ചാണ്ടിക്കെതിരെ 3000 പേജുള്ള വിവരാവകാശ രേഖകൾ; പ്രസാദ് നടത്തിയ റിപ്പോർട്ടിങ് പോരാട്ടം അസാധാരണം: ഏഷ്യാനെറ്റ് തകർത്തത് കായൽക്കൊള്ള

മാധ്യമപ്രവർത്തനത്തിന്റെ കരുത്തിൽ കായൽ കള്ളനായ ഒരാൾ സംസ്ഥാന മന്ത്രിസഭയിൽ നിന്ന് രാജിവെയ്ക്കുമ്പോൾ പിന്നിൽ കയ്യടിക്കാൻ ഒരു പേരുമാത്രം- ടി.വി പ്രസാദ്. ഏഷ്യാനെറ്റ് ആലപ്പുഴ റിപ്പോർട്ടർ .....................

ചാണ്ടിക്കെതിരെ 3000 പേജുള്ള വിവരാവകാശ രേഖകൾ; പ്രസാദ് നടത്തിയ റിപ്പോർട്ടിങ് പോരാട്ടം അസാധാരണം: ഏഷ്യാനെറ്റ് തകർത്തത് കായൽക്കൊള്ള


നിയമസഭയിലെ കോടീശ്വരന്റെ കൊള്ള പുറത്തെത്തിച്ചത് തൊഴിലാളി കുടുംബത്തിൽ നിന്നും കമ്യൂണിസ്റ്റായി വളർന്ന മാധ്യമ പ്രവർത്തകൻ. ​ഗത്യന്തരമില്ലാതെ തോമസ് ചാണ്ടി രാജിവെയ്ക്കുമ്പോൾ മാധ്യമ ആക്ടിവിസത്തിന് കിടിലൻ മാതൃകയാണത്. തോമസ് ചാണ്ടിയുടെ കായൽ കയ്യേറ്റത്തെയും അഴിമതിയുടെ കാണാച്ചരടുകളെയും ഭരണ സംവിധാനത്തിന്റെ അധികാര ദുർവിനയോഗത്തെയും ധീരമായി പുറത്തു കൊണ്ടുവന്നത് ഒരു മാധ്യമപ്പോരാട്ടമാണ്. ഒരു കണ്ണൂർ സഖാവിന്റെ പോരാട്ടം- അടിക്ക്, കയ്യടിക്ക് പ്രസാദിന്!

ടി. വി പ്രസാദിന്റെ ഇടപെടലുകളാണ് തോമസ് ചാണ്ടിയുടെ രാജിയിലേക്ക് കലാശിക്കുന്നത് വരെ എത്തിയിരിക്കുന്നത്. ഏഷ്യാനെറ്റ് തിരുവനന്തപുരം ബ്യുറോയിൽ റിപ്പോർട്ടർ ആയി കരിയർ ആരംഭിച്ച പ്രസാദ് പഠനകാലത്ത് സജീവ എസ്എഫ്ഐ പ്രവർത്തകനും പയ്യന്നൂർ കോളേജിലെ യൂണിയൻ ചെയർമാനായിരുന്നു. കണ്ണൂർ യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാനും എസ് എഫ് ഐ സംസ്ഥാന കമ്മറ്റി അംഗവുമായിരുന്ന പ്രസാദിന് വാർത്തയോടുള്ള സമീപനത്തിൽ പക്ഷപാതം തോന്നിയിട്ടില്ല. വാർത്തയെ വാർത്തയായി തന്നെ അവതരിപ്പിക്കാനായിരുന്നു എന്നും ശ്രമിച്ചത്. കോഴിക്കോട് ബ്യുറോയിൽ പ്രവർത്തിച്ചിരുന്ന സമയത്തു ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾ ജയിലിൽ ഫോൺ ഉപയോഗിക്കുന്നത് റിപ്പോർട്ട് ചെയ്തതും പ്രസാദായിരുന്നു. ആ സമയത്ത് തന്റെ മുൻകാല രാഷ്ട്രീയ ആഭിമുഖ്യത്തിന്റെ പേരിൽ ബുദ്ധിമുട്ടുകൾ നേരിട്ടിട്ടുണ്ടെങ്കിലും വാർത്തയെ അതിന്റെ അർഹിക്കുന്ന പ്രാധാന്യത്തോടെ തന്നെ റിപ്പോർട്ട് ചെയ്യാനാണ് എന്നും ശ്രമിച്ചിരുന്നതെന്നും പ്രസാദ് പറയുന്നു.

