വൃക്കയുമായി വീണ്ടുമൊരോട്ടം; ആംബുലന്‍സ് ഡ്രൈവര്‍മാരിലെ ഷുമാക്കറായി മനോജ്

ഒരു മണിക്കൂര്‍ 20 മിനിറ്റുകൊണ്ട് തിരുവനന്തപുരത്തു നിന്നും തിരുവല്ലയില്‍ വൃക്ക ഓടിയെത്തി. മണിക്കൂറില്‍ 100കിലോമീറ്ററിലധികം വേഗത്തിലാണ് മനോജ് ആംബുലന്‍സ് ഡ്രൈവ് ചെയ്തത്. വീഡിയോ കാണാം

വൃക്കയുമായി വീണ്ടുമൊരോട്ടം; ആംബുലന്‍സ് ഡ്രൈവര്‍മാരിലെ ഷുമാക്കറായി മനോജ്

ട്രാഫിക് സിനിമയെ അനുസ്മരിപ്പിക്കുന്ന രംഗങ്ങളുമായി തിരുവനന്തപുരത്ത് വൃക്കദാനം. വൃക്കയും വഹിച്ച് തിരുവനന്തപുരത്ത് നിന്ന് തിരുവല്ല പുഷ്പ്പഗിരിയിലേക്ക് വാഹനം എത്തിച്ചത് ഒരു മണിക്കൂര്‍ ഇരുപത് മിനിറ്റ് കൊണ്ടാണ്. വാഹനാപകടത്തെത്തുടര്‍ന്ന് മസ്തിഷ്‌കമരണം സംഭവിച്ച 23കാരന്റെ വൃക്കയാണ് പുഷ്പ്പഗിരി മെഡിക്കല്‍ കോളജില്‍ നടന്ന ശസ്ത്രക്രിയയിലൂടെ അടൂര്‍ സ്വദേശിയായ ഷാജിക്ക് പുതുജീവിതം നല്‍കിയത് .സര്‍ക്കാരിന്റെ അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയ്ക്ക് ഒരു പൊന്‍തൂവല്‍ കൂടിയാണിത്.

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മസ്തിഷ്‌ക്ക മരണം സംഭവിച്ച മനുമോഹന്റെ(23) വൃക്കയാണ് ബന്ധുക്കളുടെ താല്‍പ്പര്യപ്രകാരം അടൂര്‍ സ്വദേശി ഷാജി(48)ക്ക് നല്‍കിയത്. ഇരുവൃക്കകളും തകര്‍ന്ന് ചികിത്സയിലായിരുന്ന ഷാജി 2016ലാണ് മൃതസഞ്ജീവനിയില്‍ രജിസ്റ്റര്‍ ചെയ്തത്. രോഗം മൂര്‍ഛിച്ചതോടെയാണ് ഷാജിക്ക് വൃക്ക ആവശ്യമായി വന്നത്.

മസ്തിഷ്‌ക മരണം സംഭവിച്ച മനുമോഹന്റെ വൃക്ക ഷാജിക്ക് അനുയോജ്യമാണെന്ന് ബോധ്യപ്പെട്ടതോടെ പുഷപഗിരിയില്‍നിന്ന് നെഫ്രോളജിസ്റ്റ് ഡോ. സുഭാഷിന്റെ നേതൃത്വത്തിലുള്ള സംഘം തിരുവനന്തപുരത്തേക്ക് പോയി. ഒരുമണിക്കൂര്‍ ഇരുപത് മിനിട്ട്‌കൊണ്ട് തിരുവനന്തപുരത്തുനിന്ന് പുഷ്പഗിരിയിലേക്ക് വൃക്ക എത്തിക്കാനായി. സംസ്ഥാനത്ത് ആദ്യമായി രൂപീകരിച്ച ആംബുലന്‍സ് ഡ്രൈവര്‍മാരുടെ സംഘടന ഡോക്ടര്‍മാരുടെ സംഘത്തിന് വിവിധ സ്ഥലങ്ങളില്‍ അകമ്പടിയേകിയും യാത്ര സുഗമമാക്കി.

അതി സഹാഹസികമായി വൃക്കയും കൊണ്ട് തിരുവല്ലയില്‍ എത്തിച്ച ആംബുലന്‍സ് ഡ്രൈവര്‍ മനോജ് അന്നത്തെ അനുഭവങ്ങള്‍ പങ്കുവെയ്ക്കുന്നു. ''ഏകദേശം നാല് വര്‍ഷമായി പുഷ്പ്പഗിരി ആംബുലന്‍സില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന എനിക്ക് ആംബുലന്‍സ് ജീവിതത്തില്‍ മറക്കാനാവാത്ത നിരവധി അനുഭവങ്ങള്‍ കാണാന്‍ സാധിച്ചിട്ടുണ്ട്. ഒരു രോഗി ഇല്ലാതെ അവയവുമായിട്ട് പോകുന്നത് ആദ്യമായിട്ടാണ്.


