അധികൃതര്‍ മുട്ടുമടക്കി; മാറിടത്തിനു അനാവശ്യ പരിഗണന നല്‍കി ഡിസൈന്‍ ചെയ്ത യൂണിഫോം സ്‌കൂള്‍ പിന്‍വലിച്ചു

യൂണിഫോം സ്‌കൂള്‍ മാനേജ്മെന്റ് ചെലവില്‍ മാറ്റം വരുത്തും എന്ന് സ്‌കൂള്‍ അധികൃതര്‍ രേഖാമൂലം ഉറപ്പുനല്‍കി. യൂണീഫോമിന്റെ ഫോട്ടോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച വ്യക്തിക്കെതിരേ നിയമനടപടികള്‍ സ്വീകരിക്കരുതെന്ന വിദ്യാര്‍ത്ഥി പ്രതിനിധകളുടെ ആവശ്യവും സ്‌കൂള്‍ അധികൃതര്‍ അംഗീകരിച്ചു.

അധികൃതര്‍ മുട്ടുമടക്കി; മാറിടത്തിനു അനാവശ്യ പരിഗണന നല്‍കി ഡിസൈന്‍ ചെയ്ത യൂണിഫോം സ്‌കൂള്‍ പിന്‍വലിച്ചു

മാറിടത്തിന് അനാവശ്യ പരിഗണന നല്‍കി ഡിസൈന്‍ ചെയ്ത ഈരാറ്റുപേട്ട അരുവിത്തുറ സെന്റ് അല്‍ഫോന്‍സാ പബ്ലിക്ക് സ്‌കൂളിലെ യൂണിഫോം പിന്‍വലിച്ചു. യൂണിഫോം ടോപ്പിന് മുകളില്‍ അണിയേണ്ട ഓവര്‍ക്കോട്ട് പിന്‍വലിച്ചാണ് സ്‌കൂള്‍ വിവാദം അവസാനിപ്പിച്ചത്. ഇന്നലെ പി.ടി.എ എക്സിക്യുട്ടീവും കെഎസ്‌യു, എസ്‌ഐഒ, വിദ്യാര്‍ഥി ജനത പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് വിവാദ ഡിസൈന്‍ മാറ്റാന്‍ തീരുമാനമായത്.

യൂണിഫോം സ്‌കൂള്‍ മാനേജ്മെന്റ് ചെലവില്‍ മാറ്റം വരുത്തും എന്ന് സ്‌കൂള്‍ അധികൃതര്‍ രേഖാമൂലം ഉറപ്പുനല്‍കി. യൂണീഫോമിന്റെ ഫോട്ടോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച വ്യക്തിക്കെതിരേ നിയമനടപടികള്‍ സ്വീകരിക്കരുതെന്ന വിദ്യാര്‍ത്ഥി പ്രതിനിധകളുടെ ആവശ്യവും സ്‌കൂള്‍ അധികൃതര്‍ അംഗീകരിച്ചു. തുടര്‍ന്ന് പിടിഎയുമായും വിദ്യാര്‍ഥി പ്രതിനിധികളുമായും സ്‌കൂള്‍ അധികൃതര്‍ നടത്തിയ ചര്‍ച്ചയുടെ തീരുമാനങ്ങള്‍ അടങ്ങിയ രേഖകള്‍ സീല്‍വച്ച് വിദ്യാര്‍ത്ഥി പ്രതിനിധികള്‍ക്കു കൈമാറുകയും ചെയ്തു.

വിദ്യാര്‍ത്ഥിനികളെ അപമാനിക്കുന്ന തരത്തില്‍ മാറിടത്തിന് അനാവശ്യ പരിഗണന നല്‍കി യൂണീഫോം ഡിസൈന്‍ ചെയ്തിരിക്കുന്ന സ്‌കൂള്‍ അധികൃതര്‍ക്കെതിരെ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്. എന്നാല്‍ വിവാദങ്ങളൊന്നും കണ്ണില്‍പ്പെടാത്ത മട്ടില്‍ നിസംഗത പാലിക്കുകയായിരുന്നു അധികൃതര്‍ ഇതുവരെ.

സക്കറിയ പൊന്‍കുന്നം എന്ന ഫോട്ടോഗ്രാഫര്‍ തന്റെ ഫേസ്ബുക്കിലിട്ട പോസ്റ്റിലൂടെയാണ് വിവാദങ്ങളുടെ തുടക്കം. 'ഇത് അരുവിത്തുറയിലുള്ള ഒരു സ്‌കൂളിലെ യൂണിഫോം- എന്തൊരു മ്ലേഛമായിട്ടാണ് ഇത് ഡിസൈന്‍ ചെയ്തിരിക്കുന്നതെന്ന് നോക്കുക. പ്രതികരിക്കുക' എന്ന അടിക്കുറിപ്പോടെ സ്‌കൂള്‍ യൂണിഫോം ധരിച്ച കുട്ടികളുടെ ചിത്രം സക്കറിയ ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്യുകയായിരുന്നു. തുടര്‍ന്നാണ് സോഷ്യല്‍മീഡിയയില്‍ യൂണിഫോമിനെതിരെ പ്രതിഷേധം അലയടിച്ചത്.