വൈദ്യുതി ചാർജിനത്തിൽ കുടിശ്ശികയുള്ള 2044 കോടി പിരിച്ചെടുക്കുന്നില്ല; എന്നിട്ടുപറയുന്നു കെഎസ്ഇബി നഷ്ടത്തിലാണെന്ന്; പാവങ്ങളുടെ ഫ്യൂസ് ഊരാൻ തിടുക്കം

സർക്കാർ-പൊതുമേഖലാ-സഹകരണ-സ്വകാര്യ സ്ഥാപനങ്ങളാണ് ഇത്രയും കോടി രൂപ കുടിശ്ശിക വരുത്തിയിട്ടുള്ളത്. ഇതിന്റെ നാലിലൊന്നു പിരിച്ചെടുത്താൽ തന്നെ കെഎസ്ഇബിക്ക് അതിന്റെ നഷ്ടം നികത്താം. അതിനു തുനിയാതെ രണ്ടുദിവസം വൈകിയാൽപ്പോലും സാധാരണക്കാരന്റെ വീട്ടിലെ വൈദ്യുതി വിച്ഛേദിക്കാനാണ് കെഎസ്ഇബി മുതിരുന്നതെന്ന പരാതികൾ ഉയരാൻ തുടങ്ങിയിട്ട് കാലങ്ങളായി. എന്നാൽ സർക്കാർ സ്ഥാപനങ്ങളുടെ വൈദ്യുതി കണക്ഷനുകൾ വിച്ഛേദിച്ചാൽ ജനജീവിതത്തെ ബാധിക്കുമെന്ന ന്യായം പറയാമെങ്കിലും കോടിക്കണക്കിനു കുടിശ്ശികയുള്ള സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കാൻ സർക്കാർ മടിക്കുകയാണ്.

വൈദ്യുതി ചാർജിനത്തിൽ കുടിശ്ശികയുള്ള 2044 കോടി പിരിച്ചെടുക്കുന്നില്ല; എന്നിട്ടുപറയുന്നു കെഎസ്ഇബി നഷ്ടത്തിലാണെന്ന്; പാവങ്ങളുടെ ഫ്യൂസ് ഊരാൻ തിടുക്കം

കെഎസ്ഇബി വൻ നഷ്ടത്തിലാണെന്ന് സർക്കാർ തുറന്നു സമ്മതിക്കുമ്പോഴും വൈദ്യുതി ചാർജിനത്തിൽ പിരിഞ്ഞുകിട്ടാനുള്ള കുടിശ്ശിക 2044.78 കോടി. 313.29 കോടിയാണ് 2015-16 വർഷത്തെ കെഎസ്ഇബിയുടെ നഷ്ടമെന്ന് സർക്കാർ പറയുന്നു. എന്നാൽ ഇക്കാലയളവിൽ വൈദ്യുതി ചാർജിനത്തിൽ പിരിഞ്ഞുകിട്ടാനുള്ള കുടിശ്ശിക പിരിച്ചെടുക്കാൻ തയ്യാറാവാതെ പാവങ്ങളുടെ ഫ്യൂസ് ഊരാൻ വെമ്പൽക്കൊള്ളുകയാണ് കെഎസ്ഇബി ലിമിറ്റഡ്.

സർക്കാർ-പൊതുമേഖലാ-സഹകരണ-സ്വകാര്യ സ്ഥാപനങ്ങളാണ് ഇത്രയും കോടി രൂപ കുടിശ്ശിക വരുത്തിയിട്ടുള്ളത്. ഇതിന്റെ നാലിലൊന്നു പിരിച്ചെടുത്താൽ തന്നെ കെഎസ്ഇബിക്ക് അതിന്റെ നഷ്ടം നികത്താം. അതിനു തുനിയാതെ രണ്ടുദിവസം വൈകിയാൽപ്പോലും സാധാരണക്കാരന്റെ വീട്ടിലെ വൈദ്യുതി വിച്ഛേദിക്കാനാണ് കെഎസ്ഇബി മുതിരുന്നതെന്ന പരാതികൾ ഉയരാൻ തുടങ്ങിയിട്ട് കാലങ്ങളായി.

