കോട്ടയം ബസേലിയസ് കോളേജില്‍ ടീച്ചറുടെ സ്ത്രീ ശാക്തീകരണം: ' ജീന്‍സിട്ടാല്‍ ഗര്‍ഭം ധരിക്കില്ല; ഡിവോഴ്‌സ് ചെയ്യപ്പെട്ടാല്‍ എച്ചില്‍'

സൂര്യനെല്ലി പെണ്‍കുട്ടിയെ അപമാനിച്ച് കോട്ടയം ബസേലിയസ് കോളേജ്. 'നക്കി നോക്കിയാല്‍ എച്ചിലാവുന്ന കേക്കു പോലെയാണ് സ്ത്രീ. എച്ചിലിനെ വിവാഹം കഴിക്കാന്‍ പുരുഷനു സാധിക്കില്ല. അതുകൊണ്ട് ജാഗരൂകരായിരിക്കുക. എച്ചിലാവാതെ നോക്കുക, വിവാഹം സ്ത്രീയെ വിശുദ്ധയാക്കുന്നു. താലി ഒരു സര്‍ട്ടിഫിക്കറ്റാണ്'- സ്ത്രീ ശാക്തീകരണത്തിന്റെ പേരില്‍ നടന്ന ബോധവല്‍ക്കരണത്തില്‍ അധ്യാപിക പഠിപ്പിച്ചു. രോഷാകുലരായ വിദ്യാര്‍ത്ഥിനികള്‍ സമരത്തില്‍.

കോട്ടയം ബസേലിയസ് കോളേജില്‍ ടീച്ചറുടെ സ്ത്രീ ശാക്തീകരണം:  ജീന്‍സിട്ടാല്‍ ഗര്‍ഭം ധരിക്കില്ല; ഡിവോഴ്‌സ് ചെയ്യപ്പെട്ടാല്‍ എച്ചില്‍

കോട്ടയം ബസേലിയസ് കോളേജിലെ വിദ്യാര്‍ത്ഥിനികള്‍ക്ക് സ്ത്രീ ശാക്തീകരണത്തിന്റെ പേരില്‍ നടന്നിയ ബോധവത്ക്കരണ ക്ലാസില്‍ രൂക്ഷമായ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍. ശനിയാഴ്ച വിമന്‍സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ കോളേജില്‍ നടത്തിയ കൗണ്‍സിലിങ്ങ് ക്ലാസ്സാണ് ശക്തമായ വിമര്‍ശനങ്ങള്‍ക്കിടയാക്കിയത്. പാമ്പാടി കെജി കോളേജിലെ റിട്ടയേര്‍ഡ് അധ്യാപിക അന്നമ്മ മാത്യുവായിരുന്നു വിവാദമായ ക്ലാസ് നയിച്ചത്. ആണ്‍കുട്ടികളെ മാറ്റിയിരുത്തി പെണ്‍കുട്ടികള്‍ക്കുമാത്രമായിരുന്നു ക്ലാസ്സ്. തുടക്കം മുതല്‍ സ്ത്രീവിരുദ്ധത നിറഞ്ഞു നിന്ന ക്ലാസ്സില്‍ നിന്ന് ഇറങ്ങി പോകാന്‍ തുടങ്ങിയ ഏതാനും വിദ്യാര്‍ത്ഥിനികളെ നിര്‍ബന്ധപൂര്‍വ്വം കോളേജധികൃതര്‍ ക്ലാസ്സിലിരുത്തി.
സ്ത്രീ ശരീരം വിശുദ്ധമാണെന്നും വിവാഹപൂര്‍വ പ്രണയബന്ധങ്ങളാല്‍ അത് അശുദ്ധമാകുമെന്നും പ്രമുഖ കൗണ്‍സലര്‍ അവകാശപ്പെട്ടു. ഇതിനായി ഇവര്‍ തിരഞ്ഞെടുത്ത ഉദാഹരണം ഇതായിരുന്നു' നിങ്ങള്‍ക്ക് സ്വിറ്റ്‌സ്വര്‍ലന്‍ഡില്‍ നിന്ന് വളരെ രുചിയുളള ഒരു കേക്കു കിട്ടിയെന്നു വിചാരിക്കുക. അത് ആരെങ്കിലും നക്കി നോക്കിയിട്ട് തന്നാല്‍ നിങ്ങള്‍ കഴിക്കുമോ?!'
ആഗ്രഹങ്ങള്‍ അടക്കിപ്പിടിച്ചു ജീവിക്കേണ്ടവളാണു സ്ത്രീ. പുരുഷന്റെ ലൈംഗികത കടല്‍ പോലെയെന്നും സ്ത്രീയുടേത് കിണറ്റിലെ വെള്ളം പോലെയാണെന്നും അവര്‍ പറയുന്നു. റേപ്പ് ചെയ്യാനുള്ള പ്രവണത എല്ലാ പുരുഷന്‍മാരിലും സ്വാഭാവികമായുള്ളതാണ്. അതുകൊണ്ട് തന്നെ വസ്ത്രധാരണത്തിലൂടെയും മറ്റും പുരുഷനും പ്രകോപനമുണ്ടാതിരിക്കാന്‍ സ്ത്രീ ശ്രദ്ധിക്കണം- ക്ലാസ് അധ്യാപിക പറഞ്ഞു.
സുര്യനെല്ലി പെണ്‍കുട്ടിയെ കുറിച്ച് അപകീര്‍ത്തികരമായ പരാമര്‍ശവും ഇവര്‍ നടത്തി. വളരെ മോശമായ ഭാഷയില്‍ സംസാരിച്ച ഇവര്‍ സൂര്യനെല്ലി പെണ്‍കുട്ടികളെ പോലെയുള്ളവര്‍ 'പന്ന' പെണ്‍കുട്ടികളാണെന്നും അന്‍പതു ശതമാനവും റേപ്പിനു കാരണക്കാര്‍ സ്ത്രീകള്‍ തന്നെയാണെന്നും പറഞ്ഞു.
ജീന്‍സ് ധരിക്കുന്ന പെണ്‍കുട്ടികള്‍ക്ക് സന്താനഭാഗ്യമുണ്ടാകില്ല എന്നതാണ് ഇവരുടെ മറ്റൊരു കണ്ടെത്തല്‍. സോഷ്യല്‍ മീഡിയയിലൂടെ പ്രതിഷേധം രേഖപ്പെടുത്തിയ വിദ്യാര്‍ത്ഥിനികള്‍ കോളേജിന്റെ ഇത്തരം സ്ത്രീവിരുദ്ധ നയങ്ങള്‍ക്കെതിരെ ശക്തമായി നിലകൊള്ളുമെന്നറിയിച്ചു.

