​എല്ലാവരും കെെയൊഴിഞ്ഞതിനു പിന്നാലെ നാണം കെട്ട് മന്ത്രി സ്ഥാനമൊഴിഞ്ഞ് തോമസ് ചാണ്ടി; പിണറായി മന്ത്രി സഭയിൽ നിന്ന് രാജിവെക്കുന്ന മൂന്നാമത്തെ മന്ത്രി

ഒന്നര വർഷത്തിനുള്ളിൽ പിണറായി മന്ത്രി സഭയിൽ ആരോപണ വിധേയനായി രാജിവെക്കുന്ന മൂന്നാമതെ മന്ത്രിയാണ് തോമസ് ചാണ്ടി.

​എല്ലാവരും കെെയൊഴിഞ്ഞതിനു പിന്നാലെ നാണം കെട്ട് മന്ത്രി സ്ഥാനമൊഴിഞ്ഞ് തോമസ് ചാണ്ടി; പിണറായി മന്ത്രി സഭയിൽ നിന്ന് രാജിവെക്കുന്ന മൂന്നാമത്തെ മന്ത്രി

കായല്‍ കെെയേറ്റ വിഷയത്തിൽ ആരോപണവിധേയനായ ഗതാ​ഗത വകുപ്പ് മന്ത്രി തോമസ് ചാണ്ടി രാജിവെച്ചു. മന്ത്രി സ്ഥാനത്ത് തുടരാൻ നടത്തിയ പരിശ്രമങ്ങളെല്ലാം വിഫലമായത്തിനെ തുടർന്നായിരുന്നു രാജി. തോമസ് ചാണ്ടി രാജിവെക്കണമെന്ന് എൽഡിഎഫ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഒന്നര വർഷത്തിനുള്ളിൽ പിണറായി മന്ത്രി സഭയിൽ ആരോപണ വിധേയനായി രാജിവെക്കുന്ന മൂന്നാമത്തെ മന്ത്രിയാണ് തോമസ് ചാണ്ടി.

തലസ്ഥാനത്ത് മണിക്കൂറുകൾ നീണ്ട തിരക്കിട ചർച്ചകൾക്കും അനിശ്ചിതത്വങ്ങൾക്കും ഒടുവിലാണ് മന്ത്രിസഭയിൽ നിന്നും തോമസ് ചാണ്ടിയുടെ രാജി പ്രഖ്യാപനമുണ്ടായത്. എൻസിപി സംസ്ഥാന പ്രസിഡന്റ് ടി പി പീതാംബരൻ മാസ്റ്ററാണ് സെക്രട്ടേറിയറ്റിലെത്തി മുഖ്യമന്ത്രിയെ കണ്ട് രാജിക്കത്ത് കെെമാറിയത്.

ഇതിനു മുമ്പേ എട്ടു മണിയോടെ എൻസിപി സംസ്ഥാന പ്രസിഡന്റ് ടി പി പീതാംബരനൊപ്പം ക്ളിഫ് ഹൗസിലെത്തി തോമസ് ചാണ്ടി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. തുടർന്ന് മന്ത്രിസഭാ യോ​ഗത്തിൽ ഉപാധികളോടെ തോമസ് ചാണ്ടി രാജി സന്നദ്ധത അറിയിച്ചു. എന്നാൽ, സിപിഎെ മന്ത്രിമാർ മന്ത്രിസഭാ യോ​ഗത്തിൽ നിന്നും വിട്ടുനിന്നു. മന്ത്രിസഭാ തീരുമാനങ്ങൾ വിശദീകരിച്ച് നടത്തിയ വാർത്താസമ്മേളനത്തിൽ എൻസിപി കേന്ദ്ര നേതൃത്വവുമായുള്ള ചർച്ചകൾക്കു ശേഷം അവർ രാജിക്കാര്യത്തിൽ തീരുമാനമെടുക്കുന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. തോമസ് ചാണ്ടിയുടെ വീട്ടിൽ പിന്നീട് നടന്ന ചർച്ചയിൽ രാജിക്കാര്യത്തിൽ ധാരണയിലെത്തുകയായിരുന്നു. ഇതിനു ശേഷം മുഖ്യമന്ത്രിയെ കണ്ട തോമസ് ചാണ്ടി രാജിക്കത്ത് കെെമാറി.

അതേസമയം, എൻസിപിയിലെ രാജ്യത്തെ ഏക മന്ത്രിയായ തോമസ് ചാണ്ടി രാജിവെച്ചാൽ അത് പാർട്ടിയ്ക്ക് വലിയ ക്ഷീണമാകുമെന്ന പാർട്ടി വിലയിരുത്തലായിരുന്നു എല്ലാ എതിർപ്പുകളും മറികടന്ന് ഇന്ന് രാവിലെ വരെ മന്ത്രി സ്ഥാനത്ത് തുടരാൻ തോമസ് ചാണ്ടിക്ക് വഴിയൊരുക്കിയത്. എന്നാൽ തോമസ് ചാണ്ടി നൽകിയ ഹരജി പരി​ഗണിച്ച ഹെെക്കോടതി നടത്തിയ കടുത്ത പരാമർശങ്ങൾ തോമസ് ചാണ്ടിയ്ക്കും എൻസിപിയ്ക്കും വലിയ തിരിച്ചടിയാണ് നൽകിയത്.