സംസ്ഥാന പൊതുമേഖലാ-സഹകരണ സ്ഥാപനങ്ങൾ 1177.13 കോടിയും സർക്കാർ സ്ഥാപനങ്ങൾ 135.49 കോടിയുമാണ് കുടിശ്ശിക ഇനത്തിൽ അടയ്ക്കാനുള്ളത്. ഇതുകൂടാതെ, വൻകിട സ്വകാര്യ സ്ഥാപനങ്ങൾ 496.06 കോടിയും ചെറുകിട സ്വകാര്യ സ്ഥാപനങ്ങൾ 127.42 കോടിയും അടയ്ക്കാനുള്ളപ്പോൾ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ കുടിശ്ശിക 41.94 കോടിയാണെന്നും തദ്ദേശ ഭരണസ്ഥാപനങ്ങളുടേത് 5.50 കോടിയാണെന്നും കണക്കുകൾ പറയുന്നു. പലിശ ഉൾപ്പെടുത്താതെയുള്ള കണക്കാണിത്.

സംസ്ഥാന പൊതുമേഖലാ-സഹകരണ സ്ഥാപനങ്ങളിൽ ഏറ്റവും കൂടുതൽ കുടിശ്ശിക അടയ്ക്കാനുള്ളത് കേരളാ വാട്ടർ അതോറിറ്റിയാണ്. 935.55 കോടി (935,55,85,429) രൂപയാണ് വൈദ്യുതി ചാർജിനത്തിൽ കെഡബ്ല്യുഎ വരുത്തിയിരിക്കുന്ന കുടിശ്ശിക. ട്രാവൻകൂർ കൊച്ചിൻ ലിമിറ്റഡ് ആണ് തൊട്ടുപിന്നിൽ. 144.20 കോടി (144,20,21,656) കോടിയാണ് സ്ഥാപനത്തിന്റെ കുടിശ്ശിക. ഓട്ടോകാസ്റ്റ് ലിമിറ്റഡ് 52.35 കോടിയും കേരളാ സെറാമിക്സ് ലിമിറ്റഡ് (ഓൾഡ്) 5.48 കോടിയും തൃശൂർ കോപറേറ്റീവ് സ്പിന്നിങ് മിൽസ് ലിമിറ്റഡ് 4.02 കോടിയും കേരളാ സോപ്സ് ആന്റ് ഓയിൽസ് ലിമിറ്റഡ് 3.84 കോടിയും കോ ഓപറേറ്റീവ് മെഡിക്കൽ കോളേജ് കളമശേരി 2.78 കോടിയും കുടിശ്ശിക അടയ്ക്കാനുണ്ട്. കൂടാതെ, മലബാർ സ്പിന്നിങ് ആന്റ് വീവീങ് മിൽ ലിമിറ്റഡ് 2.38 കോടിയും വിറ്റാമിൻ എ പ്ലാന്റ് കെഎസ്ഡിപി 1.95 കോടിയും കോ ഓപറേറ്റീവ് സ്പിന്നിങ് മിൽസ് കൊല്ലം 1.60 കോടിയുമാണ് വൈദ്യുതി ചാർജിനത്തിൽ കെഎസ്ഇബിക്ക് അടയ്ക്കാനുള്ളതെന്ന് സർക്കാർ തന്നെ വ്യക്തമാക്കുന്നു. ചെറുതും വലുതുമായ 76 സ്ഥാപനങ്ങളാണ് ഈ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്.

തീർന്നില്ല, സംസ്ഥാന സർക്കാർ സ്ഥാപനങ്ങളിൽ കുടിശ്ശിക വരുത്തിയിരിക്കുന്നതിൽ മുന്നിലുള്ളത് കാർഷിക വകുപ്പാണെന്ന് രേഖകൾ പറയുന്നു. 53.41 കോടിയാണ് വകുപ്പ് അടയ്ക്കാനുള്ള വൈദ്യുതി ചാർജ്. ആഭ്യന്തര വകുപ്പ് 52.35 കോടിയും ആരോ​ഗ്യവകുപ്പ് 11.40 കോടിയും ചെറുകിട ജലസേചന വകുപ്പ് 7.51 കോടിയുമാണ് അടയ്ക്കാനുള്ള കുടിശ്ശിക. മറ്റു വകുപ്പുകൾ 2.60 കോടിയും മെഡിക്കൽ കോളേജുകൾ 1.50 കോടിയും കോഴിക്കോട് കളക്ടറേറ്റ് 1.08 കോടിയും വൈദ്യുതി ചാർജ് കുടിശ്ശിക വരുത്തിയിട്ടുണ്ട്. 101 സ്ഥാപനങ്ങളാണ് ഈ പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നത്.