സാധാരണക്കാർക്ക് ഭൂമി ആവശ്യത്തിനോ മറ്റോ ആയി ഒരു സെന്റ് ഭൂമി നികത്താൻ പോലും കഴിയാത്തിടത്താണ് പത്തേക്കറോളം വരുന്ന കായൽ തന്നെ നികത്തി തോമസ് ചാണ്ടി തന്റെ റിസോർട്ട് കച്ചവടം നടത്തുന്നത്. റിസോർട്ടിലേക്കുള്ള റോഡ് പണിതത് നെൽപ്പാടം നികത്തിയായിരുന്നു. ചാണ്ടി മന്ത്രിയായി അധികാരത്തിൽ കയറിയതിനു ശേഷം നികത്തലിന്റെ ആഴം കൂടുകയും ചെയ്തു. ഇതിനെതിരെയായിരുന്നു പ്രസാദിന്റെ റിപ്പോർട്ട്. വളരെ മുൻപ് തന്നെ നടന്നതും പ്രത്യക്ഷത്തിൽ എല്ലാവർക്കും അറിയാവുന്നതുമായിരുന്ന തോമസ് ചാണ്ടിയുടെ കായൽ കയ്യേറ്റത്തെ അതുവരെ ഒരു മാധ്യമവും റിപ്പോർട്ട് ചെയ്യുവാൻ തയ്യാറായിരുന്നില്ല. അവിടെ നിന്നാണ് ടി വി പ്രസാദ് തോമസ് ചാണ്ടിയുടെ അധികാര ദുർവിനിയോഗങ്ങളെ തുറന്ന് കാണിക്കാൻ പുറപ്പെട്ടത്. ആഗസ്ത് 11ന് റിപ്പോർട്ട് ചെയ്‌ത്‌ തുടങ്ങിയ അഴിമതി കഥകൾ 30 അന്വേഷണ സ്റ്റോറികളും 35 തുടർറിപ്പോർട്ടുകളും ഉൾപ്പെടുന്നതാണ്. ഏഷ്യാനെറ്റ് ന്യൂസ് ഡെസ്കിൽ നിന്ന് തനിക്കു വേണ്ടത്ര പിന്തുണയും സഹായവും ഈ റിപ്പോർട്ട് പുറത്തു കൊണ്ട് വന്നത് മുതൽ ഈ നിമിഷം വരെ ലഭിച്ചുവെന്ന് പ്രസാദ് പറയുന്നു. ഏഷ്യാനെറ്റ് ന്യൂസ് കഴിഞ്ഞ മൂന്ന് മാസക്കാലയളവിൽ അതിന്റെ പ്രൈം ടൈമിലെ നല്ലൊരു സമയവും പ്രസാദിന്റെ റിപ്പോർട്ട് ചർച്ച ചെയ്യാൻ എടുത്തുവെന്നത് ആ റിപ്പോർട്ടിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു. 25ഓളം ന്യൂസ് അവർ ചർച്ചകൾ തോമസ് ചാണ്ടി വിഷയത്തിൽ ഏഷ്യാനെറ്റ് ചെയ്‌തു.

