പഞ്ച് മോദി ചലഞ്ചിലെ അസ്‌ലഫ് പാറക്കാടന്‍ പറയുന്നു; ജാതിത്തെറി വിളിച്ചതുമായി താരതമ്യം വേണ്ട

മുഖ്യമന്ത്രിയെ ഈഴവന്‍ എന്ന നിലയില്‍ ജാതിത്തെറി വിളിച്ച സ്ത്രീയെ ന്യായീകരിക്കാന്‍ പഞ്ച് മോദി ചലഞ്ച് വീണ്ടും എടുത്തിടുമ്പോള്‍ മറുപടിയുമായി അസ്‌ലഫ് പാറക്കാടന്‍

പഞ്ച് മോദി ചലഞ്ചിലെ അസ്‌ലഫ് പാറക്കാടന്‍ പറയുന്നു; ജാതിത്തെറി വിളിച്ചതുമായി താരതമ്യം വേണ്ട

പത്തനംതിട്ട ചെറുകോലില്‍ ശബരിമല സ്ത്രീവിരുദ്ധ സമരത്തില്‍ പങ്കെടുത്ത മണിയമ്മ എന്ന സ്ത്രീ മുഖ്യമന്ത്രി പിണറായി വിജയനെ ജാതിത്തെറി വിളിച്ചതിനും പരസ്യപ്പെടുത്തിയതിനും ന്യായീകരണവുമായി വലതു നായര്‍ പ്രസ്ഥാനങ്ങള്‍ രംഗത്ത്. മുഖ്യമന്ത്രിയെ തെറിവിളിച്ചത് എഐഎസ്എഫിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തു നടന്ന പഞ്ച്‌മോദി ചലഞ്ച് സമരത്തിനു തുല്യമാണ് എന്നാണ് ഇവരുടെ വാദം. എഐഎസ്എഫ് എറണാകുളം ജില്ലാ സെക്രട്ടറി അസ്‌ലഫ് പാറക്കാടന്റെ പേരും മതവും എടുത്തു പറഞ്ഞാണ് സൈബര്‍ പ്രചാരണം ആരംഭിച്ചിരിക്കുന്നു.

''നരേന്ദ്രമോദി എന്ന വ്യക്തിക്ക് എതിരെയായിരുന്നില്ല പഞ്ച് മോദി ചലഞ്ച് എന്ന സമരം. സര്‍ക്കാരിന് എതിരെയുള്ള സമരത്തിന്റെ പ്രതീകമായി പ്രധാനമന്ത്രിയെ വച്ചതാണ്. സമരത്തില്‍ ഒരു സ്ഥലത്തു പോലും പ്രധാനമന്ത്രിയെ അവഹേളിക്കുന്ന രീതിയിലോ, നാടിനെ പറ്റിയോ ഭാഷയെ പറ്റിയോ, ജാതിയോ മതത്തെയോ പറ്റിയോ ഒന്നും പരാമര്‍ശിച്ചിട്ടില്ല. ഇന്ത്യയുടെ പ്രധാനമന്ത്രിയെ എങ്ങനെ അഭിസംബധന ചെയ്യണമോ അതുപോലെയാണ് ചെയ്തത്. അതിന്റെ വീഡിയോയും പ്രസംഗങ്ങളും ഉണ്ടല്ലോ''- പഞ്ച്‌മോദി ചലഞ്ച് മണിയമ്മയുടെ ജാതിത്തെറിക്ക് തുല്യമാണെന്ന പ്രചാരണത്തോട് അസ്‌ലഫ് പാറക്കാടന്‍ പ്രതികരിച്ചു.അസ്‌ലഫിന്റെ ഉമ്മയുടെ പേരടക്കം എടുത്തു പറഞ്ഞായിരുന്നു പഞ്ച് മോദി ചലഞ്ചിന്റെ സമയത്ത് സംഘപരിവാര്‍ സൈബര്‍ ആക്രമണം നടത്തിയത്. അസ്‌ലഫിന്റെ വീട്ടിലേയ്ക്ക് പ്രകടനവും നടത്തിയിരുന്നു. സംസ്ഥാനത്തൊട്ടാകെ എഐഎസ്എഫ് സമരം വ്യാപിപ്പിച്ചു. ഡല്‍ഹി ജെഎന്‍യുവിലും നടന്നു. ''അവര്‍ അവിടെയും പറഞ്ഞിരിക്കുന്നത് വര്‍ഗ്ഗീയതയാണ്. ന്യൂനപക്ഷത്തിലുള്ള ഒരു ആള്‍ ചെയ്തു എന്ന നിലയ്ക്കാണ് പറഞ്ഞത്. ഞാന്‍ രാജ്യത്തെ പ്രധാനപ്പെട്ട വിദ്യാര്‍ത്ഥി സംഘടനയെ പ്രതിനിധീകരിച്ചാണ് സമരത്തില്‍ പങ്കെടുത്തത്''- അസ്‌ലഫ് നാരദ ന്യൂസിനോട് പറഞ്ഞു.

''പിണറായി വിജയനെ ജാതിയും തെറിയും പറഞ്ഞാണ് ആ സ്ത്രീ അപമാനിക്കുന്നത്. ചിലപ്പോള്‍ പ്രായത്തിന്റെയായിരിക്കാം. ആ സ്ത്രീ ജാതിത്തെറി വിളിച്ചതും പഞ്ച് മോദി ചലഞ്ചും തമ്മില്‍ താരതമ്യം ചെയ്യാനാവില്ല. ഞങ്ങളുടേത് സംഘടന ഭരണകൂടത്തിന് എതിരെ നടത്തിയ സമരമായിരുന്നു. ഈ ശബരിമല സമരത്തില്‍ എത്രയോ വട്ടം പിണറായി വിജയന്റെ കോലം കത്തിച്ചു. മന്ത്രി സുധാകരനെയും കടന്നപ്പള്ളിയേയും കോലമുണ്ടാക്കി മുഖത്തടിച്ചു. പഞ്ച്‌മോദി ചലഞ്ചിന് അതിനോട് താരതമ്യം ചെയ്യാം. കോലമുണ്ടാക്കി കത്തിക്കുന്നത് പരിസ്ഥിതിക്ക് ദോഷമാണ്. ഞങ്ങളുടെ പരിസ്ഥിതി സൗഹൃദമായ സമരമായിരുന്നു. സമരം മൂലം ഒരു മാലിന്യവും ഉണ്ടായില്ല''

''ഒരു വ്യക്തിയെ തെരഞ്ഞു പിടിച്ച് ആക്രമിക്കുകയല്ല പഞ്ച് മോദി ചലഞ്ച് ചെയ്തത്. സമരം എന്തിനെന്ന് പഞ്ചിങ് ബാഗില്‍ തന്നെ എഴുതിവച്ചിരുന്നല്ലോ. എഐഎസ്എഫ് നടത്തിയ സമരവുമായി താരതമ്യം ചെയ്യുന്നതിലൂടെ ആ സ്ത്രീ ചെയ്തത് സംഘടനയുടെ തീരുമാനമാണ് എന്നു വരും''- അസ്‌ലഫ് പറഞ്ഞു.

Read More >>