കണ്ണൂരില്‍ പൊലീസുകാരന്‍ പൊലീസുകാരനെ തല്ലി; ഒത്തുതീര്‍പ്പാക്കിയ കേസ് സ്‌പെഷല്‍ബ്രാഞ്ച് റിപ്പോർട്ട് ചെയ്തു: പൊലീസുകാരനോട് നേരിട്ട് മാപ്പുപറഞ്ഞ് ജില്ലാ പൊലീസ് മേധാവി

ജില്ലാ പൊലീസ് മേധാവി മാപ്പുപറഞ്ഞപ്പോള്‍ 'എനിക്ക് പരാതിയില്ല, എല്ലാവരും പൊലീസുകാരല്ലേ, ജോലിയുടെ സമ്മര്‍ദം കാരണം സംഭവിച്ചതായിരിക്കാം, സാരമില്ല..' എന്നായിരുന്നു പൊലീസുകാരൻ്റെ മറുപടി.

കണ്ണൂരില്‍ പൊലീസുകാരന്‍ പൊലീസുകാരനെ തല്ലി; ഒത്തുതീര്‍പ്പാക്കിയ കേസ് സ്‌പെഷല്‍ബ്രാഞ്ച് റിപ്പോർട്ട് ചെയ്തു: പൊലീസുകാരനോട് നേരിട്ട് മാപ്പുപറഞ്ഞ് ജില്ലാ പൊലീസ് മേധാവി

കണ്ണൂര്‍ തളിപ്പറമ്പ് സ്‌റ്റേഷനില്‍ വിശ്രമിച്ച, തമിഴ്‌നാട് പൊലീസിലെ സിവില്‍പൊലീസ് ഓഫീസറെ എഎസ്‌ഐ മര്‍ദിച്ചു. യാത്രാക്ഷീണത്താല്‍ വിശ്രമിക്കാന്‍ ഇടംചോദിച്ചെത്തിയ പൊലീസുകാരനെയാണ് എഎസ്‌ഐ വിജയമണി മര്‍ദിച്ചത്. രഹസ്യാന്വേഷണവിഭാഗം ഇക്കാര്യം ജില്ലാ പൊലീസ് മേധാവി ജി ശിവവിക്രമിനെ അറിയിച്ചതോടെ അദ്ദേഹം പൊലീസുകാരനോട് മാപ്പുപറഞ്ഞു. തമിഴ്‌നാട് പൊലീസുകാരനെ തന്റെ ഓഫീസിലേക്ക് വണ്ടിയയച്ച് വിളിപ്പിച്ചായിരുന്നു പൊലീസ് മേധാവിയുടെ മാപ്പുപറച്ചില്‍.


മധുര സിറ്റി പൊലീസ് സ്റ്റേഷനിലെ പൊലീസുകാരനായ എം സദാശിവത്തിനാണ് എഎസ്‌ഐയുടെ മര്‍ദനമേറ്റത്. കോടതി വാറന്റ് നടപ്പാക്കുന്നതിനായാണ് സദാശിവം കഴിഞ്ഞദിവസം കണ്ണൂരിലെത്തിയത്. കടുത്ത യാത്രാക്ഷീണം തോന്നിയതിനാല്‍ അദ്ദേഹം തളിപ്പറമ്പ് സ്‌റ്റേഷനിലെത്തി വിശ്രമിക്കാന്‍ ഇടംചോദിച്ചു. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന്‍ സ്റ്റേഷന്റെ മുകള്‍ഭാഗത്ത് പൊലീസുകാര്‍ക്ക് വിശ്രമിക്കാനുള്ള ഇടം കാട്ടിക്കൊടുക്കുകയും ചെയ്തു. ഇവിടെ കിടന്നുറങ്ങുമ്പോഴായിരുന്നു എഎസ്‌ഐ വിജയമണി ഇദ്ദേഹത്തെ മര്‍ദിച്ചത്. തന്റെ തുണി വിരിയായി ഉപയോഗിച്ചതിനാലാണ് തല്ലിയതെന്ന് എഎസ്‌ഐ സഹപ്രവര്‍ത്തകരോട് പറഞ്ഞു. തുടര്‍ന്ന് പൊലീസുകാര്‍ ഇടപെട്ട് സദാശിവത്തിന് പരാതിയില്ലാതെ പ്രശ്‌നം ഒത്തുതീര്‍പ്പാക്കി. പക്ഷെ സംഭവം സ്‌പെഷല്‍ ബ്രാഞ്ച് അറിഞ്ഞതോടെ അനുനയിപ്പിക്കല്‍ നീക്കം പാളി. ജില്ലാ പൊലീസ് മേധാവി പൊലീസ,് വാഹനത്തില്‍ മര്‍ദനമേറ്റ സദാശിവത്തെ ഓഫീസിലെത്തിക്കാന്‍ നിര്‍ദേശിച്ചു.

എഎസ്‌ഐയുടെ മോശം പെരുമാറ്റത്തിന് ജില്ലാ പൊലീസ് മേധാവി മാപ്പുപറഞ്ഞപ്പോള്‍ 'എനിക്ക് പരാതിയില്ല, എല്ലാവരും പൊലീസുകാരല്ലേ, ജോലിയുടെ സമ്മര്‍ദം കാരണം സംഭവിച്ചതായിരിക്കാം, സാരമില്ല..' എന്നായിരുന്നു സദാശിവത്തിന്റെ മറുപടി. തുടര്‍ന്ന് പൊലീസ് വാഹനത്തില്‍ത്തന്നെ അദ്ദേഹത്തെ റെയില്‍വേ സ്റ്റേഷനിലെത്തിക്കുകയും ചെയ്തു. കേരള പൊലീസിന് അപമാനമുണ്ടാക്കുന്ന സംഭവമായതിനാല്‍ ഗൗരവത്തോടെ നടപടിയെടുക്കണമെന്ന് ഐജി മഹിപാല്‍ യാദവ് നിര്‍ദേശിച്ചിട്ടുണ്ട്. ഇതിന്റെ ആദ്യപടിയായി എഎസ്‌ഐയെ ന്യൂമാഹി സ്റ്റേഷനിലേക്ക് സ്ഥലം മാറ്റിയിട്ടുണ്ട്. തളിപ്പറമ്പ് ഡിവൈഎസ്പിയോട് അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ പൊലീസ് മേധാവി ആവശ്യപ്പെട്ടു.

Read More >>