രേഖകൾ ആയിരുന്നു തോമസ് ചാണ്ടി വിഷയത്തിലെ പ്രധാന ഹൈലൈറ്റ്

കായൽ കയ്യേറ്റ വിഷയത്തിൽ ആരോപണങ്ങൾ ആയിരുന്നില്ല ടിവി പ്രസാദ് തന്റെ റിപ്പോർട്ടുകളിലൂടെ ഉന്നയിച്ചത്. റിപ്പോർട്ടുകൾ എല്ലാം പൂർണ്ണ വസ്തുതകളുടെയും വ്യകതമായ രേഖകളുടെയും അടിസ്ഥാനത്തിലായിരുന്നു റിപ്പോർട്ടുകൾ എന്നതാണ് ഈ വിഷയത്തിലെ എടുത്തുപറയേണ്ട കാര്യം. രേഖകൾ ലഭിക്കുന്നതിന് പലപ്പോഴും ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നിരുന്നെന്നും ആലപ്പുഴ ന​ഗരസഭയിലെ മുഴുവൻ റിപ്പോർട്ടുകളും നഷ്ടപ്പെട്ടിരുന്നു. വിവരാവകാശ നിയമത്തെ വരെ സ്വാധീനിക്കാൻ തോമസ് ചാണ്ടി പക്ഷത്ത് നിന്ന് ശ്രമങ്ങൾ നടന്നിരുന്നതായും പ്രസാദ് നാരദന്യൂസിനോട് പറഞ്ഞു. വിവരാവകാശ നിയമത്തെ ഫലപ്രദമായി ഉപയോഗിക്കാൻ കഴിഞ്ഞു എന്നതും ഭൂമിയുടെ രേഖകൾ എത്ര തന്നെ നശിപ്പിച്ചാലും അതിൽ എന്തെങ്കിലും തെളിവുകൾ ശേഷിക്കും എന്നുള്ളതുമാണ് തനിക്കു സഹായകരമായതെന്നും പ്രസാദ് നാരദ ന്യൂസിനോട് പറഞ്ഞു.

തെരഞ്ഞെടുപ്പ് സമയത്ത് ഇറിഗേഷൻ വകുപ്പ് ചോദിച്ചു വാങ്ങുമെന്ന തോമസ് ചാണ്ടിയുടെ വീരവാദം പുറത്തു കൊണ്ടുവന്നത് പ്രസാദാണ്. കുട്ടനാട്ടിലെ ജനങ്ങളുടെ കുടിവെള്ള പ്രശ്നം പരിഹരിക്കാനാണ് താൻ ആ വകുപ്പ് മന്ത്രിയാകുന്നത് എന്ന തരത്തിൽ വാർത്ത കൊടുക്കാൻ എത്ര രൂപ വേണം എന്ന് ചോദിച്ച് പ്രസാദിന് ഫോൺ കോൾ വന്നു. തന്റെ ഏഴു വർഷത്തെ കരിയറിൽ ലഭിച്ച ആ ഓഫർ പ്രസാദ് അതിശക്തമായി നിഷേധിച്ചു. താക്കീത് ചെയ്യുകയും ചെയ്തു. അതുകൊണ്ടാകണം കായൽ കളവ് പരമ്പരയുടെ സമയത്ത് പ്രലോഭന കോളുകൾ പ്രസാദിന് വന്നില്ല.

