ചിത്രകാരി ദുര്‍ഗ്ഗാമാലതിക്ക് നേരെ സംഘ്പരിവാര്‍ സൈബര്‍ ആക്രമണം; ജീവന് വേണ്ടി യാചിക്കേണ്ടി വരുമെന്ന് ഭീഷണി

ലിംഗം കൊണ്ട് ചിന്തിക്കുന്നവര്‍, ലിംഗം കൊണ്ട് രാഷ്ട്രീയം പറയുന്നവര്‍, ലിംഗം കൊണ്ട് പ്രാര്‍ത്ഥിക്കുന്നവര്‍ ഇവരുടേതും കൂടിയാണ് രാജ്യം. ഇങ്ങനെ പോയാല്‍ അവരുടെ മാത്രമാകും എന്ന വരികളും ഉള്‍പ്പെടുത്തിയിരിക്കുന്നു. ഇവയെല്ലാമാണ് ഹിന്ദുവാദികളെ വിറളി പിടിപ്പിച്ചിരിക്കുന്നത്.

ചിത്രകാരി ദുര്‍ഗ്ഗാമാലതിക്ക് നേരെ സംഘ്പരിവാര്‍ സൈബര്‍ ആക്രമണം; ജീവന് വേണ്ടി യാചിക്കേണ്ടി വരുമെന്ന് ഭീഷണി

കത്വ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തില്‍ ചിത്രം വരച്ച് പ്രതിഷേധിച്ച ചിത്രകാരിക്ക് നേരെ ആസൂത്രിതമായി സൈബര്‍ ആക്രമംം. ചിത്രകാരിയും അധ്യാപികയുമായ ദുര്‍ഗ്ഗാ മാലതിയാണ് സൈബര്‍ അക്രമകാരികളുടെ തെറിവിളിക്കും ഭീഷണിക്കും ഇരയായിരിക്കുന്നത്. തന്റെ ഫേസ്ബുക്ക് പേജില്‍ ലൈവില്‍ വന്നാണ് താന്‍ നേരിട്ടുകൊണ്ടിരിക്കുന്ന അധിക്ഷേപത്തെക്കുറിച്ച് പറഞ്ഞിട്ടുള്ളത്. ദുര്‍ഗ്ഗാ മാലതി വരച്ച രണ്ട് ചിത്രങ്ങളെ ചൂണ്ടിക്കാണിച്ചാണ് സംഘ് പരിവാര്‍ കൂട്ടത്തോടെ ആക്രമിക്കുന്നത്. ത്രിശൂലത്തിന്റെ നടുവില്‍ രക്തമൊഴുകുന്ന ലിംഗം ചിത്രീകരിച്ചിരിക്കുന്നതാണ് ഒന്നാമത്തേത്. രണ്ടാമത്തേത് ലിംഗത്തില്‍ ഒരു കൊച്ചുപെണ്‍കുട്ടിയെ കെട്ടിയിട്ടിരിക്കുന്നു. ഹിന്ദുമതത്തെ ആക്ഷേപിക്കുന്നതാണ് ഈ ചിത്രങ്ങള്‍ എന്നാണ് അക്രമകാരികള്‍ പറയുന്നത്. ലിംഗം കൊണ്ട് ചിന്തിക്കുന്നവര്‍, ലിംഗം കൊണ്ട് രാഷ്ട്രീയം പറയുന്നവര്‍, ലിംഗം കൊണ്ട് പ്രാര്‍ത്ഥിക്കുന്നവര്‍ ഇവരുടേതും കൂടിയാണ് രാജ്യം. ഇങ്ങനെ പോയാല്‍ അവരുടെ മാത്രമാകും എന്ന വരികളും ഉള്‍പ്പെടുത്തിയിരിക്കുന്നു. ഇവയെല്ലാമാണ് ഹിന്ദുവാദികളെ വിറളി പിടിപ്പിച്ചിരിക്കുന്നത്.

