ഇനി താമസം ഇവിടെ; ഇതര സംസ്ഥാന തൊഴിലാളികൾക്കുള്ള 'അപ്നാ ഘർ' മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

അടുക്കളകളും ഡൈനിംഗ് ഹാളും തുടങ്ങി കളിസ്ഥലം വരെ ഒരുക്കിയിരിക്കുന്ന അപ്നാഘറില്‍ 800 രൂപയാണ് മാസവാടക.

ഇനി താമസം ഇവിടെ; ഇതര സംസ്ഥാന തൊഴിലാളികൾക്കുള്ള അപ്നാ ഘർ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് പാലക്കാട് സർക്കാറൊരുക്കുന്ന പാര്‍പ്പിട സമുച്ചയമായ അപ്നാ ഘര്‍ മുഖ്യമന്ത്രി തുറന്നുകൊടുത്തു. പാലക്കാട്ടെ മാതൃകയില്‍ മൂന്നിടങ്ങളില്‍ പാര്‍പ്പിട സമുച്ചയം ഉടനൊരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. രാജ്യത്ത് ഇതാദ്യമായാണ് ആധുനികസൗകര്യങ്ങളോടു കൂടി തൊഴിലാളികള്‍ക്ക് മാത്രമായൊരു താമസ സൗകര്യം നിലവില്‍ വരുന്നത്.

കഞ്ചിക്കോടും വാളയാറും പരിസരത്തുമുളള ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ഇനി വൃത്തിഹീനമായ ക്യാംപുകളിലോ ഷെഡ്ഡുകളിലോ അന്തിയുറങ്ങേണ്ടി വരില്ല എന്നതാണ് അപ്നാ ഘറിന്റെ ഏറ്റവും വലിയ പ്രത്യേകത. കഞ്ചിക്കോട്ടെ അപ്നാ ഘറില്‍ എത്രകാലം വേണമെങ്കിലും അവര്‍ക്ക് തങ്ങാം. ഡോര്‍മെറ്ററി സംവിധാനത്തില്‍ നാലുനിലകളിലായി 62 മുറികളുണ്ട് അപ്നാഘറില്‍.

വലിയ അടുക്കളകളും, ഡൈനിംഗ് ഹാളും തുടങ്ങി കളിസ്ഥലം വരെ പാര്‍പ്പിട സമുച്ചയത്തിലൊരുക്കിയിട്ടുണ്ട്. 800 രൂപയാണ് അപ്നാഘറില്‍ താമസിക്കുന്നവര്‍ക്കുള്ള മാസവാടക. തൊഴില്‍വകുപ്പിന് കീഴില്‍ ഭവനം ഫൗണ്ടെഷനാണ് പാര്‍പ്പിട സമുച്ചയം നിര്‍മ്മിച്ചത്. പുതിയ താമസസ്ഥലത്തെ വലിയ ആഹ്ളാദത്തോടെയാണ് മറുനാടന്‍ തൊഴിലാളികളും വരവേറ്റത്.

സമുച്ചയം ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതര സംസ്ഥാന തൊഴിലാളി ക്ഷേമം ലക്ഷ്യമിട്ട് കൂടുതല്‍ പദ്ധതികള്‍ ഉടന്‍ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചു. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളിലും അപ്നാഘറുകള്‍ ഉടന്‍ നിലവില്‍ വരുമെന്നും അദ്ദേഹം അറിയിച്ചു. 10കോടി രൂപ ചെലവിട്ടാണ് പാര്‍പ്പിട സമുച്ചയം നിര്‍മ്മിച്ചത്. അന്യദേശക്കാര്‍ക്കും അഭയമൊരുങ്ങുന്ന ഈ കേരളമാതൃക റിപ്പോര്‍ട്ട് ചെയ്യാന്‍ ഉത്തരേന്ത്യയില്‍ നിന്നടക്കം ദേശീയമാധ്യമങ്ങള്‍ പാലക്കാട് എത്തിയിരുന്നു.

Read More >>