ആപ്പിള്‍ ജ്യൂസിനെ മാതൃഭൂമി മദ്യമാക്കിയെന്നു ആരോപണം; മലങ്കര അസോസിയേഷന്‍ നിയമനടപടിക്കൊരുങ്ങുന്നു

ബാര്‍ ഉടമ സുനില്‍ കുമാര്‍ മാതൃഭൂമി ചര്‍ച്ചയില്‍ പ്രദര്‍ശിപ്പിച്ച ചിത്രമാണ് വിവാദമായത്. മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭാധ്യക്ഷന്‍ ബസേലിയോസ് പൗലോസ് രണ്ടാമന്‍ മദ്യസല്‍ക്കാരം നടത്തിയതിനു തെളിവായാണ് ചിത്രപ്രദര്‍ശനം നടത്തിയത്.

ആപ്പിള്‍ ജ്യൂസിനെ മാതൃഭൂമി മദ്യമാക്കിയെന്നു ആരോപണം; മലങ്കര അസോസിയേഷന്‍ നിയമനടപടിക്കൊരുങ്ങുന്നു

മലങ്കര സഭാധ്യക്ഷന്റെ നേതൃത്വത്തില്‍ നടന്ന സ്നേഹവിരുന്നില്‍ മദ്യം വിളമ്പിയെന്ന തരത്തില്‍ മാതൃഭൂമി ചാനല്‍ നല്‍കിയ ദൃശ്യത്തിനെതിരെ ഓര്‍ത്തഡോക്‌സ് സുറിയാനി സഭ. മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ മേല്‍പ്പട്ടക്കാര്‍ പരമ്പരാഗതമായി മദ്യമോ മാംസമോ ഉപയോഗിക്കില്ല. അതുകൊണ്ടുതന്നെ ഗൗരവകരമായ അവഹേളനം എന്ന നിലയിലാണ് സഭ ചാനലിന്റെ നടപടിയെ വിലയിരുത്തുന്നത്. 2012 ലെ പെസഹ വ്യാഴാഴ്ച ബഹ്‌റൈനില്‍ നടത്തിയ കാല്‍കഴുകല്‍ ശുശ്രൂഷയ്ക്കുശേഷമുള്ള സനേഹവിരുന്നിന്റെ ഫോട്ടോയാണ് ചാനല്‍ പ്രദര്‍ശിപ്പിച്ചതെന്നു മലങ്കര അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

വിരുന്നില്‍ കൂടെയുണ്ടായിരുന്ന കുട്ടികളെ വെട്ടിമാറ്റിയ ചിത്രമാണ് മദ്യസല്‍ക്കാരമായി പ്രചരിപ്പിക്കുന്നത്. അവിടെ വിളമ്പിയ ആപ്പിള്‍ ജ്യുസിനെയാണ് മദ്യമാക്കി ചിത്രീകരിച്ചതെന്നും മലങ്കര അസോസിയേഷന്‍ ആരോപിച്ചു.മലങ്കര സഭാദ്ധ്യക്ഷനെ പോലെ ഉന്നതസ്ഥാനത്തിരിക്കുന്ന ഒരു വ്യക്തി പരസ്യമായി മദ്യസല്‍ക്കാരം നടത്തും എന്നതിലെ യുക്തിഹീനതപോലും പരിഗണിക്കാതെയാണ് പുതിയ മദ്യനയത്തെപ്പറ്റിയുള്ള ചാനല്‍ ചര്‍ച്ചയില്‍ ഈ ചിത്രം അവതരിപ്പിച്ചത്. അത്തരമൊരു ചിത്രത്തിന്റെ യുക്തിഹീനത ചൂണ്ടിക്കാട്ടേണ്ട അവതാരകന്‍ അതിനു തയ്യാറായില്ല എന്നതാണ് ഏറ്റവും പ്രതിഷേധാര്‍ഹമാണ്. ഇത്തരമൊരു വ്യാജചിത്രം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുകയാണെന്ന് മലങ്കര അസോസിയേഷന്‍ വ്യക്തമാക്കി.

കത്തോലിക്കാ ബാവയെപ്പോലെ സമൂഹത്തില്‍ ഉന്നത സ്ഥാനത്തിരിക്കുന്നവരെപറ്റിയുള്ള വിവാദ വാര്‍ത്തകള്‍ ചിത്രങ്ങളും പ്രചരിപ്പിക്കുന്നതിന് മുമ്പ് അവയുടെ ആധികാരികത പരിശോധിക്കുക എന്നത് മാധ്യമങ്ങളുടെ ഉത്തരവാദിത്വമാണ്. ജനങ്ങള്‍ക്ക് യാഥാര്‍ത്ഥ്യം വ്യക്തമാക്കിവൊടുക്കുവാനുള്ള സാമന്യമര്യാദ മാതൃഭൂമി ചാനലില്‍ നിന്ന് സഭ പ്രതീക്ഷിക്കുന്നതായും അസോസിയേഷന്‍ ആവശ്യപ്പെട്ടു.

ബാര്‍ ഉടമയായ സുനില്‍ കുമാറാണ് ചര്‍ച്ചയ്ക്കിടയില്‍ ചിത്രം പ്രദര്‍ശിപ്പിച്ചത്. മലങ്കര സഭയ്ക്ക് വീഞ്ഞുണ്ടാക്കാനുള്ള ലിക്വര്‍ ലൈസന്‍സ് ഇല്ല. കത്തോലിക്ക സഭയ്ക്ക് മാത്രമാണ് ലൈസന്‍സ്. മലങ്കര ഓര്‍ത്തഡോക്സ് സഭ ഉള്‍പ്പടെയുള്ള അപ്പസ്തോല സഭകള്‍ ഉണക്ക മുന്തിരിയുടെ ചാര്‍ ഉപയോഗിച്ച് അന്നന്നത്തേയ്ക്കുള്ള വീഞ്ഞ് കുര്‍ബ്ബാനയ്ക്ക് തയ്യാറാക്കുകയാണ് പതിവ്. മലങ്കര സഭയെ സംബന്ധിച്ച് മദ്യനയത്തെ കുറിച്ച് കത്തോലിക്ക സഭയുടെ രീതിയിലുള്ള എതിര്‍പ്പുകളില്ല എന്നിരിക്കെയാണ് സഭാധ്യക്ഷന്റെ ചിത്രം ഉപയോഗിച്ചത്. മലയാള മനോരമയുടെ ഉടമകളും ഉമ്മന്‍ ചാണ്ടിയും അടങ്ങിയ സഭയ്ക്കെതിരെയാണ് മാതൃഭൂമിയിലൂടെ ബാറുടമ ചിത്രപ്രദര്‍ശനം നടത്തിയത്.????