സിനിമയിലെ ആണുങ്ങൾ ബാലികയായിരിക്കെ ലൈംഗികമായി പീഡിപ്പിച്ചു: നടിയുടെ വെളിപ്പെടുത്തലിൽ കേസെടുക്കാതെ പൊലീസ്

സ്പീക്കർ പി ശ്രീരാമകൃഷ്ണനും സ്ഥലം എംഎൽഎ ഹൈബി ഈഡനും ഇരുന്ന വേദിയിൽ വെച്ചാണ് നടിയുടെ വെളിപ്പെടുത്തൽ. എന്നാൽ പീഡനത്തിനിരയായി എന്ന് പരസ്യമായി വെളിപ്പെടുത്തിയിട്ട് പോലും നാളിതുവരെയായി കേസ് എടുക്കാൻ പൊലീസ് തയ്യാറായിട്ടില്ല.

സിനിമയിലെ ആണുങ്ങൾ ബാലികയായിരിക്കെ ലൈംഗികമായി പീഡിപ്പിച്ചു: നടിയുടെ വെളിപ്പെടുത്തലിൽ കേസെടുക്കാതെ പൊലീസ്

പ്രായപൂര്‍ത്തിയാകും മുമ്പ് പീഡനത്തിനിരയായെന്ന പ്രമുഖ നടി വെളിപ്പെടുത്തി വര്‍ഷങ്ങളായിട്ടും കേസെടുക്കാതെ കേരള പൊലീസ്. നിയമസഭ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പങ്കെടുത്ത ചടങ്ങിലും സ്വകാര്യ ചാനലുമായുള്ള അഭിമുഖത്തിലും നടി ഇക്കാര്യം വ്യക്തമാക്കിയിട്ടും പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല. എറണാകുളം സെന്റ് തെരാസാസ് കോളേജിൽ 2016 ൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്ന പരിപാടിയിൽ വെച്ചാണ് നടി താൻ ബാല പീഡനത്തിനിരയായി എന്ന് വെളിപ്പെടുത്തിയത്. സ്പീക്കർ പി ശ്രീരാമകൃഷ്ണനും സ്ഥലം എംഎൽഎ ഹൈബി ഈഡനും ഇരുന്ന വേദിയിൽ വെച്ചാണ് നടിയുടെ വെളിപ്പെടുത്തൽ. എന്നാൽ പീഡനത്തിനിരയായി എന്ന് പരസ്യമായി വെളിപ്പെടുത്തിയിട്ട് പോലും നാളിതുവരെയായി കേസ് എടുക്കാൻ പൊലീസ് തയ്യാറായിട്ടില്ല.

കൂടാതെ കാറില്‍ വെച്ച് നടി ആക്രമിക്കപെട്ടതിനു സമാനമായി താനും ആക്രമിക്കപ്പെട്ടിട്ടുണ്ടെന്നും സിനിമയിലെ സഹപ്രവർത്തകർ തന്നെയാണ് തന്നെയും ലൈംഗീകമായി പീഡിപ്പിച്ചത് എന്നും പിന്നീട് നടി സ്വകാര്യ ചാനലിനോട് വെളിപ്പെടുത്തിയിരുന്നു. ഇങ്ങനെയുള്ള സംഭവങ്ങൾ സർവ്വസാധാരണമാണെന്നും സമൂഹത്തെ അറിയിക്കേണ്ട ബാധ്യത തനിക്കുണ്ടെന്നും പറഞ്ഞു കൊണ്ടാണ് നടി താൻ സഹ പ്രവർത്തകരിൽ നിന്ന് ലൈംഗീകമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് വെളിപ്പെടുത്തിയത്. പീഡനത്തിനിരയായത് തുറന്നു പറയുന്നത് തന്റെ വ്യക്തിപരമായ സ്വാതന്ത്ര്യമാണ്. എന്നാൽ ഇതിന്റെ പേരിൽ അവർക്കെതിരെ കേസ് കൊടുക്കാൻ താനില്ലെന്നും നടി പറഞ്ഞിരുന്നു.

നടി ബാലപീഡനത്തിനിരയായി എന്നല്ല പറഞ്ഞതെന്നും അതിനർത്ഥം വരുന്ന രീതിയിൽ ചൂഷണം എന്ന നിലക്കാണ് പ്രസ്താവന നടത്തിയതെന്നും ഹൈബി ഈഡൻ എം എൽ എ നാരദ ന്യൂസിനോട് പ്രതികരിച്ചു. ''നടിയുടെ പ്രസംഗം ശ്രദ്ധിച്ചാൽ ഇക്കാര്യം മനസ്സിലാകും. ഏതു തരത്തിലുള്ള ചൂഷണവും കുറ്റകരമാണ്. എന്നാൽ അത് ഏതു തരത്തിലുള്ള പീഡനത്തിനാണ് താൻ ഇരയായത് എന്ന് പറയേണ്ടത് നടിയാണ്. തനിക്ക് അതിനെക്കുറിച്ച് പറയാൻ കഴിയില്ല. കേസ് എടുക്കാത്തത് സംബന്ധിച്ച് പൊലീസ് ആണ് തീരുമാനിക്കേണ്ടത്'' ഹൈബി ഈഡൻ പറഞ്ഞു.