വ്യക്തമായ അധികാര ദുർവിനയോഗം ഈ കേസിൽ നടന്നിട്ടുണ്ട്. ഏപ്രിൽ ഒന്നിന് അധികാരമേറ്റ തോമസ് ചാണ്ടിക്കെതിരെ മെയ് 24 നാണു വി.കെ വിനോദ് പരാതി നൽകുന്നത്. മന്ത്രിയെന്ന നിലയിൽ മാനനഷ്ടമുണ്ടാക്കാൻ ബോധപൂർവ്വം കള്ളപ്രചാരണം നടത്തുകയാണെന്ന് പറഞ്ഞ് വിനോദിനെതിരെ പൊലീസിൽ പരാതി കൊടുക്കുകയാണ് ചാണ്ടി ചെയ്തത്. എന്നാൽ ഒരുമാസം കഴിഞ്ഞ് ഏഷ്യാനെറ്റ് ന്യൂസ് സ്റ്റോറി ചെയ്തതിന് ശേഷമാണ് ജില്ലാ ഭരണകൂടം സ്റ്റോപ്പ് മെമ്മോ കൊടുക്കുന്നത്. തോമസ് ചാണ്ടിക്കെതിരെ ആദ്യം ഒരു സ്റ്റാൻഡ് എടുക്കുവാൻ വളരെക്കുറച്ച് പേരെ ഉണ്ടായിരുന്നുള്ളുവെന്നും അവരെല്ലാവരും ആത്മാർത്ഥതയോടെ കൂടെ നിന്നുവെന്നും പ്രസാദ് പറയുന്നു. മൂവായിരത്തോളം പേജുകൾ വിവരാവകാശ പ്രകാരം മാത്രം പ്രസാദ് ശേഖരിച്ചിരുന്നു.

തോമസ് ചാണ്ടി നിയമ ലംഘനം നടത്തിയെന്ന് അറിഞ്ഞതിനു ശേഷവും എന്തെല്ലാമോ കാരണങ്ങൾ കൊണ്ട് മറ്റു മാധ്യമങ്ങൾ അറച്ചു നിന്നിടത്തുനിന്നാണ് പ്രസാദ് രേഖകൾ സഹിതം വസ്തുതകൾ മുൻ നിർത്തി റിപ്പോർട്ട് നൽകിയത്. ഗുരുതരമായ കുറ്റകൃത്യം നടന്നിട്ടും മറ്റൊരു മാധ്യമവും ആദ്യ സമയങ്ങളിൽ കായൽ കയ്യേറ്റ വാർത്ത റിപ്പോർട് ചെയ്യാൻ തയ്യാറായിരുന്നില്ല. മാധ്യമങ്ങളെ കയ്യിലെടുത്ത് ഒളിപ്പിച്ചു വെച്ചതെല്ലാം പ്രസാദ് കുത്തിപുറത്തിട്ടു.

സമ്മർദ്ദങ്ങള്‍ ഉണ്ടാകുമ്പോൾ ജീവിക്കാൻ ചുറ്റുപാടില്ലാത്ത സാഹചര്യങ്ങളിൽ നിന്ന് വരുന്ന റിപ്പോർട്ടർമാർക്ക് വേണ്ട മാനസിക പിന്തുണ കൊടുക്കാൻ സ്ഥാപനവും സർക്കാർ സംവിധാനവും തയ്യാറവുകയാണെങ്കിൽ തീർച്ചയായും അഴിമതി കഥകൾ പുറത്തു വരുമെന്ന് തന്നെയാണ് പ്രസാദിന്റെ പക്ഷം.

കണ്ണൂരിലെ ഓട്ടോറിക്ഷാ തൊഴിലാളിയാണ് പ്രസാദിന്റെ പിതാവ്. അമ്മ കർഷക തൊഴിലാളിയും.

തോമസ് ചാണ്ടി രാജിവെച്ചയുടൻ പ്രസാദ് ഫേസ് ബുക്കിലെഴുതി: സാധാരണക്കാരനും പണക്കാരനും മന്ത്രിക്കും നിയമം ഒരുപോലെയാണ്. ചെയ്തകുറ്റം എത്രകാലം കഴിഞ്ഞാലും അതല്ലാതാകുന്നില്ല. അതെന്നായാലും പുറത്തു വരും. ഞാനല്ലെങ്കിൽ നാളെ മറ്റൊരാൾ വഴി...

പ്രസാദ് നാരദ ന്യൂസ് താങ്കൾക്ക് കയ്യടിക്കുന്നു; ഏഷ്യാനെറ്റിനും.

Read More >>