കണ്ണൂർ രാഷ്ട്രീയത്തെ വിമർശിച്ചു: ഈടയെ 'വലിച്ചുകീറി' തുരത്തുന്നു

സിപിഐഎം ജില്ലാ സമ്മേളനത്തിന്റെ പ്രചാരണ സാമഗ്രഹികൾ നഗരത്തിൽ വർദ്ധിക്കുന്നതിനൊപ്പമാണ് ഈടയുടെ പോസ്റ്ററുകൾ നശിപ്പിക്കപ്പെട്ടത്

കണ്ണൂർ രാഷ്ട്രീയത്തെ വിമർശിച്ചു: ഈടയെ വലിച്ചുകീറി തുരത്തുന്നു

സിപിഐഎമ്മിന്റേയും ആർഎസ്എസ്സിന്റേയും രാഷ്ട്രീയത്തെ വിമർശന വിധേയമായി അവതരിപ്പിച്ച 'ഈട' സിനിമക്കെതിരെ വ്യാപക ആക്രമണം. കേരളത്തിലുടനീളം സിനിമയുടെ പോസ്റ്ററുകൾ നശിപ്പിക്കപ്പെടുകയാണ്. സംവിധായകൻ ലാൽ ജോസിന്റെ വിതരണ കമ്പനിയായ എൽജെ യാണ് സിനിമ വിതരണം ചെയ്യുന്നത്. സംവിധായകൻ രാജീവ് രവിയും സുഹൃത്തുക്കളും ചേർന്ന് കളക്റ്റീവ് ഫേസ് വണ്ണിന്റെ ബാനറിൽ നിർമിച്ച ഈട ആദ്യം തന്നെ സിപിഐഎം സൈബർ കേന്ദ്രങ്ങളിൽ നിന്ന് വിമർശനം ഏറ്റ് തുടങ്ങിയിരുന്നു.പ്രണയ ചിത്രം എന്ന നിലയിൽ അവതരിപ്പിക്കപ്പെട്ട സിനിമക്കുള്ളിൽ അടക്കം ചെയ്യപ്പെട്ട രാഷ്ട്രീയം ഫാസിസത്തിനും അനീതിക്കുമെതിരെ വ്യക്തമായ പക്ഷം പിടിച്ചിരുന്നു. ഇത് വലതുപക്ഷ രാഷ്ട്രീയമാണ് എന്ന നിലക്കാണ് വിമർശനങ്ങൾ ഉയർന്നത്. ഷെയിൻ നിഗം അവതരിപ്പിച്ച നായക കഥാപാത്രം ആനന്ദ് ആർഎസ്എസ്സിന്റേയും നിമിഷ സജയൻ അവതരിപ്പിച്ച നായിക കഥാപാത്രം ഐശ്വര്യ സിപിഐഎമ്മിന്റേയും കേന്ദ്രങ്ങളെ പ്രതിനിധീകരിക്കുന്നു. സംഘർഷ ഭരിതമായ ഇരു കേന്ദ്രങ്ങളുടേയും ഇരകളാണ് ഇരുവരും. ഇവരുടെ പ്രണയം ഈ രാഷ്ട്രീയ സംഘർഷങ്ങൾക്കിടയിൽ കുടുങ്ങുകയാണ്. മനുഷ്യ ബന്ധങ്ങൾക്കോ അതിന്റെ വൈകാരിക അനുഭവങ്ങൾക്കോ യാതൊരു വിധ മൂല്യവും കൽപ്പിക്കാത്ത ഇരു കേന്ദ്രങ്ങളും യാന്ത്രികമായി നിലകൊള്ളുന്നത് എന്തിനെന്ന് പരിശോധിക്കുന്നുണ്ട് സിനിമ- ഇതാണ് പ്രകോപനങ്ങൾക്ക് കാരണം.സിനിമയുടെ പശ്ചാത്തലമായ കണ്ണൂരിലെ തിയറ്ററുകളിൽ സിനിമക്ക് അപ്രഖ്യാപിത വിലക്ക് ഏർപ്പെടുത്തിയത് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. എല്ലാ മാളുകളിലും പ്രദർശനം നടക്കുന്നതിനെ തുടർന്ന് വലിയ പ്രചാരണങ്ങളുള്ള എറണാകുളം നഗരത്തിൽ ഫ്ലെക്സ് ബോർഡുകളും പോസ്റ്ററുകളും വ്യാപകമായി നശിപ്പിക്കപ്പെട്ടിട്ടുണ്ട്. സിപിഐഎം ജില്ലാ സമ്മേളനത്തിന്റെ പ്രചാരണ സാമഗ്രഹികൾ നഗരത്തിൽ വർദ്ധിക്കുന്നതിനൊപ്പമാണ് ഈടയുടെ പോസ്റ്ററുകൾ നശിപ്പിക്കപ്പെട്ടത്. സിപിഐഎമ്മിന്റെ മുഖപത്രമായ ദേശാഭിമാനിയിലും ആർഎസ്എസ്സിന്റെ മുഖപത്രമായ ജന്മഭൂമിയിലും ഒന്നാം പേജ് മുഴുവൻ പരസ്യം നൽകിയാണ് ഈട പ്രദർശനം ആരംഭിച്ചത്.ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന സിനിമ പിണറായിയെ വിമർശിച്ചു എന്ന പേരിൽ മുൻപ് ആക്രമണം നേരിട്ടിരുന്നു. എന്നാൽ ഇത്തരത്തിലുള്ള ആക്രമണങ്ങൾ സിനിമക്ക് നേരെ ഇതാദ്യമാണ്. നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് ജയിലിൽ കിടക്കുമ്പോൾ എതിർപ്പുകൾക്കിടയിലൂടെയാണ് രാമലീല പ്രദർശിപ്പിക്കപ്പെട്ടത്. പക്ഷേ കേരളത്തിൽ രാമലീലയുടെ ഒരു പോസ്റ്റർ പോലും നശിപ്പിക്കപ്പെട്ടിരുന്നില്ല.ഈടയുടെ രാഷ്ട്രീയം കോൺഗ്രസ്സിന്റേതാണ് എന്നാണ് സി പി ഐ എം കേന്ദ്രങ്ങളുടെ ആരോപണം. സംവിധായകൻ വി അജിത്ത് കുമാർ ഈ ആരോപണത്തെ തള്ളിപ്പറയുകയും ചെയ്തിരുന്നു

Read More >>