മഅ്ദനി: തടവറയ്ക്ക് അകത്തും പുറത്തും നേരിട്ട മനുഷ്യാവകാശ ലംഘനത്തിന്റെ ഇരുപതാണ്ടുകൾ

1998 മാര്‍ച്ച് 31നാണ് കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ പ്രതിയെന്നാരോപിച്ച് മഅ്ദനിയെ തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്യുന്നത്.

മഅ്ദനി: തടവറയ്ക്ക് അകത്തും പുറത്തും നേരിട്ട മനുഷ്യാവകാശ ലംഘനത്തിന്റെ ഇരുപതാണ്ടുകൾ

കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട് പിഡിപി ചെയര്‍മാന്‍ അബ്ദുല്‍നാസര്‍ മഅ്ദനി അറസ്റ്റിലായിട്ട് നാളെ 20 വര്‍ഷം. അന്നു തുടങ്ങിയ മനുഷ്യാവകാശ ലംഘനങ്ങള്‍ ഇന്നും തുടരുന്ന പശ്ചാത്തലത്തില്‍ മനുഷ്യാവകാശ സമ്മേളനം സംഘടിപ്പിക്കുകയാണ് പിഡിപി. 'മഅ്ദനിയും മനുഷ്യാവകാശവും' എന്ന വിഷയത്തില്‍ നാളെ എറണാകുളം ഹൈക്കോടതി ജങ്ഷനില്‍ സംഘടിപ്പിക്കുന്ന പരിപാടി മുന്‍ കെപിസിസി അധ്യക്ഷന്‍ വി എം സുധീരന്‍ ഉദ്ഘാടനം ചെയ്യും. പിഡിപി സീനിയര്‍ വൈസ് ചെയര്‍മാന്‍ പൂന്തുറ സിറാജ് അധ്യക്ഷത വഹിക്കും. ലീഗ് നേതാവും മങ്കട എംഎല്‍എയുമായ ടി എ അഹമ്മദ് കബീര്‍, സിപിഐഎം നേതാവ് എം വി ഗോവിന്ദന്‍ മാസ്റ്റര്‍, നീലലോഹിതദാസന്‍ നാടാര്‍, ഡോ. സെബാസ്റ്റിയന്‍ പോള്‍ എന്നിവര്‍ പങ്കെടുക്കും.

1998 മാര്‍ച്ച് 31നാണ് കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ പ്രതിയെന്നാരോപിച്ച് മഅ്ദനിയെ തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്യുന്നത്. 16,500 ഓളം പേജുകളുള്ള കുറ്റപത്രമാണ് കേസില്‍ പൊലീസ് സമര്‍പ്പിച്ചത്. 2000 ഓളം സാക്ഷികളുള്ള കേസില്‍ എല്ലാവരേയും വിചാരണ ചെയ്തിട്ടും ഒമ്പതു വര്‍ഷത്തോളം മഅ്ദനി ജയിലില്‍ പീഡനം അനുഭവിച്ചു. എന്നിട്ടും കുറ്റക്കാരനാണെന്ന് തെളിയിക്കാന്‍ കഴിയാതെ ഒടുവില്‍ കോടതി വെറുതെവിടുകയായിരുന്നു. ഇങ്ങനെയൊരു കേസ് തന്നെ ഒരു തരത്തിലും മഅദ്‌നിയുടെ പേരില്‍ ആരോപിക്കാന്‍ കഴിയില്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു കോയമ്പത്തൂര്‍ പ്രത്യേക കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയത്. ഒമ്പതു വര്‍ഷത്തെ തടവറ ജീവിതത്തിനു ശേഷം നിരപരാധിയെന്ന് ബോധ്യപ്പെട്ടതോടെ 2007 ആഗസ്റ്റ് ഒന്നിനാണ് അദ്ദേഹം പുറത്തിറങ്ങുന്നത്. അപ്പോഴേക്കും ജീവിതത്തിന്റെ വിലപ്പെട്ട കാലയളവ് അദ്ദേഹത്തിനു നഷ്ടമായിരുന്നു.

ജസ്റ്റിസ് ഉത്രാപതിയായിരുന്നു ഈ സുപ്രധാന വിധി പുറപ്പെടുവിച്ചത്. എന്നാല്‍ ഇതിനെതിരെ ബിജെപി നേതാക്കള്‍ സമര്‍പ്പിച്ച അപ്പീല്‍ തള്ളിയ ചെന്നൈ ഹൈക്കോടതി കീഴ്‌ക്കോടതി വിധി ശരിവയ്ക്കുകയായിരുന്നു. ഗൂഢാലോചന കുറ്റമായിരുന്നു മഅദ്‌നിക്കെതിരെ തമിഴ്‌നാട് പൊലീസ് ചുമത്തിയിരുന്നത്. കേരളത്തില്‍ ഇ കെ നായനാര്‍ മുഖ്യമന്ത്രിയായിരുന്ന കാലത്തായിരുന്നു മഅ്ദനിയുടെ അറസ്റ്റ്. സേലം ജയിലില്‍ വധശിക്ഷ വിധിക്കപ്പെട്ടവരെ പാര്‍പ്പിക്കുന്ന സെല്ലിലായിരുന്നു മഅദ്‌നിയെയും ഇട്ടിരുന്നത്. അറസ്റ്റ് ചെയ്ത് 90ാം ദിവസം കുറ്റപത്രം സമര്‍പ്പിക്കേണ്ടിയിരുന്നെങ്കിലും പൊലീസ് അതിനു തയ്യാറായില്ലെന്നു മാത്രമല്ല, അങ്ങനെ ചെയ്താല്‍ ലഭിക്കാവുന്ന ജാമ്യത്തിനു തടയിടാന്‍ മറ്റൊരു അടവു കൂടി കേന്ദ്ര സര്‍ക്കാര്‍ പ്രയോഗിച്ചു.

