സംഘപരിവാര്‍ ഇടപെടല്‍; ഏഷ്യാനെറ്റ്, രശ്മി ആര്‍ നായരുടെ കോളം പിന്‍വലിച്ചു

ഏഷ്യാനെറ്റ് വന്‍ പ്രഖ്യാപനത്തോടെ ഇന്ന് ആരംഭിച്ച ചുംബനസമരസംഘാടക രശ്മി ആര്‍ നായരുടെ 'ഈ തിരക്കഥ കേരളത്തിലോടുമോ' എന്ന കോളം മിനുട്ടുകള്‍ക്കുള്ളില്‍ പിന്‍വലിച്ചു. സംഘപരിവാര്‍ അജണ്ടയാണ് ഏഷ്യാനെറ്റ് നടപ്പിലാക്കിയതെന്ന് രശ്മി ആര്‍ നായര്‍.

സംഘപരിവാര്‍ ഇടപെടല്‍; ഏഷ്യാനെറ്റ്, രശ്മി ആര്‍ നായരുടെ കോളം പിന്‍വലിച്ചു

സംഘപരിവാര്‍ സംഘടനകളുടെ ഇടപെടലിനെത്തുടര്‍ന്ന് രശ്മി ആര്‍ നായരുടെ കോളം ഏഷ്യാനെറ്റില്‍ നിന്ന് പിന്‍വലിച്ചു. 'ഈ തിരക്കഥ കേരളത്തിലോടുമോ' എന്ന പേരിലാണ് രശ്മി ആര്‍ നായരുടെ ലേഖന പരമ്പര ഏഷ്യാനെറ്റില്‍ ആരംഭിച്ചു. വ്യാജ വീഡിയോ പ്രചരിപ്പിച്ചതിന് കുമ്മനം രാജശേഖരനെതിരേ കേസെടുത്ത സംഭവം, കേരളത്തില്‍ ആര്‍എസ്എസ് നടപ്പാക്കുന്ന അജണ്ടകള്‍, രാഷ്ട്രീയ കൊലപാതകത്തെ മുതലെടുക്കുന്ന ആര്‍എസ്എസ് നിലപാട് തുടങ്ങിയ വിഷയങ്ങളാണ് ലേഖനത്തില്‍ പ്രതിപാദിച്ചിരുന്നത്. കണ്ണൂര്‍ കൊലപാതകം സംഘപരിവാര്‍ അജണ്ടയാണെന്ന വിലയിരുത്തലും ലേഖനത്തിലുണ്ടായിരുന്നു.


ഏഷ്യാനെറ്റ് വന്‍ പ്രഖ്യാപനത്തോടെയാണ് ലേഖനം പ്രസിദ്ധീകരിച്ചത്. എന്നാല്‍ മിനുട്ടുകള്‍ക്കകം ഇത് പിന്‍വലിക്കപ്പെടുകയായിരുന്നു. ഏഷ്യാനെറ്റിന്റെ ജീവനക്കാര്‍ ആവശ്യപ്പെട്ടതു പ്രകാരമാണ് ലേഖനം തയ്യാറാക്കിയതെന്ന് രശ്മി പറയുന്നു. ആഴ്ചയില്‍ ഒരു ദിവസം വീതം കോളത്തിലേക്ക് ലേഖനം വേണമെന്നും നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ച് രണ്ടുദിവസം മുമ്പ് ആദ്യലേഖനം നല്‍കി. തുടര്‍ന്ന് ഇന്നുരാവിലെ പ്രസിദ്ധീകരിച്ചു. എന്നാല്‍ ഉച്ചയോടെയാണ് കാര്യങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞത്. ലേഖനത്തിനെതിരേ തെറിവിളി വ്യാപകമാണെന്നും വലിയ വിവാദത്തിലേക്കു പോവുന്നതിനാല്‍ ലേഖനം പിന്‍വലിക്കുന്നുവെന്നും ഏഷ്യാനെറ്റ് ജീവനക്കാരന്‍ ഫോണില്‍ അറിയിച്ചുവെന്ന് രശ്മി, നാരദാന്യൂസിനോട് പറഞ്ഞു.

ഏഷ്യാനെറ്റിന്റെ മാനേജ്‌മെന്റ് തലത്തില്‍ നിന്ന് ലേഖനം പ്രസിദ്ധീകരിച്ചതിനെ രൂക്ഷമായ വിമര്‍ശനമുയരുന്നുവെന്ന് വിളിച്ചയാള്‍ പറഞ്ഞതായും രശ്മി പറഞ്ഞു. എന്നാല്‍ ഏഷ്യാനെറ്റിന്റെ സംഘപരിവാര്‍ അജണ്ടയാണ് തന്റെ ലേഖനം പിന്‍വലിച്ചതിനു പിന്നിലെന്നാണ് രശ്മിയുടെ നിലപാട്. ഏഷ്യാനെറ്റ് രാഷ്ട്രീയം കളിക്കുകയാണെന്നും ആര്‍എസ്എസ് അജണ്ട നടപ്പാക്കുകയാണെന്നും രശ്മി പറഞ്ഞു. വിവാദമായതിനാലാണ് ലേഖനം പിന്‍വലിച്ചതെന്ന് തോന്നുന്നില്ലെന്നും രശ്മി വ്യക്തമാക്കി.

Story by
Read More >>