വെറുതെ മൈക്കിൽകൂടി പരാതി പറഞ്ഞാൽ എങ്ങനെയാണ് കേസ് എടുക്കാൻ കഴിയുക എന്ന് നടി വെളിപ്പെടുത്തൽ നടത്തിയ വേദിയിൽ ഉണ്ടായിരുന്ന കൊച്ചി മേയർ സൗമിനി ജെയിൻ നാരദന്യൂസിനോട് പറഞ്ഞു. "ഒരാൾ ഒരു സ്റ്റേറ്റ്മെന്റ് പറഞ്ഞാൽ അതിനു എങ്ങനെയാണ് കേസ് എടുക്കുക? കേസ് എടുക്കണമെങ്കിൽ അതിനു പരാതി കൊടുക്കണം. അവർ പ്രസംഗത്തിൽ പറഞ്ഞ കാര്യമാണ്. ഇരയായ വ്യക്തി അതിനുവേണ്ടി പരാതി കൊടുക്കണം. എന്നിട്ട് കേസ് വേഗത്തിൽ പോകുന്നില്ലെങ്കിൽ നമുക്ക് ഇടപെടാൻ കഴിയും അല്ലാതെ മൈക്കിൽകൂടെ പരാതി പറഞ്ഞാൽ എങ്ങനെയാണ് കേസ് എടുക്കുക?" മേയർ സൗമിനി ജെയിൻ പറഞ്ഞു.

അതേ വേദിയില്‍ ഉണ്ടായിരുന്ന സപീക്കര്‍ പി. ശ്രീരാമകൃഷ്ണനെ ബന്ധപ്പെടാന്‍ നാരദ ശ്രമിച്ചുവെങ്കില്‍ അദ്ദേഹം പരിധിക്ക് പുറത്തായിരുന്നു. പൊലീസ് ഇനിയും കേസെടുക്കാത്തതിനെ കുറിച്ച് സംഭവം ആദ്യം വെളിപ്പെടുത്തിയ കൊച്ചി നഗരത്തിന്റെ ചുമലയുള്ള ദക്ഷിണ മേഖല ഐജി പി. വിജയനെയും ഫോണില്‍ വിളിച്ചു. മീറ്റിങ്ങിലാണ് എന്ന മറുപടിയാണ് ലഭിച്ചത്. പിന്നീട് രണ്ട് തവണ ബന്ധപ്പെട്ടെങ്കിലും ഫോണെടുത്തില്ല. യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോം പ്രതികരിക്കാന്‍ ഒരു ദിവസം കൂടി സമയം ചോദിച്ചു.

നടി സ്പീക്കർ ശ്രീരാമകൃഷ്ണനും ഹൈബി ഈഡനും മേയറും പങ്കെടുത്ത പരിപാടിയിൽ പറഞ്ഞത് "ചൈൽഡ് അബിയൂസ് ഞാൻ എക്സസ്‌പീരിയൻസ് ചെയ്തിട്ടുണ്ട്. ഈവ് ടീസിംഗ് ഞാൻ എക്സസ്‌പീരിയൻസ് ചെയ്തിട്ടുണ്ട്. ഓൺലെയിൻ പ്രിഡേറ്റേഴ്സ് എക്സസ്‌പീരിയൻസ് ചെയ്തിട്ടുണ്ട്. സ്റ്റോൽക്കിംഗ് എക്സസ്‌പീരിയൻസ് ചെയ്തിട്ടുണ്ട്. എല്ലാ രീതിയിലും ഞാൻ ഞാനല്ല അല്ലെങ്കിൽ എന്റെ ക്യാരക്റ്റർ എന്നിൽ നിന്നും മാറ്റാൻ ശ്രമിച്ചിട്ടുള്ള എല്ലാത്തിലൂടെയും ഞാൻ ഇതുവരെ കടന്നു പോയിട്ടുണ്ട്. ചെലപ്പോൾ ഇനിയുമെന്റെ ജീവിതം മുഴുവനും ഞാൻ കടന്നു പോയേക്കാം"

നടി ന്യൂസ് 18ന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത് ''കാറിൽ വെച്ച് പ്രമുഖ നടിക്കുണ്ടായതിനു സമാനമായ സംഭവം തനിക്കും ഉണ്ടായിട്ടുണ്ട്. പേരുകൾ തുറന്നു പറഞ്ഞു ആരെയും ശിക്ഷിക്കണം എന്ന് ഉദ്ദേശിക്കുന്നില്ല. പീഡനത്തിനിരയായത് തുറന്നു പറയുന്നത് വ്യക്തിപരമായ സ്വാതന്ത്ര്യമാണ്. അത് ചെയ്തവരാണ് ക്രിമിനൽ. ഞാൻ ഇരയല്ല. സഹപ്രവർത്തകരിൽ നിന്നുതന്നെയാണ് ലൈംഗീക പീഡനം തനിക്ക് നേരിടേണ്ടി വന്നിട്ടുള്ളത്."

പൊലീസ് കേസെടുക്കുകയാണെങ്കില്‍ പോക്‌സോയിലെ വകുപ്പുകളാണ് ചുമത്തപ്പെടുക. എന്നാല്‍ ബാലികാ പീഡനം നേരിട്ടു എന്ന വെളിപ്പെടുത്തലിനെ നിയമപരമായി എടുക്കേണ്ട സംവിധാനങ്ങള്‍ മൗനം പാലിക്കുകയാണ് ഇപ്പോഴും. പൊലീസ് കേസെടുക്കാത്തതിൽ സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്ന് പ്രതിഷേധം ഉയരുന്നുണ്ട്.

Read More >>