797 സ്വകാര്യ സ്ഥാപനങ്ങളാണ് വൈദ്യുതി ചാർജ് കുടിശ്ശിക വരുത്തിയിട്ടുള്ളത്. ഇതിൽ മാതാ അമൃതാനന്ദമയി മഠവും (എഐസിടി) ലിറ്റിൽ ഫ്ലവർ ഹോസ്പിറ്റലുമൊക്കെ ഉൾപ്പെടുന്നു. ബിനാനി സിൻക് ലിമിറ്റഡാണ് ഈ പട്ടികയിൽ മുൻപന്തിയിലുള്ളത്. 55.75 കോടി (55,75,04,760) രൂപയാണ് കമ്പനി കെഎസ്ഇബിക്കു കുടിശ്ശിക നൽകാനുള്ളത്. ട്രാവൻകൂർ റയോൺസ് ലിമിറ്റഡ് 47.64 കോടി (47,64,10,868) രൂപ ഈ ഇനത്തിൽ അടയ്ക്കാനുള്ളപ്പോൾ ഹൈ-ടെക് ഡിഎം 45.33 കോടി (45,33,15,760) രൂപയാണ് കുടിശ്ശിക വരുത്തിയിട്ടുള്ളത്. സിൽകൽ- 21.39 കോടി, ശ്രീലക്ഷ്മി ഇലക്ട്രോ- 12.34 കോടി, എസ് വിഎ സ്റ്റീൽ റീ റോളിങ് മിൽസ് ലിമിറ്റഡ് 11.89 കോടിയും കുടിശ്ശിക അടയ്ക്കാനുണ്ടെന്നു സർക്കാർ രേഖകൾ വ്യക്തമാക്കുന്നു. ലിറ്റിൽ ഫ്ലവർ ഹോസ്പിറ്റൽ 1.93 കോടിയാണ് വൈദ്യുതി ചാർജ് കുടിശ്ശിക അടയ്ക്കാനുള്ളത്. മാതാ അമൃതാനന്ദമയി മഠത്തിന് (എഐസിടി) 25.03 ലക്ഷമാണ് കുടിശ്ശികയുള്ളത്.

കുടിശ്ശിക വരുത്തുന്ന ഉപഭോക്താക്കളുടെ വൈദ്യുതി കണക്ഷൻ വിച്ഛേദിക്കൽ, കണക്ഷൻ അഴിച്ചുമാറ്റൽ തുടങ്ങിയ നടപടികൾ സ്വീകരിച്ചുവരുന്നതായാണ് ഫെബ്രുവരി 28നും മാർച്ച് 15നും വൈദ്യുതി മന്ത്രി എം എം മണി നിയമസഭയിൽ അറിയിച്ചത്. അതിനു ശേഷം ഉപഭോ​ക്താക്കളുടെ സെക്യൂരിറ്റി ഡിപ്പോസിറ്റിൽ നിന്നും കുടിശ്ശിക വകയിരുത്തിയിട്ടുണ്ടെന്നും ഇതിൽ നിന്നും വകയിരുത്താൻ കഴിയാത്ത തുക റവന്യു റിക്കവറി നടപടികൾക്കായി നൽകാറുണ്ടെന്നുമായിരുന്നു മന്ത്രിയുടെ വാദം. ദീർഘകാല കുടിശ്ശികയുള്ള ഉപഭോക്താക്കളിൽ നിന്നും ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി വഴി കുടിശ്ശിക ഈടാക്കാനുള്ള നടപടികൾ ആവിഷ്കരിച്ചിട്ടുണ്ടെന്നുമായിരുന്നു മന്ത്രിയുടെ മറുപടി. എന്നാൽ സാധാരണക്കാർക്കെതിരെ മാത്രമാണ് ഈ നടപടികളെല്ലാം എന്നാണ് ഞെട്ടിപ്പിക്കുന്ന ആയിരക്കണക്കിനു കോടിയുടെ കുടിശ്ശിക കണക്കുകൾ വ്യക്തമാക്കുന്നത്.