തിരുവനന്തപുരം നെല്ലിമൂട് സ്വദേശി മനുമോഹനാണ് ബൈക്കപകടത്തില്‍ ഗുരുതര പരുക്കറ്റ പിന്നീട് മസ്തിഷ്‌ക മരണം സംഭവിച്ചത്.അങ്ങനെ മൃതസഞ്ചീവനി വഴി പുഷ്പഗിരി മെഡിക്കല്‍ കോളേജില്‍ അഡ്മിനിസ്‌റ്റേര്‍ ഫാ:മാത്യു വടക്കേടത്തിന് അറിയിപ്പ് കിട്ടുകയും തുടര്‍നടപടികള്‍ എടുത്തതിന് ശേഷം എന്നെ അറിയിക്കുകയും ചെയ്തത്.

നെഫ്രോളജിസ്റ്റ് ഡോ സുഭാഷ്, ഓര്‍ഗന്‍ കോര്‍ഡിനേറ്റര്‍ എബി ജേക്കബ്, നേഴ്‌സിങ് സ്റ്റാഫ് ബിനുകുമാര്‍ തുടങ്ങിയ നാല് പേര്‍ അടങ്ങുന്ന സംഘമാണ് ഇവിടെ നിന്നും യാത്ര തിരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് പോയപ്പോള്‍ തന്നെ കേരള ആംബുലന്‍സ് ഡ്രൈവേഴ്‌സ് ആന്റ് ടെക്‌നീഷ്യന്‍ അസോസിയേഷനിലേക്ക് വിവരം അറിയിച്ചിരുന്നു.

തിരുവനന്തപുരം കേന്ദ്രമാക്കി കൂടുതല്‍ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഈ യൂണിയന്‍. തുടര്‍ന്ന് സംഘടനയില്‍ ഉള്ളവര്‍ ഞങ്ങളെ കാത്തുനില്‍ക്കുകയും മെഡിക്കല്‍ കോളേജില്‍ നിന്ന് മൂന്നുമണിക്ക് വൃക്ക കയറ്റി പോകുമ്പോള്‍ വെഞ്ഞാറമൂട് വരെ രണ്ട് വണ്ടിയും നിലമ്മേല്‍ മുതല്‍ ആയൂര്‍ വരെ രണ്ട് വണ്ടിയും ആയൂര്‍ മുതല്‍ കൊട്ടാരക്കര വരെ ഏഴ് ആംബുലന്‍സുകള്‍ സിനിമയില്‍ വെല്ലുന്നതുപോലെ കൊട്ടാരക്കരയില്‍ റോഡ് ബ്ലോക്ക് ചെയ്തിട്ട് കടത്തിവിടുകയാണ് ചെയ്തത്.

കൊട്ടാരക്കരയില്‍ നിന്നും ഏനാത്ത് വരെ രണ്ട് ആംബുലന്‍സുകളും ഏനാത്ത് പാലം പൊലീസിന്റെ സഹായത്താല്‍ ക്ലീയര്‍ ചെയ്ത് അക്കരെഎത്തിച്ച ശേഷം അടൂര്‍ മരിയ ഹോസ്പിറ്റലിലെ ആംബുലന്‍സും പത്തനാപുരത്തെ സെന്റ് ജോസഫ് ആംബുലന്‍സും തിരുവല്ല പുഷ്പ്പഗിരിവരെയും എത്തിച്ചു.

അടൂര്‍ ഇളമക്കര സ്വദേശി ഷാജിക്കായിരുന്നു വൃക്ക എത്തിച്ചത്. എത്ര വേഗത്തില്‍ എത്തിക്കാമോ അത്രയും വേഗത്തില്‍ വൃക്കയും കൊണ്ട് പുഷ്പ്പഗിരിയില്‍ എത്തിക്കാന്‍ സാധിച്ചു. അത് രോഗിക്ക് കൂടുതല്‍ ആശ്വാസം നല്‍കുന്ന കാര്യമാണ്'. കായംകുളം ചെറിയതൊട്ടിയൂര്‍ സ്വദേശിയാണ് ആംബുലന്‍സ് ഡ്രൈവര്‍ മനോജ് എഎസ്