89ാം ദിവസം മഅ്ദനിയുടെ മേല്‍ നാഷണല്‍ സെക്യൂരിറ്റി ആക്ട് (എന്‍എസ്എ) എന്ന കരിനിയമം ചുമത്തിയായിരുന്നു വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ അദ്ദേഹത്തെ വീണ്ടും കുടുക്കിയത്. എല്‍ കെ അഡ്വാനി ആയിരുന്നു അന്നത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി. ഒരു വര്‍ഷത്തേക്ക് വിചാരണ കൂടാതെ തടവില്‍ ഇടാന്‍ കഴിയുന്ന നിയമമാണിത്. പിറ്റേന്ന് കുറ്റപത്രം സമര്‍പ്പിച്ച് ജാമ്യം ലഭിച്ചെങ്കിലും എന്‍എസ്എ ഉണ്ടായിരുന്നതിനാല്‍ പുറത്തിറങ്ങാനായില്ല. തുടര്‍ന്ന് എന്‍എസ്എയ്‌ക്കെതിരെ മഅദ്‌നിയുടെ കുടുംബം നിയമപോരാട്ടത്തിനിറങ്ങി. ഒടുവില്‍ നീണ്ട വാദപ്രതിവാദത്തിനൊടുവില്‍ എന്‍എസ്എ ഒഴിവാക്കാന്‍ സുപ്രീംകോടതി കേന്ദ്രത്തോട് ഉത്തരവിടുകയായിരുന്നു. തുടര്‍ന്ന് ഗത്യന്തരമില്ലാതെ എന്‍എസ്എ പിന്‍വലിക്കാന്‍ ബിജെപി സര്‍ക്കാര്‍ നിര്‍ബന്ധിതരാവുകയായിരുന്നു. അതിനു ശേഷം വിചാരണ തടവുകാരനായി കിടന്ന മഅ്ദനിയുടെ ജാമ്യം തമിഴ്‌നാട് സര്‍ക്കാര്‍ ചെന്നൈ ഹൈക്കോടതിയെ സമീപിച്ച് റദ്ദാക്കി. ഇത്തരത്തില്‍ നിരന്തരം ജാമ്യം നിഷേധിച്ചും വിചാരണ വൈകിയുമുള്ള പീഡനത്തിനു ശേഷമാണ് അദ്ദേഹം നിരപരാധിയെന്ന് വ്യക്തമായി പുറത്തിറങ്ങുന്നത്.

എന്നാല്‍ മഅ്ദനിയെ വെറുതെ വിടാന്‍ ഒരുക്കമല്ലാതിരുന്ന ഭരണകൂടവും പൊലീസും അദ്ദേഹത്തെ വീണ്ടും വേട്ടയാടി. മൂന്നു വര്‍ഷത്തിനു ശേഷം ബംഗളുരു സ്‌ഫോടനക്കേസില്‍ ഗൂഢാലോചനക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത മഅ്ദനി എട്ടുവര്‍ഷമായി വിചാരണ പോലും നിഷേധിക്കപ്പെട്ട് തടവില്‍ കഴിയുകയാണ്. ഇരു കണ്ണുകളുടേയും കാഴ്ച ഭൂരിഭാഗവും നഷ്ടമായ മഅദ്‌നിയുടെ വലതു കാലിന്റെ ശേഷിയും പൂര്‍ണമായും ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. തലയ്ക്ക് പെരുപ്പും ശരീരമാസകലം തണുക്കുന്ന അവസ്ഥയും അദ്ദേഹം അനുഭവിക്കുന്നു. ബിപിയും ഷുഗറും ക്രമാധീതമായ അളവില്‍ കൂടിയിരിക്കുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില കൂടുതല്‍ മോശമായി തുടരുകയാണെന്നാണ് ആശുപത്രി വൃത്തങ്ങള്‍ നല്‍കുന്ന വിവരം. ഇത്തരത്തില്‍ കഴിഞ്ഞ 17 വര്‍ഷമായി എല്ലാവിധ മനുഷ്യാവകാശങ്ങളും നിഷേധിക്കപ്പെട്ട് ജയിലില്‍ തന്നെ ജീവിതം ഹോമിക്കേണ്ടിവന്ന മഅദ്‌നിയുടെ മോചനത്തിനുള്ള ആവശ്യങ്ങളോട് കര്‍ണാടക സര്‍ക്കാര്‍ മുഖം തിരിക്കുകയാണ്.


Read More >>