മാറിടത്തിന് അനാവശ്യ പരിഗണന നല്‍കി സ്‌കൂള്‍ യൂണിഫോം; അനിമേറ്റഡെന്ന് അധികൃതര്‍

കോട്ടയം ഈരാറ്റുപേട്ട അരുവിത്തുറയിലെ അല്‍ഫോന്‍സ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വിദ്യാര്‍ത്ഥിനികള്‍ ധരിക്കുന്ന യൂണീഫോമാണ് അസഭ്യമായി ഡിസെെൻ ചെയ്തതിൻ്റെ പേരിൽ വിവാദത്തിൽപ്പെട്ടിരിക്കുന്നത്...

മാറിടത്തിന് അനാവശ്യ പരിഗണന നല്‍കി  സ്‌കൂള്‍ യൂണിഫോം; അനിമേറ്റഡെന്ന് അധികൃതര്‍

കോട്ടയം ഈരാറ്റുപേട്ട അരുവിത്തുറയിലെ അല്‍ഫോന്‍സ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വിദ്യാര്‍ത്ഥിനികള്‍ ധരിക്കുന്ന യൂണീഫോമിന്റെ ഡിസൈന്‍ വിവാദത്തിലേക്ക്. വിദ്യാര്‍ത്ഥിനികളെ അപമാനിക്കുന്ന തരത്തില്‍ മാറിടത്തിന് അനാവശ്യ പരിഗണന നല്‍കി യൂണീഫോം ഡിസൈന്‍ ചെയ്തിരിക്കുന്ന സ്‌കൂള്‍ അധികൃതര്‍ക്കെതിരെ പ്രതിഷേധം ഉയരുകയാണ്. എന്നാല്‍ വിവാദങ്ങളൊന്നും കണ്ണില്‍പ്പെടാത്ത മട്ടില്‍ നിസംഗത പാലിക്കുകയാണ് അധികൃതര്‍.

സക്കറിയ പൊന്‍കുന്നം എന്ന ഫോട്ടോഗ്രാഫര്‍ തന്റെ ഫേസ്ബുക്കിലിട്ട പോസ്റ്റിലൂടെയാണ് വിവാദങ്ങളുടെ തുടക്കം. 'ഇത് അരുവിത്തുറയിലുള്ള ഒരു സ്‌കൂളിലെ യൂണിഫോം എന്തൊരു മ്ലേഛമായിട്ടാണ് ഇത് ഡിസൈന്‍ ചെയ്തിരിക്കുന്നതെന്ന് നോക്കുക. പ്രതികരിക്കുക' എന്ന അടിക്കുറിപ്പോടെ സ്‌കൂള്‍ യൂണീഫോം ധരിച്ച കുട്ടികളുടെ ചിത്രം സക്കറിയ ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്യുകയായിരുന്നു. തുടര്‍ന്നു സോഷ്യല്‍മീഡിയയില്‍ യൂണീഫോമിനെതിരെ പ്രതിഷേധം അലയടിക്കുകയായിരുന്നു.


അല്‍ഫോന്‍സ സ്‌കൂള്‍ അധികൃതര്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് സോഷ്യല്‍മീഡിയയിലൂടെ ഉയരുന്നത്. പിടിഎയുടെ അംഗീകാരം യൂണീഫോമിനു ലഭിച്ചിരുന്നോ എന്നും ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. എന്നാല്‍ സ്‌കൂള്‍ അധികൃതരുടെ വാദം മറിച്ചാണ്. പ്രസ്തുത യൂണീഫോമില്‍ അസഭ്യമായി ഒന്നുതന്നെയില്ലെന്നും ആര്‍ക്കു വേണമെങ്കിലും സ്‌കൂളുമായി ബന്ധപ്പെട്ടു പരിശോധിക്കാവുന്നതാണെന്നും സ്‌കൂള്‍ അധികുതര്‍ പറയുന്നു. പ്രചരിക്കുന്ന ഫോട്ടോ അനിമേറ്റഡ് ഫോട്ടോയാണെന്നാണ് സ്‌കൂള്‍ അധികൃതരുടെ പക്ഷം.

എന്നാല്‍ താന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഫോട്ടോ യഥാര്‍ത്ഥത്തിലുള്ളതാണെന്നു ഫോട്ടോഗ്രാഫര്‍ സക്കറിയാ പൊന്‍കുന്നം നാരദാ ന്യൂസിനോടു പറഞ്ഞു. ഇക്കാര്യത്തില്‍ ഉത്തരം പറയേണ്ടത് സ്‌കൂള്‍ ആണെന്നും അദ്ദേഹം വ്യക്തമാക്കി. എനിക്കത് സഭ്യതയായി തോന്നിയില്ല. മാത്രമല്ല ഇക്കാര്യങ്ങള്‍ മറ്റുള്ളവരും അറിയണം എന്നു തോന്നി. അതുകൊണ്ടു ഇക്കാര്യം സോഷ്യല്‍മീഡിയയില്‍കൂടി പറയുകയായിരുന്നു- സക്കറിയ പറഞ്ഞു.
ഇതിനിടെ അസഭ്യമായ രീതിയില്‍ യൂണീഫോം ഡിസൈന്‍ ചെയ്ത സ്‌കൂള്‍ അധികൃതര്‍ക്കെതിരെ ബാലാവകാശ കമ്മീഷനില്‍ പരാതി നല്‍കി. കോഴിക്കോട് കുന്ദമംഗളം ചൂലാംവയലില്‍ നൗഷാദ് തെക്കയിലാണ് പരാതി നല്‍കിയിരിക്കുന്നത്. സ്‌കൂള്‍ അധികൃതരുടെ ഇത്തരം നടപടികള്‍ ഗൗരവത്തോടെ എടുക്കേണ്ട വിഷയങ്ങളാണെന്നും എത്രയും വേഗം ഈ വിഷയം അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്നും നൗഷാദ് പരാതിയില്‍ ആവശ്യപ്പെടുന്നു.

അണ്‍എയിഡഡ് സ്‌കൂളുകളുടെ യൂണിഫോം രീതികളെപ്പറ്റി മുമ്പും പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. പടിഎയുടെ പോലും ഇടപെടലില്ലാതെ മാനേജ്‌മെന്റിന്റെ തീരുമാനങ്ങളാണ് ചിലപ്പോഴൊക്കെ വിദ്യാര്‍ത്ഥികളെ അടിച്ചേല്‍പ്പിക്കുന്നത്. ഇത്തരത്തില്‍ ഏകപക്ഷീയമായ തീരുമാനങ്ങള്‍ എടുക്കുന്ന മാനേജ്‌മെന്റുകളെ നിയ്ക്കു നിര്‍ത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നുള്ള ആവശ്യങ്ങളും പൊതുജനങ്ങള്‍ക്കിടയില്‍ നിന്നും ഉയരുന്നുണ്ട്.