ഫോണ്‍കെണി: മാദ്ധ്യമപ്രവര്‍ത്തകരുടെ അറസ്റ്റ് സര്‍ക്കാരിന്റെ പകവീട്ടലെന്ന് മംഗളം; വിറളിപൂണ്ട മറ്റ് മാദ്ധ്യമങ്ങളുടെ സമ്മര്‍ദ്ദത്തിന് സര്‍ക്കാര്‍ വഴങ്ങി

മാദ്ധ്യമസ്വതന്ത്ര്യം സംരക്ഷിക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശം പോലും മറികടന്നായിരുന്നു ചാനല്‍ സിഇഒ ആര്‍ അജിത്കുമാര്‍ അടക്കമുള്ള അഞ്ച് മാദ്ധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാനുള്ള പൊലീസ് നീക്കമെന്ന് മംഗളം ആരോപിക്കുന്നു. മംഗളം ടെലിവിഷന്റെ ബിഗ് ബ്രേക്കിംഗ് വാര്‍ത്തയില്‍ വിറളിപൂണ്ട് അപകീര്‍ത്തി പ്രചരണം നടത്തിയ മറ്റു മാദ്ധ്യമങ്ങളും ഗൂഢാലോചനയില്‍ ഭാഗമായെന്ന് മംഗളം പറയുന്നു.

ഫോണ്‍കെണി: മാദ്ധ്യമപ്രവര്‍ത്തകരുടെ അറസ്റ്റ് സര്‍ക്കാരിന്റെ പകവീട്ടലെന്ന് മംഗളം; വിറളിപൂണ്ട മറ്റ് മാദ്ധ്യമങ്ങളുടെ സമ്മര്‍ദ്ദത്തിന് സര്‍ക്കാര്‍ വഴങ്ങി

മന്ത്രിയെ ഫോണ്‍കെണിയില്‍ കുടുക്കിയ മംഗളം ചാനല്‍ സിഇഒ ആര്‍ അജിത്കുമാര്‍ അടക്കം അഞ്ച് മാദ്ധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധമറിയിച്ച് മംഗളം. അറസ്റ്റിന് പിന്നില്‍ സര്‍ക്കാരിന്റെ പക വീട്ടലെന്നാണ് മംഗളം പറയുന്നത്. മാദ്ധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശം പോലും മറികടന്നായിരുന്നു പൊലീസിന്റെ നീക്കം. മംഗളം ചാനലിനെ തകര്‍ക്കാന്‍ ലക്ഷ്യമിട്ട മാദ്ധ്യമ സിന്‍ഡിക്കേറ്റും ഇതിനു കൂട്ടു നിന്നെന്ന് മംഗളം ആരോപിക്കുന്നു.

എ കെ ശശീന്ദ്രന്റേയോ ശശീന്ദ്രന്റെ സ്വഭാവദൂഷ്യത്തിന് ഇരയായ യുവതിയുടേയോ മൊഴി രേഖപ്പെടുത്താതെ നേരത്തെ തയ്യാറാക്കിയ തിരക്കഥ പ്രകാരമായിരുന്നു പകവീട്ടലെന്നാണ് മംഗളത്തിന്റെ വാദം. ചാനല്‍ സിഇഒ ആര്‍ അജിത്കുമാര്‍, കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ എം ബി സന്തോഷ്, ന്യൂസ് എഡിറ്റര്‍മാരായ എസ് വി പ്രദീപ്, ഫിറോസ് സാലി മുഹമ്മദ്, ചീഫ് റിപ്പോര്‍ട്ടര്‍ ആര്‍ ജയചന്ദ്രന്‍ എന്നിവരെ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.

മംഗളം ചാനലിന്റെ ബിഗ് ബ്രേക്കിംഗ് വാര്‍ത്തയില്‍ വിറളിപൂണ്ട് അപകീര്‍ത്തി പ്രചരണം നടത്തിയ മറ്റു മാദ്ധ്യമങ്ങളും ഗൂഢാലോചനയുടെ ഭാഗമായെന്ന് മംഗളം പറയുന്നു. മന്ത്രി തരംതാണ ഭാഷയില്‍ സ്ത്രീയോട് സംസാരിക്കുന്ന ശബ്ദരേഖ പുറത്തു വിട്ടപ്പോള്‍ തങ്ങളെക്കാള്‍ ഉയരെ മറ്റ് മാദ്ധ്യമങ്ങള്‍ എതിര്‍പ്രചരണം ഏറ്റെടുക്കുകയായിരുന്നു. മറ്റ് ചാനലുകളുടെ സംഘടിതമായ ആക്രമങ്ങള്‍ക്കൊടുവില്‍ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാകുകയായിരുന്നുവെന്നാണ് മംഗളം ആരോപിക്കുന്നു.

മംഗളം ചാനലിനെ മുളയിലേ നുള്ളണമെന്ന വാശിയില്‍ ശശീന്ദ്രനെ പിന്തുണക്കുകയായിരുന്നു മറ്റു ചാനലുകള്‍. മാദ്ധ്യമമര്യാദ മറന്ന അവര്‍ സ്വന്തം പൂര്‍വ്വകാല ചെയ്തികള്‍ പോലും സൗകര്യപൂര്‍വ്വം മറന്നു. മാദ്ധ്യമങ്ങളുടെ അവസരവാദ പത്രപ്രവര്‍ത്തനത്തിന് ഉദാഹരണമാണെന്നും മംഗളം പത്രം വിശദീകരിച്ചു.