സിനെയും വെറുതെവിട്ടില്ല

റോഡില്‍ വാഹനങ്ങള്‍ തടഞ്ഞും കല്ലെറിഞ്ഞും മതിവരാത്ത ഹര്‍ത്താല്‍ അനുകൂലികള്‍ പരിയാരം മെഡിക്കല്‍ കോളേജിനുള്ളില്‍ കയറിയാണ് ആക്രമണം അഴിച്ചുവിട്ടത്. ഗുരുതരാവസ്ഥയിലുള്ള രോഗിയെയും വഹിച്ചുകൊണ്ട് ആശുപത്രിയിലെത്തിയ ആംബുലന്‍സ് അക്രമിസംഘം എറിഞ്ഞും അടിച്ചും തകര്‍ത്തു.

ബിജെപി ഹര്‍ത്താല്‍; സംസ്ഥാനത്ത് ആദ്യമായി ഹര്‍ത്താലിനിടെ മെഡിക്കല്‍കോളേജിനു നേരെ അക്രമം, ആംബുലന്‍സിനെയും വെറുതെവിട്ടില്ല

കണ്ണൂരില്‍ ആര്‍എസ്എസ് പ്രചാരകിന്റെ കൊലപാതകത്തെത്തുടര്‍ന്ന് ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെവ്യാപക അക്രമം. സംസ്ഥാന ചരിത്രത്തിലാദ്യമായി ഹര്‍ത്താലിന്റെ പേരില്‍ മെഡിക്കല്‍ കോളേജിനുള്ളില്‍ കടന്നുള്ള ആക്രമണത്തിനും കണ്ണൂര്‍ സാക്ഷ്യം വഹിച്ചു.

റോഡില്‍ വാഹനങ്ങള്‍ തടഞ്ഞും കല്ലെറിഞ്ഞും മതിവരാത്ത ഹര്‍ത്താല്‍ അനുകൂലികള്‍ പരിയാരം മെഡിക്കല്‍ കോളേജിനുള്ളില്‍ കയറിയാണ് ആക്രമണം അഴിച്ചുവിട്ടത്. ഗുരുതരാവസ്ഥയിലുള്ള രോഗിയെയും വഹിച്ചുകൊണ്ട് ആശുപത്രിയിലെത്തിയ ആംബുലന്‍സ് അക്രമിസംഘം എറിഞ്ഞും അടിച്ചും തകര്‍ത്തു.

പയ്യന്നൂര്‍ സഹകരണാശുപത്രിയുടെ ആംബുലന്‍സിനു നേരെയാണ് ആക്രമണമുണ്ടായത്. വാഹനത്തിന്റെ ചില്ലുകള്‍ തകര്‍ന്നു, ഉള്ളിലെ ഉപകരണങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. തുടര്‍ന്ന് മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിനു നേരെയും കല്ലേറും ആക്രമണവുമുണ്ടായി. കാഷ്വാലിറ്റി യൂണിറ്റിലെ അത്യാധുനിക ഉപകരണങ്ങള്‍ക്ക് കേടുപാടുകളുണ്ടായതായി ആശുപത്രി അധികൃതര്‍ പറഞ്ഞു.

ചികിത്സാ യൂണിറ്റുകള്‍ക്കും കേടുപാടുണ്ടായി. പോലീസെത്തുമ്പോഴേക്കും അക്രമികള്‍ ഓടിരക്ഷപ്പെട്ടു. രാവിലെ 6 മണി മുതല്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ അങ്ങിങ്ങായി അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പുതിയതെരു മുതല്‍ പരിയാരം വരെയുള്ള സ്ഥലങ്ങളിലാണ് പ്രശ്‌നങ്ങള്‍ ഉടലെടുത്തത്.

രാവിലെ ഇതുവഴി സഞ്ചരിച്ച മത്സ്യവിപണന കമ്പനിയുടെ ലോറിക്കുനേരെ കല്ലേറുണ്ടായിരുന്നു. പുതിയതെരു, പരിയാരം മേഖലകളില്‍ ഹര്‍ത്താലനുകൂലികള്‍ വാഹനങ്ങളും തടയുന്നുണ്ട്.

സംഘര്‍ഷസാധ്യത കണക്കിലെടുത്ത് കണ്ണൂരില്‍ പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സംഘര്‍ഷബാധിത പ്രദേശങ്ങളില്‍ കൂടുതല്‍ പോലീസ് സേനയെ വിന്യസിച്ചിട്ടുമുണ്ട്. ക്രമസമാധാന പ്രശ്‌നങ്ങള്‍ രൂക്ഷമാകാതിരിക്കാന്‍ അതീവ ജാഗ്രത സ്വീകരിച്ചുവരികയാണെന്ന് കണ്ണൂര്‍ ജില്ലാ പോലീസ് മേധാവി പറഞ്ഞു.

ഇന്നലെ വൈകിട്ട് നാലുമണിയോടെയാണ് ആര്‍എസ്എസ് പ്രവര്‍ത്തകനും പയ്യന്നൂര്‍ ധനരാജ് വധക്കേസിലെ പന്ത്രണ്ടാം പ്രതിയുമായ ചൂരിക്കാട്ട് ബിജു കൊല്ലപ്പെട്ടത്. പയ്യന്നൂരിനടുത്തു പാലക്കോട് പാലത്തിനു മുകളില്‍വച്ച് വാഹനത്തിലെത്തിയ അക്രമിസംഘം ബോംബെറിഞ്ഞശേഷം ബിജുവിനെ വെട്ടുകയായിരുന്നു. കഴുത്തിന് വെട്ടേറ്റ ബിജുവിനെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ധനരാജ് വധക്കേസില്‍ അറസ്റ്റിലായ ബിജു, ജാമ്യം ലഭിച്ച് കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയിരുന്നത്.

Story by
Read More >>