വളരെ കൂടുതലായി ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തു പോയിരുന്നു. മലയാളികളും ഉത്തരേന്ത്യക്കാരും ദുര്‍ഗ്ഗയുടെ ഫേസ്ബുക്ക് പേജില്‍ ചീത്തവിളി നടത്തുന്നുണ്ട്. ''ഞാന്‍ ആദ്യം വരച്ചത് ലിംഗത്തില്‍ പെണ്‍കുട്ടിയെ കെട്ടിവച്ചിരിക്കുന്ന ചിത്രമാണ്. അതിന് സംഘ്പരിവാറിന്റെ ചീത്തവിളി ഉണ്ടായിരുന്നു. പിന്നീട് വരച്ചതാണ് ശൂലത്തിന്റെ നടുവില്‍ ലിംഗം വരുന്ന ചിത്രം. അത് ആ പെണ്‍കുട്ടിയെ കൊന്നവര്‍ തങ്ങളുടം ലിംഗം ശൂലം പോലെ ഉപയോഗിച്ചു എന്നാണ് ഞാന്‍ അര്‍ത്ഥമാക്കിയത്. ഇന്നലെ രാത്രിയോടെയാണ് സൈബര്‍ ആക്രമണം വര്‍ദ്ധിച്ചത്. ഉത്തരേന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ എന്റെ ഫേസ്ബുക്കില്‍ വന്ന് തെറിവിളിക്കുന്നുണ്ട്. ട്വിറ്ററില്‍ ഞാന്‍ ആക്റ്റീവല്ല. എന്നിട്ടും അവര്‍ തന്നെ ആ ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത് ചീത്ത വിളിക്കുന്നുണ്ട്. ആരും നിന്റെ പുറകെ സംരക്ഷിക്കാന്‍ എകെ 47 നുമായി ഉണ്ടാകില്ല, ഈ സംഭവങ്ങളെല്ലാം കഴിയുമ്പോള്‍ നിന്റെ ജീവനു വേണ്ടി യാചിക്കേണ്ട അവസ്ഥ നിനക്ക് വരും എന്ന പരസ്യമായ വെല്ലുവിളിയാണ് അവരുയര്‍ത്തിയിരിക്കുന്നത്.'' ദുര്‍ഗ്ഗ നാരദാ ന്യൂസിനോട് പറഞ്ഞു.

കത്വ സംഭവത്തില്‍ പ്രതികരിക്കുന്ന എല്ലാ വ്യക്തികളെയും അസഭ്യം പറഞ്ഞ് ഒതുക്കുക എന്ന രീതിയാണ് സംഘ്പരിവാര്‍ സ്വീകരിച്ചിരിക്കുന്നത്. ''എന്നെ ചീത്തവിളിച്ച് ഈ സംഭവം ഒതുക്കിത്തീര്‍ക്കാം എന്നായിരിക്കാം അവര്‍ ചിന്തിച്ചിരിക്കുക. കാരണം അപ്പോഴേയ്ക്കും ശ്രദ്ധ വഴിമാറിപ്പോകുമല്ലോ. ചിത്രങ്ങള്‍ റീമൂവ് ചെയ്യാന്‍ എന്നോട് എല്ലാവരും പറയുന്നുണ്ട്. പക്ഷേ ഞാനതിന് തയ്യാറല്ല. എന്നെ തെറി വിളിക്കുന്നവര്‍ പ്രകടിപ്പിക്കുന്നത് അവരുടെ സംസ്‌കാരമാണ്. അതിന് ഞാന്‍ അപമാനം വിചാരിക്കേണ്ട കാര്യമെന്ത്? ഞാനൊന്നിനും പ്രതികരിക്കാന്‍ പോകുന്നില്ല. ഇവരുടെ സംസ്‌കാരം എല്ലാവരും അറിയട്ടെ'' ദുര്‍ഗ്ഗ നാരദാ ന്യൂസിനോട് വെളിപ്പെടുത്തുന്നു. മലയാളത്തില്‍ മാത്രമല്ല, കന്നട, തെലുങ്ക്, തമിഴ് ഭാഷകളിലും ദുര്‍ഗ്ഗയ്‌ക്കെതിരെ സൈബര്‍ അക്രമണം ശക്തമാകുന്നുണ്ട്.

Read More >>