ഒടുവിൽ നിവൃത്തിയില്ലാത തോമസ് ചാണ്ടിയെ എൻസിപി സംസ്ഥാന നേതൃത്വവും കെെവിടുകയായിരുന്നു. ഇന്നലെ ചേർന്ന യോ​ഗത്തിൽ രാജി വേണമെന്നായിരുന്നു സംസ്ഥാന ഭാരവാഹികളുടെ പൊതുവികാരം. മുന്നണി മര്യാദ പാർട്ടി പാലിക്കണമെന്ന അഭിപ്രായവും ഭാരവാഹികൾ ഉയർത്തി.അതിനിടെ പാർട്ടി സംസ്ഥാന നേതൃത്വം കേന്ദ്ര നേതൃത്വത്തോടു രാജിക്കായി അനുമതി തേടിയിരുന്നു.

ഹൈക്കോടതിയിൽ നിന്നു രൂക്ഷമായ പരാമർശങ്ങൾ ഉയർന്നതിനെത്തുടർന്ന് സംസ്ഥാന പ്രസിഡന്റ് ടി പി പീതാംബരനുമായി പ്രഫുല്‍ പട്ടേല്‍ സംസാരിച്ചു.ദേശീയ നേതാവ് ശരദ് പവാറും മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തി. എ കെ ശശീന്ദ്രൻ കുറ്റവിമുക്തനായാൽ മന്ത്രിസ്ഥാനം തിരികെ നൽകണമെന്നു ശരത് പവാർ പിണറായിയോട് ആവശ്യപ്പെട്ടു. ഈ ആവശ്യം അംഗീകരിച്ചതായാണ് സൂചന. ഇൗ സാഹചര്യത്തിലാണ് കുട്ടനാട് എംഎൽഎയായ തോമസ് ചാണ്ടി രാജിവെച്ചത്.

മന്ത്രി സ്ഥാനത്ത് തുടർന്ന് കൊണ്ട് എങ്ങനെയാണ് സർക്കാരിനെതിരെ ഹരജി നൽകുകയെന്ന് കോടതി ചോദിച്ചിരുന്നു. മന്ത്രിയുടെ ഹരജി അപക്വമായി പോയെന്ന് സ്റ്റേറ്റ് അറ്റോർണി ജനറലിന്റെ വാക്കുകൾക്ക് പിന്നാലെ സർക്കാരിന് പോലും മന്ത്രിയെ വിശ്വാസമില്ലെന്ന പരാമർശവും ഹൈക്കോടതി നടത്തി. ദന്തഗോപുരത്തിൽ നിന്നും ഇറങ്ങി വന്ന് അധികാരം ഒഴിഞ്ഞ് സാധാരണക്കാരനെ പോലെ നിയമ നടപടികളെ നേരിടൂ എന്നും ഹൈക്കോടതി പരാമർശം നടത്തിയിരുന്നു. രാജിവെച്ചില്ലിെങ്കിൽ പിടിച്ച് പുറത്താക്കണമെന്ന് ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ വിഎസ് അച്യുതാനന്ദൻ പറഞ്ഞിരുന്നു. നാണവും മാനവുമുണ്ടെങ്കിൽ തോമസ് ചാണ്ടി രാജിവെക്കണമെന്ന് സിപിഐയും പറഞ്ഞിരുന്നു.

തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസ് റിസോർട്ടിനായി കായൽ കെെയേറിയെന്ന് സർക്കാറിന് ആലപ്പുഴ ജില്ലാ കളക്ടർ ടി വി അനുപമ റിപ്പോർട്ട് നൽകിയിരുന്നു. ഈ റിപ്പോർട്ട് നൽകിയിട്ടും എജിയുടെ റിപ്പോർട്ട് തോമസ് ചാണ്ടിയ്ക്ക് എതിരായിരുന്നിട്ട് പോലും തോമസ് ചാണ്ടി രാജിവെച്ചിരുന്നില്ല. മന്ത്രി സ്ഥാനത്ത് തുടരാൻ അവസാന പരിശ്രമവും നടത്തിയതിന് ശേഷം വേറെ വഴിയില്ലാതെയാണ് തോമസ് ചാണ്ടി നാണം കെട്ട് രാജിവെച്ചത്.

നേരത്തെ, എൻസിപിയുടെ മന്ത്രിയായിരുന്ന എകെ ശശീന്ദ്രരൻ ലെെം​ഗീക ആരോപണത്തിനെ തുടർന്ന് രാജിവെച്ചിരുന്നു. ഇതിനു ശേഷം സിപിഐഎം കേന്ദ്രകമ്മിറ്റി അം​ഗവും പിണറായി വിജയന്റെ വിശ്വസ്തനുമായ ഇ പി ജയരാജൻ ബന്ധു നിയമന വിവാദത്തിനെ തുടർന്ന് മന്ത്രി സ്ഥാനം ഒഴിഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് തോമസ് ചാണ്ടിയുടെ രാജി.