കോളേജിൽ വിദ്യാർത്ഥിനികൾ പതിച്ച പോസ്റ്ററുകളിൽ ഒന്ന്1. നക്കി നോക്കിയാല്‍ എച്ചിലാവുന്ന കേക്കു പോലെയാണ് സ്ത്രീ. എച്ചിലിനെ വിവാഹം കഴിക്കാന്‍ പുരുഷനു സാധിക്കില്ല. അതുകൊണ്ട് ജാഗരൂകരായിരിക്കുക. എച്ചിലാവാതെ നോക്കുക
2. വിവാഹം സ്ത്രീയെ വിശുദ്ധയാക്കുന്നു. താലി ഒരു സര്‍ട്ടിഫിക്കറ്റാണ്.
3. ഭര്‍ത്താവ് മരിച്ച സ്ത്രീ എച്ചിലല്ല. പക്ഷേ ഡിവോഴ്‌സ് ആണേല്‍ എച്ചില്‍!
4. ജീന്‍സിട്ടാല്‍ ഗര്‍ഭധാരണ ശേഷി നഷ്ടപ്പെടും
5. പ്രീമരീറ്റല്‍ സെക്‌സ് പാപമാണ്. വൈവാഹിക ജീവിതത്തില്‍ ബലാത്സംഗം നടന്നാല്‍ അതും വിശുദ്ധമാണ്.
6. പുരുഷന്റെ ലൈംഗികാസക്തി കടല്‍ പോലെ. സ്ത്രീയുടേത് കിണറ്റിലെ വെള്ളം പോലെ. തൊട്ടിയിട്ടു കോരുമ്പോള്‍ മാത്രം ഉണ്ടാകുന്ന പ്രതിഭാസം.
7. പ്രണയം തോന്നുമ്പോള്‍ പ്രാര്‍ത്ഥിക്കുക- 'When spirituality goes up, biology is down'!
8. ആണ്‍കുട്ടികള്‍ ശരീരത്ത് സ്പര്‍ശിക്കാന്‍ വരുമ്പോള്‍ 'Touch me not,touch me not' എന്നു പറയുക.
9. ആര്‍ത്തവ സംബന്ധമായ കാര്യങ്ങള്‍ ആതീവ രഹസ്യമായിരിക്കണം!
10. റേപ്പ് ചെയ്യാനുള്ള ത്വര പുരുഷനില്‍ സ്വാഭാവികമായുള്ളതാണ്. അതിനെ മനസ്സിലാക്കി സ്ത്രീ കരുതിയിരിക്കണം.
11. സ്ത്രീ പീഡനങ്ങള്‍ക്ക് 50 ശതമാനവും കാരണക്കാര്‍ സ്ത്രീകള്‍ തന്നെ.
സംഭത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനികള്‍ രോഷാകുലമായ പോസ്റ്ററുകള്‍ കോളേജിലാകമാനം പതിച്ചു. 'നിങ്ങള്‍ക്കൊക്കെ ഒരു വിചാരമുണ്ട്, പൊക്കിളിനും മുട്ടിനുമിടയില്‍ നഷ്ടപ്പെടാന്‍ പാകത്തിന് എന്തോ കൊണ്ടു നടക്കുന്ന ഒരു ജീവിയാണെന്ന്'- ഒരു പോസ്റ്റര്‍ പറയുന്നു.
എന്റെ വികാരങ്ങള്‍ക്ക് അതിര്‍ത്തി നിശ്ചയിക്കാന്‍ നീയാരെന്നും അടങ്ങിയൊതുങ്ങി ഇരിക്കാന്‍ അവളെന്താ അടക്കാമരമാണോയെന്നും പോസ്റ്ററുകള്‍ ചോദിക്കുന്നു.
വിദ്യാര്‍ത്ഥിനികള്‍ തുടങ്ങി വെച്ച സമരത്തിന് എസ്എഫ്‌ഐയും കെഎസ്യുവും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

Read More >>