എന്നാൽ കേരളാ പൊലീസ്, കേരളാ വാട്ടർ അതോറിറ്റി, സർക്കാർ ആശുപത്രികൾ, കോടതി വ്യവഹാരങ്ങൾ നിലനിൽക്കുന്ന കെട്ടിടങ്ങൾ എന്നിവയുടെ വൈദ്യുതി കണക്ഷനുകൾ വിച്ഛേദിക്കുന്നത് ജനങ്ങളുടെ ദൈനംദിന ജീവിതത്തെ ദോഷകരമായി ബാധിക്കുമെന്നാണ് മന്ത്രിയുടെ ഭാഷ്യം. അതിനാൽ ഇവയുടേത് ഒഴിച്ചുള്ള കുടിശ്ശിക വരുത്തുന്ന വൈദ്യുതി കണക്ഷനാണ് സാധാരണ ​ഗതിയിൽ വിച്ഛേദിക്കാറുള്ളത് എന്നാണ് മന്ത്രിയുടെ വാദമെന്നിരിക്കെ മറ്റു സ്ഥാപനങ്ങളുടെ വൈദ്യുതി കണക്ഷൻ വിച്ഛേദിക്കാൻ എന്തുകൊണ്ട് നടപടി സ്വീകരിക്കുന്നില്ല എന്നതാണ് ചോദ്യം. ഇവർക്കു കുടിശ്ശിക വിവരങ്ങൾ വ്യക്തമാക്കുന്ന നോട്ടീസ് നൽകുക മാത്രമാണ് സർക്കാർ ചെയ്തുവരുന്നതെന്ന് മന്ത്രി തന്നെ സമ്മതിക്കുകയും ചെയ്യുന്നു.

സർക്കാർ സ്ഥാപനങ്ങളുടെ വൈദ്യുതി കണക്ഷനുകൾ വിച്ഛേദിച്ചാൽ ജനജീവിതത്തെ ബാധിക്കുമെന്ന ന്യായം പറയാമെങ്കിലും കോടിക്കണക്കിനു കുടിശ്ശികയുള്ള സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കാൻ സർക്കാർ മടിക്കുകയാണ്. ഇതു പിരിച്ചെടുത്താൽ തന്നെ നഷ്ടം നികത്തി ലാഭത്തിലാകാൻ കെഎസ്ഇബിക്കു കഴിയുമെന്നതാണ് വാസ്തവം. എന്നാൽ കേവലം നോട്ടീസുകൾ കൊണ്ടൊന്നും ഈ നഷ്ടം നികത്താനാവില്ല എന്നു സർക്കാരിനും കെഎസ്ഇബിക്കും ബോധ്യമുള്ളതുകൊണ്ടുതന്നെ ഇവയുടെ വൈദ്യുതി കണക്ഷൻ വിച്ഛേദിച്ച് തങ്ങളുടെ ചോദ്യങ്ങൾക്കു ഉത്തരം നൽകുകയാണ് വേണ്ടതെന്ന് ജനങ്ങൾ പറയുന്നു.

അതേസമയം, സ്വകാര്യസ്ഥാപനങ്ങളടക്കം ഞെട്ടിപ്പിക്കുന്ന കുടിശ്ശിക വരുത്തിയിരിക്കുമ്പോഴും അത് പിരിച്ചെടുക്കാതെ നഷ്ടത്തിന്റെ കണക്കു പറഞ്ഞ് വീണ്ടും വൈദ്യുതി ചാർജ് വർധനയ്ക്കൊരുങ്ങുകയാണ് സർക്കാർ. കുടിശ്ശിക അടയ്ക്കാതെ സമ്പന്നർ വൈദ്യുതി നിർബാധം ഉപയോ​ഗിച്ചുകൊണ്ടിരിക്കുകയും പാവങ്ങൾക്ക് ഇരുട്ടടി നൽകുകയുമാണ് കെഎസ്ഇബി ചെയ്യുന്നതെന്നാണ് പ്രധാന ആക്ഷേപം. കുടിശ്ശികയായി കിട്ടാനുള്ള തുക പിരിച്ചെടുക്കുകയാണെങ്കിൽ സംസ്ഥാനത്തെ മുഴുവൻ പാവപ്പെട്ട കുടുംബങ്ങൾക്കും സൗജന്യമായി വൈദ്യുതി ലഭ്യമാക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ.